ദേശീയ പുരസ്‌കാര ജേതാവും മലയാളികളുടെ പ്രിയപ്പെട്ട ഗായികയുമാണ് വൈക്കം വിജയലക്ഷ്മി. 2013ൽ പുറത്തിറങ്ങിയ ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. തന്റെ സംഗീതയാത്രയെ ക്കുറിച്ചും വ്യക്തമായ നിലപാടുകളെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോൾ വിജയലക്ഷ്മി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘സംഗീതത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി ദാസേട്ടനാണ്. എം.ജി. ശ്രീകുമാർ സാറും ശരത് സാറും എന്റെ റോൾ മോഡൽസാണ്. പക്ഷേ എന്റെ പ്രധാന റോൾ മോഡൽ ദാസേട്ടനാണ്. അഞ്ചര വയസ്സിൽ ദാസേട്ടന് ഗുരുദക്ഷിണ സമർപ്പിച്ചുകൊണ്ടാണ് ഞാൻ സംഗീതയാത്ര ആരംഭിച്ചത്. ഒരു പരിപാടിക്ക് പത്ത് മിനിറ്റ് എന്ന് പറഞ്ഞ് വന്നിട്ട് രണ്ടുമണിക്കൂറോളം അദ്ദേഹം എനിക്കൊപ്പം സമയം ചെലവഴിച്ചു. അതിലൂടെ ഒരുപാട് സംഗീതപരമായ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കഴിഞ്ഞു,’ വൈക്കം വിജയലക്ഷ്മി പറഞ്ഞു.
വൈക്കം വിജയലക്ഷ്മി.യേശുദാസ്.Photo: Screengrab/ Youtube
ഇപ്പോഴും സംഗീതവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടാകുമ്പോൾ ദാസേട്ടനോടാണ് ചോദിക്കാറുള്ളതെന്നും അദ്ദേഹം അത് പരിശോധിച്ച് കൃത്യമായ മറുപടി പറഞ്ഞുതരാറുണ്ടെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു.
‘ഇപ്പോഴും സംഗീതവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ വന്നാൽ ഞാൻ ദാസേട്ടനോടാണ് ചോദിക്കുന്നത്. അദ്ദേഹം പുസ്തകങ്ങൾ നോക്കി കാര്യങ്ങൾ മനസ്സിലാക്കി എന്നെ തിരിച്ച് വിളിച്ച് പറഞ്ഞുതരും. അത്രയും വലിയ മനസ്സാണ് അദ്ദേഹത്തിന്റേത്. എം.ജി. ശ്രീകുമാർ സാറും എനിക്ക് സംശയങ്ങൾ ഉണ്ടാകുമ്പോൾ പറഞ്ഞുതരാറുണ്ട്. അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്,’ താരം കൂട്ടിച്ചേർത്തു.
വൈക്കം വിജയലക്ഷ്മി.Photo:Screengrab/ Manoraama online/ Youtube.com
‘എല്ലാ കാര്യങ്ങളിലും എനിക്ക് കൃത്യമായ നിലപാടുണ്ട്. എന്ത് കാര്യമായാലും എല്ലാവരും അവരുടെ നിലപാട് വ്യക്തമാക്കണം എന്നാണ് എന്റെ അഭിപ്രായം. പലരും ചില കാര്യങ്ങൾ പറയാൻ പേടിക്കാറുണ്ട്. പക്ഷേ ഞാൻ അങ്ങനെയല്ല. നോ പറയേണ്ടിടത്ത് ഞാൻ നോ പറയാറുണ്ട്. അതാണ് എന്റെ വലിയൊരു ശക്തി. എന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാ കാര്യങ്ങളിലും കൃത്യമായൊരു നിലപാട് വേണം. വാശി പിടിക്കേണ്ടിടത്ത് വാശി പിടിക്കാനും എനിക്ക് മടിയില്ല, ‘ വൈക്കം വിജയലക്ഷ്മി പറഞ്ഞു.
Content Highlight: Vaikom Vijayalakshmi talks about her musical journey