അമേരിക്കയുടെ സൈനിക വിന്യാസം ഞങ്ങളെ ഭയപെടുത്തില്ല: അബ്ബാസ് അരാഗ്ച്ചി
World
അമേരിക്കയുടെ സൈനിക വിന്യാസം ഞങ്ങളെ ഭയപെടുത്തില്ല: അബ്ബാസ് അരാഗ്ച്ചി
മുഹമ്മദ് നബീല്‍
Monday, 9th February 2026, 1:10 pm

ടെഹ്‌റാൻ: അമേരിക്കയുടെ ഇറാൻ മേഖലയിലെ സൈനിക വിന്യാസം തങ്ങളെ ഭയപെടുത്തില്ലന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി.

ഇറാൻ യുറേനിയം ശേഖരിക്കുന്നത് നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കില്ലെന്നും ഇറാൻ അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിലെ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടയിൽ അമേരിക്ക ഭരണമാറ്റത്തിന് ആഹ്വാനം ചെയ്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കിയിരുന്നു.

ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര സംഘർഷങ്ങൾ ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചാൽ അമേരിക്ക സൈനികമായി നേരിടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കൂടാതെ ഇറാൻ ആണവ, യുറേനിയം വിപുലീകരണ ശ്രമങ്ങളിൽനിന്നും പിന്മാറണമെന്നും അമേരിക്ക താക്കീതുനൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് യു.എസ് ഇറാൻ മേഖലയിൽ സൈന്യത്തെ വിന്യസിക്കാൻ തീരുമാനിച്ചത്.

‘എല്ലാ രാജ്യങ്ങളുമായും ഇടപെടുമ്പോൾ നയതന്ത്ര ചർച്ചയാണ് ട്രംപിന്റെ ആദ്യ മാർഗം, അതിനി സഖ്യരാജ്യങ്ങളാണെങ്കിലും അല്ലെങ്കിലും,’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.

ഇറാന് സമീപം അമേരിക്കൻ സൈന്യം സർവ്വ സന്നാഹമായി നിൽക്കുകയാണെന്നെന്നാണ് ഇതിനെകുറിച്ച് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്.

എന്നാൽ ഇറാനെതിരായുള്ള സൈനിക നടപടി മേഖലയിലാകെ യുദ്ധംവിതയ്ക്കുമെന്നും ടെഹ്‌റാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ഒമാനിൽവച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് മുമ്പായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.

എന്നാൽ ഒമാനിലെ ചർച്ചയിൽ ഇറാന്റെ ആവണ നയം മാത്രമാണ് ചർച്ച ചെയ്തതെന്നും മറ്റുകാര്യങ്ങളിലേക്ക് ചർച്ച പോയില്ലെന്നും അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

ഭീഷണിപ്പെടുത്തിയും സമ്മർദ്ധപ്പെടുത്തിയും തീരുമാനമെടുക്കുന്ന രീതിയിൽനിന്നും അമേരിക്ക പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങൾക്ക് അമേരിക്ക 25 ശതമാനം തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് വെള്ളിയാഴ്ച (ഫെബ്രുവരി 6 ) ഒപ്പുവച്ചിരുന്നു.

Content Highlight: US attack imminent? Iran says military buildup ‘does not scare’ us

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം