വിജയ് രണ്ടിടത്ത് മത്സരിക്കുന്നത് ആത്മവിശ്വാസം കാരണം, വിമര്‍ശിക്കാന്‍ ഞാനാളല്ല: കനിമൊഴി
India
വിജയ് രണ്ടിടത്ത് മത്സരിക്കുന്നത് ആത്മവിശ്വാസം കാരണം, വിമര്‍ശിക്കാന്‍ ഞാനാളല്ല: കനിമൊഴി
അനിത സി
Thursday, 2nd April 2026, 1:02 pm

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) വീണ്ടും ഭരണത്തലേറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.പി കനിമൊഴി.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ദ്രാവിഡ മോഡല്‍ 2.0 സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തമിഴ് ജനത ഡി.എം.കെയെ പിന്തുണക്കുന്നുണ്ടെന്നും കനിമൊഴി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഡി.എം.കെയുടെ വിജയം ഉറപ്പാണെന്ന് ശക്തമായി താന്‍ വിശ്വസിക്കുന്നെന്നും അവര്‍ എ.എന്‍.ഐയോട് പ്രതികരിച്ചു.

ടി.വി.കെ അധ്യക്ഷനും സിനിമാനടനുമായ വിജയ് രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നതിനെ കുറിച്ചും കനിമൊഴി പ്രതികരിച്ചു. വിജയ് രണ്ടിടത്ത് മത്സരിക്കുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെയും പാര്‍ട്ടിയുടെ ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു. അതിനെ വിമര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കനിമൊഴി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെയും സഖ്യകക്ഷികളുടെയും സ്ഥാനാര്‍ത്ഥി പട്ടിക വൈകിയതിനെ കുറിച്ചും കനിമൊഴി വിശദീകരണം നല്‍കി.

സോണിയ ഗാന്ധിയുടെ ആരോഗ്യനില മോശമായതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമെടുക്കുന്നത് വൈകി.

എങ്കിലും സ്ഥാനാര്‍ത്ഥി പട്ടിക വൈകാതെ പുറത്തുവിടുമെന്ന് കനിമൊഴി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നിരവധി വികസന പദ്ധതികളാണ് ഡി.എം.കെ സര്‍ക്കാര്‍ നടപ്പാക്കിയത്. സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കി.

വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമൂഹിക ക്ഷേമ പദ്ധതികള്‍, എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്നും ഡി.എം.കെ എം.പി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23നാണ് 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത്. മേയ് നാലിന് മറ്റ് സംസ്ഥാനങ്ങളുടെ ഒപ്പം വോട്ടെണ്ണല്‍ നടക്കും.

Content Highlight: Vijay is contesting in two constituencies out of confidence, I am not the one to criticize: Kanimozhi

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.