വെടിക്കെട്ട് പൂരത്തില്‍ റെക്കോഡ് പെരുമഴ തീര്‍ത്ത് വൈഭവ്
Cricket
വെടിക്കെട്ട് പൂരത്തില്‍ റെക്കോഡ് പെരുമഴ തീര്‍ത്ത് വൈഭവ്
ഫസീഹ പി.സി.
Saturday, 7th February 2026, 10:11 am

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ആറാം കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്തായിരുന്നു കിരീടനേട്ടം. മിന്നും ബാറ്റിങ് കാഴ്ചവെച്ച വൈഭവ് സൂര്യവംശിയുടെ കരുത്തിലായിരുന്നു ഇന്ത്യന്‍ കൗമാരപട ജേതാക്കളായത്.

മത്സരത്തില്‍ വൈഭവ് അടിച്ചെടുത്തത് 175 റണ്‍സാണ്. വെറും 80 പന്തുകള്‍ നേരിട്ടാണ് താരത്തിന്റെ ഈ പ്രകടനം. 15 വീതം സിക്‌സറുകളുടെയും ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു 14കാരന്‍ കാണികള്‍ക്ക് വിരുന്നൊരുക്കിയത്. 218.75 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

വൈഭവ് സൂര്യവംശി. Photo: BCCi/x.com

ഈ തകര്‍പ്പന്‍ ബാറ്റിങ്ങോടെ വൈഭവ് പ്ലെയര്‍ ഓഫ് ദി മാച്ച് (പി.ഒ.ടി.എം), പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് (പി.ഒ.ടി.ടി) എന്നീ അവാര്‍ഡുകളും സ്വന്തമാക്കി. അതോടെ താരം ഒരു എലീറ്റ് ലിസ്റ്റില്‍ തന്റെ പേര് ചേര്‍ത്തുവെച്ചു. അണ്ടര്‍ 19 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടുന്ന അഞ്ചാമത്തെ താരമാകാനാണ് ഇടം കൈയ്യന്‍ ബാറ്റര്‍ക്ക് സാധിച്ചത്.

യുവരാജ് സിങ്, ശിഖര്‍ ധവാന്‍, ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്സ്വാള്‍, എന്നിവരാണ് അണ്ടര്‍ 19 ലോകകപ്പില്‍ പി.ഒ.ടി.ടി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ഇതിനൊപ്പം തന്നെ വൈഭവ് ഒരുപാട് റെക്കോഡും കഴിഞ്ഞ മത്സരത്തിലെ ഇന്നിങ്സുകൊണ്ട് നേടിയെടുത്തിരുന്നു. അതില്‍ ഒന്നാണ് അണ്ടര്‍ 19 ലോകക്കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ എന്ന നേട്ടം.

30 സിക്‌സുകള്‍ അടിച്ചാണ് വൈഭവ് ഈ നേട്ടം സ്വന്തമാക്കിയത്. ഒപ്പം ടൂര്‍ണമെന്റ് ചരിത്രത്തിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരമെന്ന നേട്ടവും താരം തന്റെ പേരിലാക്കി.

വൈഭവ് സൂര്യവംശി. Photo: BCCi/x.com

കൂടാതെ, അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയും ഇന്ത്യക്കാരുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും വൈഭവ് എഴുതി ചേര്‍ത്തു. കൂടാതെ, ടൂര്‍ണമെന്റ് ഫൈനലില്‍ സെഞ്ച്വറിയടിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകാനും 14കാരന് സാധിച്ചു.

അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സ് എന്ന നേടിയ താരമെന്ന പട്ടവും വൈഭവ് തന്റെ അക്കൗണ്ടിലെത്തിച്ചു. ഒപ്പം 175 റണ്‍സ് എടുത്തതോടെ ഒരു അണ്ടര്‍ 19 ലോകകപ്പ് ഇന്നിങ്‌സില്‍ ഇന്ത്യക്കാരുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും കുറിക്കാന്‍ താരത്തിന് സാധിച്ചു.

 

Content Highlight: Vaibhav Suryavanshi has broken many records with his knock in Under 19 World Cup final

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി