2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോര്‍ട്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ വിമല്‍ സാര്‍ എന്ന കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിനെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കൈയടി നേടുകയായിരുന്നു.

താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. മലയാളത്തിലെ സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ക്കും ഭീഷണിയായിക്കൊണ്ട് രാജകീയ തേരോട്ടം നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ബെത്ലഹേം ഓണം റിലീസായിട്ടായിരുന്നു തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ഓണം അവധിയും പിന്നിട്ട് വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 110 കോടിയും ആഗോളതലത്തില്‍ 250 കോടിയും നേടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ കരുത്ത് തെളിയിക്കുന്നത്.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ചിത്രത്തില്‍ മമിത അവതരിപ്പിച്ച ആഷ്ലി എന്ന കഥാപാത്രത്തിന്റെ അമ്മാവനായ അലക്സായിട്ടായിരുന്നു വിനയ് പ്രത്യക്ഷപ്പെട്ടത്. ബാങ്ക് ഉദ്യോഗസ്ഥനായ കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു താരം ചിത്രത്തില്‍ കാഴ്ചവെച്ചത്. കഴിഞ്ഞയാഴ്ച റിലീസായ ദുല്‍ഖര്‍ ചിത്രം ഐ ആം ഗെയ്മിലും വിനയ് പ്രധാനവേഷത്തിലെത്തിയിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ റിലീസായ മോഹിനിയാട്ടത്തിന് പിന്നാലെയാണ് വിനയ് തന്റെ വിജയകുതിപ്പ് തുടരുന്നത്.

ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തില്‍ പിച്ചക്കാരനായി പ്രത്യക്ഷപ്പെട്ട സീനിനെ കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. പതിനഞ്ച് ദിവസത്തോളമാണ് പിച്ചക്കാരനായി വേഷമിട്ട് സെറ്റില്‍ നിന്നതെന്ന് പറയുകയാണ് താരം.

‘ചിത്രത്തിന്റെ ഒരു ഏരിയയയില്‍ ചേട്ടന്‍ പിച്ചക്കാരനായിട്ട് വരുന്നുണ്ടെന്ന് എന്നോട് സംവിധായകന്‍ പറഞ്ഞു. ഏകാംഗ നാടകത്തില്‍ അഭിനയിക്കാന്‍ വേണ്ടി പിച്ചക്കാരനായി വരുകയാണ് ഇയാള്‍. എനിക്കാകെ പതിനഞ്ച് ദിവസത്തെ ഡേറ്റാണ് പറഞ്ഞിട്ടുള്ളത്. ആകെ ഒരു ദിവസമേ പിച്ചക്കാരനായിട്ട് ഉണ്ടാകുകയുള്ളൂ എന്നാണ് ഞാന്‍ വിചാരിച്ചത്. വേറെ ഒരു ലുക്കില്‍ വരാന്‍ സാധിക്കുന്നത് കൊണ്ട് അടിപൊളി നല്ല കാര്യം എന്നെല്ലാം ഞാന്‍ പറഞ്ഞു.

പിച്ചക്കാരനാകാന്‍ വേണ്ടി ഞാന്‍ ഇവിടെ നിന്ന് ചാലക്കുടി വരെ ഒരു മണിക്കൂര്‍ യാത്ര ചെയ്ത് അതിന് ശേഷം ഒരു മണിക്കൂര്‍ മേക്കപ്പിനും ചെലവഴിക്കും. ഞാന്‍ പിച്ചക്കാരനായിട്ടുള്ള ആ ഭാഗം ഇവര്‍ ഷൂട്ട് ചെയ്യാന്‍ എടുത്തത് പതിനഞ്ച് ദിവസമാണ്. പതിനഞ്ച് ദിവസവും ഞാന്‍ ദേഹം മൊത്തം കറുപ്പിച്ച് പിച്ചക്കാരനായി നില്‍ക്കേണ്ടി വന്നു.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com

അതിന്റെ കാരണം ആ സീനില്‍ ഒരേ സമയം 18 അഭിനേതാക്കളുണ്ട്. ചില ദിവസങ്ങളില്‍ ഷൂട്ടുണ്ടാകും ചില ദിവസം ഷൂട്ടുണ്ടാകില്ല, ചില ദിവസം നമ്മള്‍ പിറകിലായിരിക്കും. പക്ഷേ പതിനഞ്ച് ദിവസവും നമ്മള്‍ അവിടെ പ്രെസന്റായിരിക്കണം,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Vinay Forrt talks about the beggar scene in Bethlehem Kudumba Unit Movie