അമേരിക്കയില്‍ വലിയ സിനിമ ഷൂട്ട് ചെയ്യാന്‍ നൂറ് ദിവസം, എങ്ങനെയാണ് ഒന്നരവര്‍ഷത്തെ കമ്മിറ്റ്‌മെന്റ് ഏറ്റെടുക്കുന്നത്; ചോദ്യത്തിന് മറുപടി പറഞ്ഞ് വാരണാസി ടീം
Indian Cinema
അമേരിക്കയില്‍ വലിയ സിനിമ ഷൂട്ട് ചെയ്യാന്‍ നൂറ് ദിവസം, എങ്ങനെയാണ് ഒന്നരവര്‍ഷത്തെ കമ്മിറ്റ്‌മെന്റ് ഏറ്റെടുക്കുന്നത്; ചോദ്യത്തിന് മറുപടി പറഞ്ഞ് വാരണാസി ടീം
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 4th February 2026, 8:32 am

ലോകത്തിന് മുമ്പില്‍ ഇന്ത്യന്‍ സിനിമയുടെ ബ്രാന്‍ഡായി മാറിയ സംവിധായകനാണ് എസ്.എസ്. രാജമൗലി. പ്രഭാസ് നായകനായെത്തിയ ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും രാംചരണും ജൂനിയര്‍ എന്‍.ടി. ആറും പ്രധാനവേഷത്തിലെത്തിയ ആര്‍.ആര്‍.ആറും രാജമൗലി എന്ന സംവിധായകന്റെ കപ്പാസിറ്റി ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയിരുന്നു. വലിയ ഹൈപ്പോടെയാണ് രാജമൗലിയുടെ പുതിയ ചിത്രം വാരാണാസിക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പ്രിയങ്കാ ചോപ്രയും വില്ലനായി പൃഥ്വിരാജും പ്രധാനവേഷങ്ങളിലെത്തുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ നടന്ന ഗ്രാന്‍ഡ് ഇവന്റില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ശേഷം കാര്യമായി അപ്‌ഡേറ്റുകളൊന്നും ഇല്ലാതിരുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

വാരണാസി സിനിമയുടെ അഭിമുഖത്തില്‍ നിന്നും. Photo: screen grab/ Collider interviews/ Youtube.com

കൊളൈഡര്‍ ഇന്റര്‍വ്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് ബാബു, പ്രിയങ്കാ ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരിക്കുന്നത്. വിദേശിയായ അവതാരകന്‍ വാരണാസിയുടെ ഷൂട്ടിങ്ങിന് ഒന്നര വര്‍ഷത്തോളം സമയമെടുക്കുന്നതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യത്തിന് ഇവര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

അമേരിക്കയില്‍ ചെറിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങിന് 20-25 ദിവസവും വലിയ ചിത്രങ്ങളണെങ്കില്‍ നൂറ് ദിവസവുമാണ് എടുക്കാറുള്ളത്. എന്നാല്‍ ഒന്നരവര്‍ഷത്തോളം എങ്ങനെയാണ് ഒരു ചിത്രത്തിന് വേണ്ടി കമ്മിറ്റ്‌മെന്റോട് കൂടി നില്‍ക്കാന്‍ പറ്റുന്നത് എന്നായിരുന്നു അവതാരകന്റെ ചോദ്യം.

വാരണാസി പോലുള്ള ചിത്രത്തിന് വേണ്ടി നമ്മള്‍ കമ്മിറ്റഡ് ആയിരിക്കണമെന്നും ഏകദേശം രണ്ട് വര്‍ഷത്തോളം ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാന്‍ മാനസികമായി തയ്യാറെടുത്തിരുന്നെന്നുമായിരുന്നു മഹേഷ് ബാബുവിന്റെ മറുപടി. ഇത്തരത്തില്‍ ഒരു തയ്യാറെടുപ്പ് നടത്തിയാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നരവര്‍ഷത്തോളം ഷൂട്ടിങ്ങ് നടക്കുന്നു എന്നതിന്റെ അര്‍ത്ഥം എല്ലാ ദിവസവും നമ്മള്‍ ആക്ഷന്‍ ചെയ്യുന്നു എന്നല്ലെന്നും ചിത്രത്തിന് വേണ്ടിയുള്ള പരിശീനങ്ങളും തയ്യാറെടുപ്പുകളുമാണ് ഭൂരിഭാഗം സമയങ്ങളിലെന്നും പൃഥ്വിരാജ് പറയുന്നു. സമയം ഒരുപാട് ഉണ്ടെന്ന് കരുതി രാജമൗലി സാറുടെ സെറ്റില്‍ ആരും വെറുതെ ഇരിക്കുന്നില്ല എന്താണോ അദ്ദേഹം ഉദ്ദേശിക്കുന്നത് അത് നേടിയെടുക്കാനാണ് ഇത്രയും സമയമെടുക്കുന്നതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കുംഭ എന്ന കഥാപാത്രം. Photo: Polygon

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമാണ് വാരണാസി. കഴിഞ്ഞ വര്‍ഷം ഷൂട്ടിങ്ങ് ആരംഭിച്ച ചിത്രത്തിന്റെ പകുതിയോളം ഷൂട്ടിങ്ങ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. അന്റാര്‍ട്ടിക്കയില്‍ ചിത്രം ഷൂട്ട് ചെയ്യുമെന്നും നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ 7 ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Varanasi movie actors Mahesh Babu and Prithviraj sukumaran talks about one and half years commitment for the film

 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.