ചുരുളിയിൽ അഭിനയിച്ചതിൽ ഞാൻ അഭിമാനിക്കുന്നു, അതൊരു ക്ലാസിക് സിനിമയാണ്: വിനയ് ഫോർട്ട്
Malayalam Cinema
ചുരുളിയിൽ അഭിനയിച്ചതിൽ ഞാൻ അഭിമാനിക്കുന്നു, അതൊരു ക്ലാസിക് സിനിമയാണ്: വിനയ് ഫോർട്ട്
കെ.എസ് ഷാബിന
Sunday, 9th August 2026, 6:15 pm

മലയാളസിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് വിനയ് ഫോർട്ട്. ‘ഋതു, പ്രേമം, തമാശ, മാലിക്, ആട്ടം’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ച താരം, ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഭരതനാട്യം 2: മോഹിനിയാട്ടം എന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലെത്തി അദ്ദേഹം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമയിലും വിനയ് ഫോർട്ട് പ്രധാനവേശത്തിൽ എത്തിയിരുന്നു. ഇപ്പോൾ ചുരുളി സിനിമയിൽ അഭിനയിച്ചതിൽ താൻ അഭിമാനിക്കുന്നു എന്നും ചുരുളി ഒരു ക്ലാസിക് സിനിമയാണെന്നും തുറന്നു പറയുകയാണ് വിനയ് ഫോർട്ട്. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനയ് ഫോർട്ട്. Photo: Mathrubhumi

ചില സിനിമകൾ ചെയ്യുന്നതിൽ നമുക്ക് അഭിമാനം ഉണ്ടാകും. ‘ചുരുളി’ അങ്ങനെയൊരു സിനിമയാണ്. ഞാൻ ഭയങ്കര പ്രൗഡാണ്. ഒന്ന്, ഞാൻ ഒരു ഗ്രേറ്റ് ഫിലിം മേക്കറുടെ സിനിമയിൽ അഭിനയിച്ചു. അതിനുമപ്പുറം, ഞാൻ ചെയ്ത സിനിമകളിൽ നിന്ന് എന്നോട് വന്ന് എന്റെ ഒരു സിനിമ കാണിക്കാൻ പറഞ്ഞാൽ ഒരു വിദേശി വന്ന് അങ്ങനെ ചോദിച്ചാൽ ഞാൻ ആദ്യം കാണിക്കുന്ന സിനിമ ചുരുളിയാണ്. കാരണം എന്നെ സംബന്ധിച്ചിടത്തോളം ചുരുളി ഒരു ക്ലാസിക് സിനിമയാണ്,’ വിനയ് ഫോർട്ട് പറയുന്നു.

2026 ഫിഫ വേൾഡ് കപ്പ് സമയത്ത് വിനയ് ഫോർട്ട് ‘ചുരുളി’യിൽ അവതരിപ്പിച്ച കഥാപാത്രത്തെ വെച്ചുള്ള ട്രോളുകൾ വലിയ രീതിയിൽ വൈറലാവുകയും, അത് വിനയ് തന്നെ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ആ ട്രോളുകളെക്കുറിച്ച് പ്രതികരിക്കുകയാണ് വിനയ്.

വിനയ് ഫോർട്ട്. Photo: OTTPlay

‘ഞാൻ വലിയൊരു ഫുട്ബോൾ ഫാനല്ല. ബ്രസീൽ, അർജന്റീന, ഫ്രാൻസ്, പോർച്ചുഗൽ അങ്ങനെ കുറച്ചു ടീമുകളെ മാത്രം അറിയുന്ന ഒരു ഫുട്ബോൾ ഫാനാണ് ഞാൻ. ഞാൻ തമാശകൾ നന്നായി എൻജോയ് ചെയ്യും. എനിക്ക് തമാശ പറയാനും ഇഷ്ടമാണ്, എൻജോയ് ചെയ്യാനും ഇഷ്ടമാണ്. അപ്പോൾ ഓൺലൈനിൽ ‘ചുരുളി’യിലെ എന്റെ കഥാപാത്രത്തെ വെച്ച് ഓരോ ട്രോളുകൾ കാണുമ്പോൾ എനിക്ക് ചിരി വരും.

ഒരു ടൈമിൽ ഞാൻ പ്രസ് മീറ്റ് അറ്റൻഡ് ചെയ്ത സമയത്ത് എന്റെ രൂപം വെച്ച് ഭയങ്കര ട്രോളായിരുന്നു. ഞാൻ അത് ആഘോഷിച്ചത് പോലെ വേറെ ആരും അത് ആഘോഷിച്ചിട്ടുണ്ടാകില്ല. അതുപോലെ ഒരു പരിപാടിയാണ് ഈ ഫുട്ബോളിന്റെ ട്രോളും. അതൊക്കെ കാണുമ്പോൾ എനിക്ക് ചിരി വരും, ഞാൻ അത് ഷെയർ ചെയ്യും, അത്രയേ ഉള്ളൂ,’ വിനയ് ഫോർട്ട് പറയുന്നു.

Content Highlight: Vinay Forrt says he is proud to have acted in Churuli, calling it a classic

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.