പ്രൊഡ്യൂസ് ചെയ്ത ഒരൊറ്റ സിനിമ പോലും ഹിറ്റായിട്ടില്ല, അതിലെനിക്ക് കുറ്റബോധവുമില്ല: വിജയ് സേതുപതി
Indian Cinema
പ്രൊഡ്യൂസ് ചെയ്ത ഒരൊറ്റ സിനിമ പോലും ഹിറ്റായിട്ടില്ല, അതിലെനിക്ക് കുറ്റബോധവുമില്ല: വിജയ് സേതുപതി
അമര്‍നാഥ് എം.
Sunday, 15th March 2026, 3:30 pm

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാലോകത്തേക്ക് കടന്നുവന്ന് ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് വിജയ് സേതുപതി. പുതുപ്പേട്ടൈ, നാന്‍ മഹാന്‍ അല്ല തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ച വിജയ് സേതുപതിയുടെ സമയം തെളിഞ്ഞത് കാര്‍ത്തിക് സുബ്ബരാജിനെ പരിചയപ്പെട്ടപ്പോഴാണ്. കാര്‍ത്തിക് സുബ്ബരാജ് അണിയിച്ചൊരുക്കിയ പിസ്സയില്‍ നായകനായത് വിജയ് സേതുപതിയായിരുന്നു.

പിന്നീടങ്ങോട്ട് താരം തന്റേതായ സ്‌പേസ് തമിഴ് സിനിമയില്‍ സൃഷ്ടിച്ചു. മക്കള്‍ സെല്‍വനെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും താരം തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മാതാവെന്ന നിലയില്‍ തനിക്ക് അത്ര നല്ല അനുഭവമല്ലെന്ന് പറയുകയാണ് വിജയ് സേതുപതി.

വിജയ് സേതുപതി Photo: Screen grab/ Galatta Plus

താന്‍ നിര്‍മിച്ച എല്ലാ സിനിമകളും നഷ്ടത്തിലാണ് അവസാനിച്ചതെന്ന് വിജയ് സേതുപതി പറയുന്നു. ആദ്യമായി നിര്‍മിച്ചത് സങ്കുത്തേവന്‍ എന്ന ചിത്രമായിരുന്നെന്നും എന്നാല്‍ ആ പ്രൊജക്ട് പൂര്‍ത്തിയാക്കാനായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒന്നേ മുക്കാല്‍ കോടിയാണ് ആ പ്രൊജക്ടിനായി തനിക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. മാതീവനോട് സംസാരിക്കുകയായിരുന്നു താരം.

‘പിന്നീട് ഒരുപാട് പടം ഞാന്‍ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. ഓറഞ്ച് മിട്ടായ്, മേര്‍ക്കു തൊടര്‍ച്ചി മാലൈ, ജുങ്കാ, ലാഭം അങ്ങനെ പല പടങ്ങള്‍ നിര്‍മിച്ചു. എല്ലാം അവസാനം നഷ്ടമായിരുന്നു സമ്മാനിച്ചത്. മുടക്കിയ പൈസ പോലും തിരിച്ചുകിട്ടാത്ത സിനിമകളായിരുന്നു ഇതെല്ലാം. ഈ സനിമകളെല്ലാം നഷ്ടമായപ്പോള്‍ സാമ്പത്തികപരമായി ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നു.

അപ്പോള്‍ പോലും എനിക്ക് ഒട്ടും കുറ്റബോധം തോന്നിയിട്ടില്ല. അതെല്ലാം ശരിയായിരുന്നു എന്ന് തന്നെയാണ് വിശ്വസിച്ചത്. ഇപ്പോള്‍ റിലീസ് ചെയ്യാന്‍ പോകുന്ന കാട്ടാന്‍ എന്ന സീരീസും നിര്‍മിച്ചിരിക്കുന്നത് ഞാനാണ്. നേരിട്ട് ഒ.ടി.ടിയിലെത്തുന്നതുകൊണ്ട് ജിയോ ഹോട്‌സ്റ്റാറാണ് ആ സീരീസിന് വേണ്ടി ഫണ്ട് ചെയ്തത്,’ വിജയ് സേതുപതി പറയുന്നു.

നടന്‍ മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് മുത്തു എങ്കിറ കാട്ടാന്‍. മുത്തു എന്നയാളുടെ തല മാത്രം പൊലീസിന് ലഭിക്കുന്നതും പിന്നീട് അയാളെക്കുറിച്ച് അന്വേഷിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. വിജയ് സേതുപതിക്ക് പുറമെ മിലിന്ദ് സോമന്‍, സിങ്കം പുലി, ഇര്‍ഷാദ് തുടങ്ങി വന്‍ താരനിര കാട്ടാനില്‍ അണിനിരക്കുന്നുണ്ട്. മാര്‍ച്ച് 27ന് കാട്ടാന്‍ റിലീസ് ചെയ്യും.

Content Highlight: Vijay Sethupathi saying all the films he produced became loss

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം