ആരാധകർക്കൊപ്പമുള്ള വിജയ്‌യുടെ സെൽഫി ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ദളപതി ഡബിൾ റോളിൽ എത്തുന്ന ‘ദി ഗ്രേറ്റെസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് ചിത്രം പകർത്തിയത്. ലൊക്കേഷന് പുറത്തുള്ള എല്ലാ ആരാധകരെയും ഉൾപെടുത്തികൊണ്ട് ടെറസിന് മുകളിൽ നിന്നാണ് വിജയ് സെൽഫി എടുത്തത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ എത്തുന്ന ‘ദി ഗ്രേറ്റെസ്റ്റ് ഓഫ് ഓൾ ടൈം’. ഇരുവരും ഒന്നിക്കുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷനോ ടൈം ട്രാവലർ ആണോ എന്ന സംശയത്തെ ഊട്ടിയുറപ്പിക്കുന്ന പോസ്റ്ററുകളാണ് ഇതിനകം പുറത്തുവന്നത്.

ഒരു പോസ്റ്ററിൽ രണ്ട് വിജയ് ആർമി യൂണിഫോമിൽ നടക്കുന്ന ചിത്രമാണെങ്കിൽ പുതിയ പോസ്റ്ററിൽ വിജയ് ബൈക്കിൽ വെടിയുതിർത്ത് പോകുന്ന ചിത്രമാണുള്ളത്. ചിത്രത്തില്‍ വിജയ്‌യുടെ സഹോദരനായി വേഷമിടുക ജയ് ആയിരിക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രം നിര്‍മിക്കുന്നത് എ.ജി.എസ് എന്റര്‍ടെയ്ന്‍മെന്റാണ്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ ലിയോ ആണ് വിജയ്‌യുടെ പുറത്തിറങ്ങിയ പുതിയ ചിത്രം. ചിത്രം വൻ വിജയമാണ് കൈവരിച്ചത്. വിജയിയും തൃഷയും14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്തത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്നര്‍.

Content Highlight: Vijay take a selfi with his fans