സിനിമാപ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിക്കുന്ന വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് റിലീസ് ചെയ്തു.

പാഷന്‍ സ്റ്റുഡിയോസും ദി റൂട്ടും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് മഹാരാജ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിഥിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ക്രൈം, ത്രില്ലര്‍ ആക്ഷന്‍ ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരവും ദി റൂട്ടിന്റെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

കന്നഡയിലെ ഹിറ്റ് ചിത്രമായ കാന്താരയുടെ സംഗീത സംവിധായകന്‍ ബി.അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിഥിലന്റെ മുന്‍ ചിത്രമായ ‘കുരങ്ങു ബൊമ്മൈ’ എന്ന സിനിമക്കും സംഗീതം നല്‍കിയത് അജനീഷ് ആയിരുന്നു.

മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ലവ് ടുഡേ, വിലങ്ങ് വെബ് സീരീസ് തുടങ്ങിയ വര്‍ക്കുകളിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം. അയ്യര്‍ക്കൈ, പേരന്മൈ, മദ്രാസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ ആര്‍ട്ടില്‍ പ്രവര്‍ത്തിച്ച ശെല്‍വകുറാണ് പ്രൊജക്റ്റ് ഡിസൈനര്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍. അതേസമയം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ വിജയ് സേതുപതി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight: Vijay Sethupathi’s 50th movie announced