മോളിവുഡ് ബോക്‌സ് ഓഫീസിനെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമാണ് 2026. ഒട്ടനവധി 200 കോടി ചിത്രങ്ങളും നൂറ് കോടി ചിത്രങ്ങളും വിജയ ചിത്രങ്ങളും അടക്കം വമ്പന്‍ ബിസിനസാണ് മോളിവുഡില്‍ ഈ വര്‍ഷം ഇതിനോടകം സാധ്യമായിരിക്കുന്നത്. നിലവില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റും ഐ ആം ഗെയ്മുമാണ് ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്ന മലയാള ചിത്രങ്ങള്‍. നിവിന്‍ പോളി നായകനായ ഗിരീഷ് എ.ഡി ചിത്രം മലയാള സിനിമയിലെ സകല ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ക്കും ഭീഷണിയായിക്കൊണ്ടാണ് തിയേറ്ററുകളില്‍ കുതിപ്പ് തുടരുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ് . Photo: X.com

ഓണത്തിന് റിലീസായ ബെത്‌ലഹേമിനെ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ മൂന്നാം ആഴ്ച്ചയിലും ഹൗസ് ഫുള്‍ ഷോകളുമായി കളം നിറയുകയാണ്. ചിത്രത്തിന് വലിയ വെല്ലുവിളിയായിട്ടായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐ ആം ഗെയിം സെപ്റ്റംബര്‍ മൂന്നിന് തിയേറ്ററുകളിലേക്കെത്തിയത്. അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഐ ആം ഗെയ്മിന് ബോക്‌സ് ഓഫീസില്‍ പിടിമുറക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ നായകവേഷത്തിലെത്തുന്ന ചിത്രമായിട്ട് കൂടി പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന് സാധിച്ചിട്ടില്ല. കേരളത്തിന് പുറത്ത് ചിത്രത്തിന് വലിയ ഹോള്‍ഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഐ ആം ഗെയ്മിന് സാധിച്ചിട്ടില്ലെന്ന് കാണാം.

റിലീസ് ചെയ്തതിന് ശേഷം ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ മൂന്ന് ഭാഷകളിലെ ചിത്രത്തിന്റെ കളക്ഷനാണ് ഇപ്പോള്‍ സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചാവിഷയം. മലയാളത്തിന് പുറമെ ദുല്‍ഖറിന്റെ ഹോം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെലുങ്കില്‍ നിന്നും ഐ ആം ഗെയിമിന് ഇതുവരെ ലഭിച്ചത് 3.33 കോടിയാണ്. തമിഴില്‍ നിന്നും ചിത്രത്തിന് 2.71 കോടിയും ഹിന്ദി പതിപ്പിന് 21 ലക്ഷവുമാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ മൂന്ന് മൊഴിമാറ്റ പതിപ്പിലൂടെയും ഐ ആം ഗെയ്മിന് ലഭിച്ചിരിക്കുന്നത് 6.26 കോടിയാണ്.

ഐ ആം ഗെയിം. Photo: X.com

അതേസമയം സെപ്റ്റംബര്‍ നാലിനായിരുന്നു തെലുങ്കിലേക്കും തമിഴിലേക്കും ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ മൊഴിമാറ്റ വേര്‍ഷന്‍ റിലീസ് ചെയ്തത്. ഈ രണ്ട് ഭാഷകളില്‍ നിന്നും മാത്രമായി ചിത്രം നാലര കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. ടോളിവുഡില്‍ നിന്നും ചിത്രത്തിന് 2.11 കോടി നേടിയപ്പോള്‍ തമിഴില്‍ നിന്നും 2.38 കോടിയാണ് ബെത്‌ലഹേം നേടിയത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് 4.49 കോടി ചിത്രം സ്വന്തമാക്കി.

Content Highlight: Box office collection report of Dubbed versions of Bethlehem Kudumba Unit and I’m Game movie