എപ്പോഴും കിട്ടിയാല്‍ സന്തോഷമുണ്ടാകില്ല, എനിക്കും ധ്യാനിനും ഹിറ്റ് കിട്ടുന്ന പോലെ; പരസ്പരം ട്രോളി വൈറലായി പ്രതിഛായയുടെ അഭിമുഖം
Malayalam Cinema
എപ്പോഴും കിട്ടിയാല്‍ സന്തോഷമുണ്ടാകില്ല, എനിക്കും ധ്യാനിനും ഹിറ്റ് കിട്ടുന്ന പോലെ; പരസ്പരം ട്രോളി വൈറലായി പ്രതിഛായയുടെ അഭിമുഖം
അശ്വിന്‍ രാജേന്ദ്രന്‍
Monday, 23rd March 2026, 10:53 pm

മലയാളികള്‍ക്ക് സിനിമക്കകത്തും പുറത്തും ഏറെ ഇഷ്ടമുള്ള അഭിനേതാക്കളാണ് അജു വര്‍ഗീസും ധ്യാന്‍ശ്രീനിവാസനും. സിനിമാ ജീവിതത്തിന് പുറത്തും തങ്ങളുടെ നര്‍മം നിറഞ്ഞ പെരുമാറ്റത്തിലൂടെ അഭിമുഖങ്ങളിലും മറ്റും പ്രേക്ഷകരെ കൈയിലെടുക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. മാര്‍ച്ച് 26 ന് പുറത്തിറങ്ങാനിരിക്കുന്ന പ്രതിഛായ എന്ന ചിത്രത്തിലെ അഭിനേതാക്കളായ നിവിന്‍ പോളിയെയും ഷറഫുദ്ദീനെയും ഇരുവരും ചേര്‍ന്ന് നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

അഭിമുഖം. Photo: Screen grab/ sree gokulam movies/ youtube.com

ശ്രീ ഗോകുലം മൂവീസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന അഭിമുഖത്തിലാണ് നാലുപേരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ അഭിമുഖത്തില്‍ പരസ്പരം തമാശകളിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന അജുവിന്റയും ധ്യാനിന്റെയും വീഡിയോസാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. പരസ്പരം തഗടിച്ചും ട്രോളിയും ഇന്റര്‍വ്യൂ സ്റ്റാറെന്ന് അറിയപ്പെടുന്ന ധ്യാനും അജുവും ചിരി പടര്‍ത്തുന്നുണ്ട്.

കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ അഭിമുഖത്തില്‍ എന്ത് മാറ്റമാണ് കേരളത്തില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതെന്ന് ധ്യാന്‍ ഷറഫുദ്ദീനോട് ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി ഒരു സംസ്ഥാനത്ത് ആളുകള്‍ എല്ലാം സന്തോഷത്തിലായിരിക്കണമെന്നും ഹാപ്പിനെസ് ഇന്‍ഡക്‌സില്‍ മുന്നേറ്റം നടത്തണമെന്നുമാണ് താരം മറുപടി നല്‍കിയത്. ചില രാജ്യങ്ങളിലെല്ലാം അക്കൗണ്ടിലേക്ക് പണം നല്‍കുന്നത് പോലെയും എജുക്കേഷന്‍ സൗജന്യമായി നല്‍കുന്നത് പോലെയും നമ്മളും മാറണമെന്നാണ് ആഗ്രഹമെന്ന് ഷറഫുദ്ദീന്‍ പറയുന്നു.

എന്നാല്‍ എല്ലാം സൗജന്യമായി നല്‍കിയിട്ടും ഭരണാധികാരിയെ കൊന്നുകളഞ്ഞ നാടുണ്ടെന്നും പണിയെടുക്കുന്നതിന് തത്തുല്ല്യമായിട്ടേ ആളുകള്‍ക്ക് പ്രതിഫലം കൊടുക്കാന്‍ പാടുള്ളുവെന്നും അല്ലെങ്കില്‍ കിട്ടുന്നതിന് വിലയുണ്ടാകില്ലെന്നുമാണ് അജു മറുപടി പറഞ്ഞത്. ഇതിന് ഉദാഹരണമായി താരം പറഞ്ഞ കാര്യമാണ് എല്ലാവരിലും ചിരി പടര്‍ത്തിയത്. ധ്യാനിനോട് നമുക്കൊരു ഹിറ്റ് കിട്ടുമ്പോള്‍ സന്തോഷമുണ്ടാകുന്നില്ലേ, അത് നമുക്ക് ഹിറ്റ് കിട്ടാത്തത് കൊണ്ടാണെന്നായിരുന്നു താരം പറഞ്ഞത്.

പ്രതിഛായ. Photo: The Top India

ഓരോ മാസവും പുതിയ ചിത്രവുമായി വന്ന് തിയേറ്ററില്‍ വന്‍ പരാജയമേറ്റ് വാങ്ങുന്ന ധ്യാനിനെ ട്രോളുന്നതായിരുന്നു അജുവിന്റെ വാക്കുകള്‍. സന്ദര്‍ഭത്തിനൊത്ത് കൗണ്ടറടിക്കുന്ന അജുവിന്റെ കഴിവിനും കൈയടി ലഭിക്കുന്നുണ്ട്. നാലുപേരും ഒന്നിച്ചെത്തിയ വീഡിയോ ഇതിനോടകം രണ്ടുലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ കണ്ടിരിക്കുന്നത്.

Content Highlight: Video Interview featuring Aju Varghese, Dhyan Sreenivasan, Nivin Pauly, Sharaf U dheen goes Viral on social media

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.