തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് മിഥുന്‍ മാനുവല്‍ തോമസ് അണിയിച്ചൊരുക്കിയ ആട് 3. ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായെത്തിയ ചിത്രം റിലീസ് ചെയ്ത് 5ദിവസം പിന്നിടുമ്പോള്‍ 82 കോടി കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞു.
ആദ്യ ഭാഗം പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം സൂപ്പര്‍ ഹിറ്റ് എന്ന അപൂര്‍വ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ആട്. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗവും. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പാപ്പന്റെ കൂട്ടരുടെയും വരവ് ആഘോഷിക്കുകയാണ് സിനിമാപ്രേമികള്‍.
2015ലാണ് ആട് ഒരു ഭീകരജീവയാണ് എന്ന പേരില്‍ സിനിമയുടെ ആദ്യ ഭാഗം ഇറങ്ങുന്നത്, പിന്നീട് 2017 ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. ഇപ്പോഴിതാ നാന മാഗസിനുമായുള്ള അഭിമുഖത്തില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ വിജയ് ബാബു.
ഇത് യൂത്തിന് വേണ്ടിയുള്ള ഒരു സിനിമയാണോ എന്ന ചോദ്യത്തിന് അങ്ങനെയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘ഇതിപ്പോള്‍ ഏത് പ്രായക്കാര്‍ക്കും കാണാം. 2015ല്‍ ആട് വണ്‍ ഇറങ്ങുമ്പോള്‍ അന്ന് സിനിമ കണ്ട പ്രേക്ഷകന് ഇന്ന് പത്ത് വയസ് കൂടി കൂടിയിട്ടുണ്ട്. 15 വയസുണ്ടായിരുന്ന ചെറുപ്പക്കാരന് ഇന്ന് 25 വയസുണ്ട്. 30 വയസുണ്ടായിരുന്ന ആളും ‘ആടി’ന്റെ ഫാനായിരുന്നു. ആ ആളിന് ഇന്ന് 40 വയസുണ്ട്. അതുകൊണ്ട് ഈ പ്രായക്കാരെല്ലാം ‘ആട്’ സിനിമ ഫോളോ ചെയ്യുന്നുണ്ട്.
അന്ന് അഞ്ചുവയസുണ്ടായിരുന്ന കുട്ടിക്ക് ഇന്ന് പതിനഞ്ച് വയസുണ്ടായിരിക്കുമല്ലോ. അന്നത്തെ അഞ്ചുവയസുകാരന്‍ ഒരു പക്ഷേ, ആട് കണ്ടിട്ടുണ്ടാവില്ല. എല്ലാ ഏജ് ഗ്രൂപ്പിനും ഇഷ്ടപ്പെടുന്ന ഹ്യൂമറാ യിരിക്കണം ഈ സിനിമയില്‍ വേണ്ടതെന്ന കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത് ഞങ്ങളുടെ ഒരു ചലഞ്ച് തന്നെയായിരുന്നു ഇതുവരെ മലയാളത്തില്‍ ട്രൈ ചെയ്യാത്ത് എപ്പിക് ഫാന്റസി ഴോണറുമായാണ് ഞങ്ങള്‍ എത്തിയത്,’ വിജയ് ബാബു പറയുന്നു.
മൂന്ന് ടൈം ലൈനന്‍ വരുന്നു എന്നതാണ് ആട് 3യുടെ ഏറ്റവും വലിയ ഒരു പ്രത്യേകതയെന്നും ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം രണ്ട് കാലഘട്ടത്തില്‍ ജീവിച്ചവരാണെന്ന് കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആടിന്റെ ഒരു ഫ്‌ളേവര്‍ എന്നത് കോമഡിയാണെന്നും കോമഡി നിലനിര്‍ത്തി കൊണ്ടുതന്നെ ഒരു കഥയിലേയ്ക്ക് ലാന്‍ഡ് ചെയ്തപ്പോള്‍ കോമഡി ത്രൂ ഔട്ട് നിലനില്‍ക്കുമെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.
ആദ്യഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും മൂന്നാം ഭാഗത്തില്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിക്കുന്ന ഡ്യൂഡ് എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ ഇടയില്‍ നിന്ന് വലിയ കയ്യടികള്‍ ഉയരുകയാണ്.
Content Highlight: Vijay Babu says Aadu 3 can be watched by all ages