2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോർട്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം പ്രേമത്തിലെ വിമൽ സാർ എന്ന കഥാപാത്രമാണ് വിനയ് ഫോർട്ടിനെ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കയ്യടി നേടുകയായിരുന്നു.

ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നിവിൻ പോളി – മമിതാ ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങി, തിയേറ്ററുകളിൽ വൻ കളക്ഷൻ റെക്കോർഡുകൾ കുറിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റ്, നഹാസ് ഹിദായത്ത് വമ്പൻ ബഡ്ജറ്റിൽ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം എന്നീ ചിത്രങ്ങളിലെ വിനയ് ഫോർട്ടിന്റെ കഥാപാത്രങ്ങൾക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് വിനയ് ഫോർട്ട്.

വിനയ് ഫോർട്ട്. Photo. X.com

അഭിനയം പ്രേക്ഷകരുടെ താത്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കാര്യമാണെന്ന് പറയുകയാണ് നടൻ വിനയ് ഫോർട്ട്. ജീവിതത്തിൽ നാല്പതുകൾ പിന്നിട്ടതോടെ തന്റെ മുൻഗണനകളും സൗഹൃദവലയവും ചുരുങ്ങിപ്പോയെന്നും നടൻ കൂട്ടിച്ചേർത്തു.

‘സിനിമയും അഭിനയവുമൊക്കെ കാഴ്ചക്കാരുടെ വളരെ സബ്ജക്ടീവ് ആയിട്ടുള്ള കാര്യങ്ങളാണ്. അതിൽ നമ്മുടെ അഭിനയം കണ്ട് ഇഷ്ടപ്പെടുന്നവരുണ്ടാകും, ഇഷ്ടപ്പെടാത്തവരുമുണ്ടാകും. ഒരു നാല്പത് വയസ്സൊക്കെ കഴിഞ്ഞപ്പോൾ എനിക്ക് മനസിലായ റിയാലിറ്റി എന്താണെന്ന് വെച്ചാൽ, എന്റെ മുൻഗണനകൾ മാറി എന്നാണ്. ഫ്രണ്ട്സ് സർക്കിൾ ഭയങ്കരമായിട്ട് ചുരുങ്ങി, വളരെ അടുപ്പമുള്ള കുറച്ച് ആളുകൾ മാത്രമേ ഇപ്പോൾ ലൈഫിലുള്ളൂ,’ വിനയ് ഫോർട്ട് പറഞ്ഞു.

സാമ്പത്തിക ഭദ്രത നിലനിർത്തിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നതെന്നും, എന്നാൽ പണം ഉണ്ടാക്കുക എന്നതിലുപരി ഒരു ക്രിയേറ്റീവ് മീഡിയം എന്ന നിലയിൽ സിനിമയിലേക്ക് തന്റേതായ സംഭാവനകൾ നൽകുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്നും നടൻ വ്യക്തമാക്കുന്നു.

‘ജീവിതത്തിൽ ഇപ്പോൾ ആകെ ആഗ്രഹിക്കുന്നത് കുടുംബവും അടുത്ത സുഹൃത്തുക്കളും കൂടെയുണ്ടാവുക, അതിനോടൊപ്പം തന്നെ എപ്പോഴും ജോലി ഉണ്ടാവുക എന്നത് തന്നെയാണ്. പിന്നെ ഒരു മനുഷ്യൻ എന്ന നിലയിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നതാണ്.

വിനയ് ഫോർട്ട്. Photo. X.com

പക്ഷേ പണം മാത്രം ഉണ്ടാക്കിയിട്ട് കാര്യമില്ല, മറിച്ച് ക്രിയേറ്റീവ് ആയി സംഭാവന നൽകാൻ സാധിക്കണം. കാരണം സിനിമയിൽ അഭിനയിക്കുക എന്നത് ഒരു ക്രിയേറ്റീവ് ഇൻവെസ്റ്റ്മെന്റാണ്, അത് എപ്പോഴും നടന്നിരിക്കണം. എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെയാണ് അടിസ്ഥാനപരമായ കാര്യങ്ങൾ, ബാക്കിയൊക്കെ ലക്ഷ്വറി ആണ്,’ വിനയ് ഫോർട്ട് പറഞ്ഞു.

Content Highlight: Vinay Fort said that while financial stability matters, he prioritizes creative contribution over making money