ദോഹ: ഇറാന്‍-യു.എസ് ധാരണാ പത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഗുണകരമായ പുരോഗതിയുണ്ടായതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഖത്തര്‍ തലസ്ഥാനം ദോഹയില്‍ മധ്യസ്ഥരായ ഖത്തറിന്റെയും പാകിസ്ഥാന്റെയും പ്രതിനിധികളുമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ യു.എസ്, ഇറാന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ച അവസാനിച്ചതായും ഗുണകരമായ പുരോഗതിയാണ് ചര്‍ച്ചയിലുണ്ടായതെന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

വരും നാളുകളില്‍ ചര്‍ച്ച തുടരാന്‍ ഇരു പക്ഷവും സന്നദ്ധത അറിയിച്ചതായും മന്ത്രാലയം എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ ഈ മാസം നാല് മുതല്‍ ഒമ്പത് വരെ നടക്കുന്ന സാഹചര്യത്തില്‍ അതിന് ശേഷമാവും തുടര്‍ ചര്‍ച്ചകളുണ്ടാവുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

 ‘ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥര്‍ ഇറാനും യു.എസുമായുള്ള പ്രത്യേകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ധാരണാ പത്രവുമായി പ്രശ്‌നങ്ങളില്‍ പുരോഗതിയുണ്ടായി. വരുന്ന ദിവസങ്ങളില്‍ ചര്‍ച്ച തുടരാന്‍ യു.എസും ഇറാനും സമ്മതിച്ചു. ഇറാന്റെ മുന്‍ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം പെട്ടെന്ന് തന്നെ തുടര്‍ ചര്‍ച്ചകള്‍ നടക്കും, ‘ മന്ത്രാലയം പങ്കുവച്ച, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. മജീദ് അല്‍ അന്‍സാരി എക്‌സ് പോസ്റ്റില്‍ പറയുന്നു.

ദോഹയില്‍ ഇറാനും യു.എസും നേരിട്ട് ചര്‍ച്ച നടത്തിയിരുന്നില്ല. ഇരു പക്ഷവും മധ്യസ്ഥരായ ഖത്തറുമായും പാകിസ്ഥാനുമായും ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. ഇരു പക്ഷവും തമ്മില്‍ സാങ്കേതികമായ ചര്‍ച്ചകളാണ് നടക്കുന്നതെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ നേരിട്ടുള്ളതോ അല്ലാത്തതോ ആയിരിക്കാമെങ്കിലും അവ ചര്‍ച്ചകള്‍ ഫലമുണ്ടാക്കുമെന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

യു.എസ് പ്രതിനിധികളായി പശ്ചിമേഷ്യന്‍ നയതന്ത്ര പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജേര്‍ഡ് കുഷ്നറുമാണ് ദോഹയിലെ ചര്‍ച്ചകളില്‍ പങ്കെടുത്തത്. ഇറാനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹ മന്ത്രി കാസെം ഘാരിബാബാദിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

അതേസമയം, ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ അവ റിപ്പോര്‍ട്ട് ചെയ്യാന്‍ യു.എസുമായി പുതിയ കമ്യൂണിക്കേഷന്‍ ചാനല്‍ ആരംഭിക്കുമെന്ന് ഇറാന്‍ അറിയിച്ചു. ദോഹയിലെ ചര്‍ച്ചകള്‍ക്ക് ശേഷം ഘാരിബാബാദിയാണ് ഈ കാര്യം അറിയിച്ചത്.

പശ്ചിമേഷ്യയിലെ യു.എസ്- ഇറാന്‍ സംഘര്‍ഷം നിര്‍ത്തിവെക്കുന്നതിനുള്ള ഇടക്കാല ധാരണാ പത്രത്തില്‍ കഴിഞ്ഞ മാസം 17നായിരുന്നു ഇരു പക്ഷവും ഒപ്പുവച്ചത്. ഇതിന് പിറകെ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തിരുന്നു.

ധാരണാ പത്രം ഒപ്പുവച്ച ശേഷവും കഴിഞ്ഞ ശനിയാഴ്ചയോടെ യു.എസും ഇറാനും വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. പിന്നീട് രണ്ട് ദിവസത്തിനുള്ളില്‍ ഈ സംഘര്‍ഷങ്ങള്‍ അവസാനിച്ചു. സംഘര്‍ഷങ്ങള്‍ നിര്‍ത്തിവെക്കാന്‍ യു.എസും ഇറാനും തമ്മില്‍ ധാരണയിലെത്തിയതായി യു.എസ് ഉദ്യോഗസ്ഥരുടെ പ്രസ്താവന ഈ തിങ്കളാഴ്ച പുറത്ത് വരികയും ചെയ്തു. തുടര്‍ന്ന് ചൊവ്വാഴ്ചയോടെയാണ് ഖത്തറിലെ ചര്‍ച്ചകള്‍ ആരംഭിച്ചത്.

Content Highlight: US- Iran  wrap up indirect talks: Qatar claims ‘Positive progress’