സ്ഥിരത കൊണ്ടുവരേണ്ടത് സഞ്ജുവിന്റെ ഉത്തരവാദിത്തമാണ്; തുറന്ന് പറഞ്ഞ് വി.വി.എസ്. ലക്ഷ്മണ്‍
Cricket
സ്ഥിരത കൊണ്ടുവരേണ്ടത് സഞ്ജുവിന്റെ ഉത്തരവാദിത്തമാണ്; തുറന്ന് പറഞ്ഞ് വി.വി.എസ്. ലക്ഷ്മണ്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 28th July 2026, 11:59 am

ഇന്ത്യന്‍ ഓപ്പണറും മലയാളിയുമായ സഞ്ജു സാംസണിനെക്കുറിച്ച് സംസാരിക്കുകയാണ് പരിശീലകന്‍ വി.വി.എസ്. ലക്ഷ്മണ്‍. മത്സരങ്ങള്‍ ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള സഞ്ജു സാംസന്റെ സ്വാഭാവിക കഴിവിനെ ആരും സംശയിക്കുന്നില്ലെന്നും എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ പ്രകടനവും സാഹചര്യങ്ങള്‍ക്കനുസരിച്ച് പൊരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇനി കളിയില്‍ സ്ഥിരത കൊണ്ടുവരേണ്ടത് സഞ്ജുവിന്റെ ഉത്തരവാദിത്തമാണെന്നും ലക്ഷ്മണ്‍ പറഞ്ഞു.

‘സഞ്ജു സാംസന്റെ ക്ലാസിനെയും മത്സരങ്ങള്‍ ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ സ്വാഭാവിക കഴിവിനെയും ആരും സംശയിക്കുന്നില്ല. ലോക ക്രിക്കറ്റില്‍ ചുരുക്കം ചില ബാറ്റര്‍മാര്‍ക്ക് മാത്രം സാധ്യമാകുന്ന ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് കഴിയും. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ പ്രകടനവും സാഹചര്യങ്ങള്‍ക്കനുസരിച്ച് പൊരുത്തപ്പെടാനുള്ള കഴിവുമാണ് ഏറ്റവും പ്രധാനം.

നിങ്ങള്‍ക്ക് ഒരു അവസരം ലഭിക്കുമ്പോള്‍ അത് ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും 30 റണ്‍സുകളിലെത്തുന്ന ആ തകര്‍പ്പന്‍ തുടക്കങ്ങളെ കൂറ്റന്‍ മാച്ച് വിന്നിങ് സെഞ്ച്വറികളാക്കി മാറ്റുകയും വേണം. മാനേജ്മെന്റ്റിന് അദ്ദേഹത്തിന്റെ കഴിവുകളില്‍ പൂര്‍ണ വിശ്വാസമുണ്ട്, എന്നാല്‍ ഇനി കളിയില്‍ ആ സ്ഥിരത കൊണ്ടുവരേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്,’ വി.വി.എസ്. ലക്ഷ്മണ്‍ പറഞ്ഞതായി ക്രിക്കറ്റ് അഡിക്റ്റര്‍ പറഞ്ഞു.സഞ്ജു സാംസൺ

2026 ടി-20 ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി നാല് മത്സരങ്ങളിലാണ് സഞ്ജു കളിച്ചത്. അയര്‍ലാന്‍ഡില്‍ 5, 0 എന്നിങ്ങനെയും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഒരു റണ്‍സുമാണ് നേടിയത്.

പിന്നീട് വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയതോടെ പുറത്തിരുന്ന സഞ്ജു, അവസാന മത്സരത്തില്‍ തിരിച്ചെത്തി 14 പന്തില്‍ 27 റണ്‍സ് നേടിയിരുന്നു. മാത്രമല്ല ശേഷം നടന്ന സിംബാബ്‌വേ പര്യടത്തില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ 2026ലെ ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് സഞ്ജുവായിരുന്നു. ലോകകപ്പില്‍ മൊത്തം അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സ് നേടിയായിരുന്നു സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സഞ്ജു തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്.

Content Highlight: V.V.S. Laxman speaks about Sanju Samson’s consistency

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ