അഭിഷേകിനും സഞ്ജുവിനും ഇടയില്‍ കടുത്ത മത്സരമുണ്ടാകും; വൈഭവിന്റെ സെലക്ഷനില്‍ പ്രതികരിച്ച് അശ്വിന്‍
Cricket
അഭിഷേകിനും സഞ്ജുവിനും ഇടയില്‍ കടുത്ത മത്സരമുണ്ടാകും; വൈഭവിന്റെ സെലക്ഷനില്‍ പ്രതികരിച്ച് അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Saturday, 6th June 2026, 9:20 pm

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് ടി-20 പരമ്പരയ്ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. സൂപ്പര്‍ താരം ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവിനെ മാറ്റിയാണ് ബി.സി.സി.ഐ അയ്യര്‍ക്ക് അവസരം നല്‍കിയത്. ഇതോടൊപ്പം തന്നെ യുവ താരം വൈഭവ് സൂര്യവംശിയും സ്‌ക്വാഡില്‍ ഇടം നേടിയതാണ് ക്രിക്കറ്റ് സര്‍ക്കിളുകളിലെ പുതിയ ചര്‍ച്ച.

ഇപ്പോള്‍ വൈഭവിന്റെ സെലക്ഷനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ഓപ്പണിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെക്കുന്ന വൈഭവ് നിലവിലെ ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയ്ക്കും സഞ്ജു സാംസണിനും തിരിച്ചടിയാണെന്ന് അശ്വിന്‍ സൂചിപ്പിച്ചു.

വൈഭവ് വൈകാതെ ഓപ്പണിങ് സ്ഥാനത്തേക്ക് എത്തുമെന്നും പക്ഷെ അതിന് വേണ്ടി അഭിഷേകിനെയോ സഞ്ജുവിനെയോ പുറത്താക്കാന്‍ സാധിക്കുമോ എന്നതും അശ്വിന്‍ എടുത്തുപറഞ്ഞു. ക്യാപ്റ്റന്‍സിയില്‍ നിന്ന് സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയ പശ്ചാതലത്തില്‍ ടീം മാനേജ്‌മെന്റ് ആരോട് വേണമെങ്കിലും അത്തരത്തില്‍ പെരുമാറുമെന്ന് അശ്വിന്‍ പറഞ്ഞു.

‘അഭിഷേക്, സഞ്ജു തുടങ്ങിയ മികച്ച ഫോമിലുള്ള താരങ്ങള്‍ക്കിടയില്‍ കടുത്ത മത്സരം ഉണ്ടാകും. വൈഭവ് ബുദ്ധിമുട്ടിയാണെങ്കിലും ആ സ്ഥാനത്തേക്ക് എത്തുമെന്നത് ഉറപ്പാണ്. എന്നാലും ടി-20 ലോകകപ്പില്‍ അഭിഷേക് മോശം ഫോമിലായിരുന്നതിനാല്‍ സൂര്യയോട് കാണിച്ചതുപോലെ ഇപ്പോള്‍ മാനേജ്മെന്റിന് അഭിഷേകിനോട് ക്രൂരമായി പെരുമാറാന്‍ കഴിയുമോ?അഭിഷേക് ശര്‍മ

ലോകകപ്പ് ജേതാവായ ഒരു ക്യാപ്റ്റനോട് നിങ്ങള്‍ ഇത്തരത്തില്‍ പെരുമാറിയെങ്കില്‍ മറ്റൊരാളോടും നിങ്ങള്‍ക്കത് കാണിക്കാന്‍ സാധിക്കും. പ്രത്യേകിച്ച് വൈഭവ് റെഡിയായി നില്‍ക്കുമ്പോള്‍!

സൂര്യയുടെ കാര്യം കണക്കിലെടുക്കുമ്പോള്‍, അഭിഷേകിന് പകരമാണോ സഞ്ജുവിന് പകരമാണോ വൈഭവ് കളിക്കുന്നത് എന്നത് ഒരു പ്രശ്‌നമല്ല. അദ്ദേഹം ടീമില്‍ ഇടം നേടാന്‍ അര്‍ഹതയുള്ളതിനാല്‍, സൂര്യയോട് അവര്‍ ചെയ്തത് പോലെ ആര് പുറത്ത് പോയാലും പ്രശ്‌നമല്ല,’ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയില്‍ സംസാരിക്കവേ വൈഭവിന്റെ സെലക്ഷനെക്കുറിച്ച് അശ്വിന്‍ പറഞ്ഞു.

സഞ്ജു സാംസണ്‍

ഐ.പി.എല്ലില്‍ മിന്നും പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് താരം ടീമില്‍ ഇടം നേടിയത്. 2026ലെ സീസണില്‍ വൈഭവ് സൂര്യവംശിയാണ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് 15 വയസുകാരന്‍ അടിച്ചെടുത്തത്. ഓറഞ്ച് ക്യാപ്പിന് പിന്നാലെ 2026ലെ പല റെക്കോഡുകളും തിരുത്തി വൈഭവ് അമ്പരപ്പിച്ചിരുന്നു.

മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളാണ് താരം സ്വന്തം പേരിലാക്കിയത്. 2025ല്‍ രാജസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 23 മത്സരത്തില്‍ നിന്ന് 1028 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.വൈഭവ് സൂര്യവംശി- Photo: johns/x.com

അതേസമയം അയര്‍ലാന്‍ഡിനെതിരെ ജൂണ്‍ 26നും 28നുമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്ന് മുതല്‍ 11വരെയുള്ള അഞ്ച് ടി-20കളും ഇന്ത്യ കളിക്കും.

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരക്കുമുള്ള ടി-20 ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

ഏഷ്യന്‍ ഗെയിംസിനുള്ള ടി-20 ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Content Highlight: Vaibhav Suryavanshi’s inclusion in the squad will create a tough competition between Abhishek Sharma and Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ