മഡുറോയുടെ വിശ്വസ്തന്‍ അലക്‌സ് സാബിനെ അമേരിക്കയിലേക്ക് നാടുകടത്തി; വെനസ്വേലയില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം
World News
മഡുറോയുടെ വിശ്വസ്തന്‍ അലക്‌സ് സാബിനെ അമേരിക്കയിലേക്ക് നാടുകടത്തി; വെനസ്വേലയില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം
ആദര്‍ശ് എം.കെ.
Sunday, 17th May 2026, 12:50 pm

 

കാരക്കസ്: വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അടുത്ത അനുയായിയും കൊളംബിയന്‍-വെനസ്വേലന്‍ വ്യവസായിയുമായ അലക്‌സ് സാബിനെ വെനസ്വേല അമേരിക്കയിലേക്ക് നാടുകടത്തി.

ശനിയാഴ്ചയാണ് വെനസ്വേലന്‍ കുടിയേറ്റ ഏജന്‍സിയായ SAIME ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വെനസ്വേലയിലെ പുതിയ ഭരണകൂടവും അമേരിക്കയും തമ്മിലുള്ള സഹകരണം വര്‍ധിക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

2026 ജനുവരിയില്‍ നിക്കോളാസ് മഡുറോയെ യു.എസ് പ്രത്യേക സേന പിടികൂടിയതിന് പിന്നാലെ ഫെബ്രുവരിയില്‍ കാരക്കാസില്‍ വെച്ച് നടന്ന സംയുക്ത ഓപ്പറേഷനിലൂടെയാണ് അലക്‌സ് സാബ് അറസ്റ്റിലായത്.

വെനസ്വേലന്‍ നിയമപ്രകാരം സ്വന്തം പൗരന്മാരെ നാടുകടത്താന്‍ കഴിയില്ലെങ്കിലും, സാബിനെ ഒരു ‘കൊളംബിയന്‍ പൗരന്‍’ ആയിട്ടാണ് അധികൃതര്‍ രേഖകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്

മഡുറോയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്ന വിശ്വസ്തനായ ‘ബാഗ് മാന്‍’ ആയാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സാബിനെ കാണുന്നത്.

വെനസ്വേലയിലെ സി.എല്‍.എ.പി ഭക്ഷ്യ വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും ഭവന നിര്‍മാണ കരാറുകളിലെ കോഴ ഇടപാടുകളും ഇദ്ദേഹം നേരിടുന്നുണ്ട്.

ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അധികാരം ഏറ്റെടുത്തതോടെ സാബിന് രാജ്യത്തെ സ്വാധീനം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാബിനെ കാബിനറ്റ് പദവികളില്‍ നിന്നും വിദേശ നിക്ഷേപ ചുമതലകളില്‍ നിന്നും റോഡ്രിഗസ് നേരത്തെ നീക്കം ചെയ്തിരുന്നു.

മഡുറോക്കെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ സാബിന്റെ മൊഴി നിര്‍ണായകമാകുമെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. നേരത്തെ യു.എസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയുമായി (ഡി.ഇ.എ) സാബ് രഹസ്യമായി സഹകരിച്ചിരുന്നതായി കോടതി രേഖകള്‍ വെളിപ്പെടുത്തുന്നു.

സാബിന്റെ നാടുകടത്തല്‍ മഡുറോയ്‌ക്കെതിരായ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍.

2020ല്‍ കേപ് വെര്‍ദെയില്‍ വെച്ച് അറസ്റ്റിലായ സാബിനെ 2023ല്‍ തടവുകാരെ കൈമാറുന്ന കരാറിന്റെ ഭാഗമായി ജോ ബൈഡന്‍ ഭരണകൂടം മാപ്പ് നല്‍കി വിട്ടയച്ചിരുന്നു. എന്നാല്‍ പുതിയ അഴിമതി കേസുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വീണ്ടും നാടുകടത്തിയിരിക്കുന്നത്.

നിലവില്‍ നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്‌ളോറസും നാര്‍ക്കോ ടെററിസം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ന്യൂയോര്‍ക്കില്‍ വിചാരണ നേരിടുകയാണ്.

 

Content highlight: Venezuela has deported Alex Sabin, a close aide to former Venezuelan President Nicolas Maduro, to the United States.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.