തന്റെ സിനിമാ കരിയറിലെ 700ാം സിനിമയിലഭിനയിക്കുന്ന ഉര്‍വശിക്ക് ആശംസകളുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. പ്രിയദര്‍ശന്റെ പുതിയ തമിഴ് ചിത്രമായ ‘അപ്പാത്ത’യാണ് താരത്തിന്റെ 700ാം സിനിമ.

ഫേസ്ബുക്കിലൂടെയാണ് പ്രിയദര്‍ശന്‍ ഉര്‍വശിക്ക് ആശംസകള്‍ നേരുന്നത്.

‘മിഥുനത്തിന് ശേഷമുള്ള കൂടിച്ചേരല്‍. ഉര്‍വശിയുടെ 700-ാം ചിത്രമായ ‘അപ്പാത്ത’യില്‍ വീണ്ടും ഒന്നിക്കുന്നു,’ എന്നാണ് പ്രിയദര്‍ശന്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.

തമിഴ് സിനിമയിലൂടെയായിരുന്നു താരം നായികാ പദവിയിലേക്കുയര്‍ന്നത്. 1983ല്‍ കെ. ഭാഗ്യരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ‘മുന്താനൈ മുടിച്ച്’ എന്ന ചിത്രത്തിലായിരുന്നു ഉര്‍വശി ആദ്യമായി നായികയായത്.

തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ‘എതിര്‍പ്പുകള്‍’ എന്ന ചിത്രത്തിലായിരുന്നു താരം മലയാളത്തില്‍ ആദ്യമായി നായികയായി വെള്ളിത്തിരയിലെത്തിയത്.

2020ല്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ ആണ് താരത്തിന്റെ അവസാന മലയാള സിനിമ. ‘കേശു ഈ വീടിന്റെ നാഥന്‍’ ആണ് ഇനി ഉര്‍വശിയുടേതായി പുറത്തിറങ്ങാനുള്ള മലയാള ചിത്രം.

മലയാളത്തിനൊപ്പം തമിഴ് സിനിമയിലും സജീവ സാന്നിധ്യമാണ് താരം. ‘മൂക്കുത്തി അമ്മന്‍’, ‘സൂരാറൈ പോട്ര്’ തുടങ്ങിയ ചിത്രങ്ങളില്‍ അസാമാന്യ പ്രകടനം നടത്തിയായിരുന്നു താരം കൈയടി നേടിയത്.

ഒരു പിടി മികച്ച തമിഴ് സിനിമകളാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്. ‘ഗോസ്റ്റ്‌ലി’, ‘ഇഡിയറ്റ്’, ‘കാസേതാന്‍ കടവുളേടാ’, ‘അന്തകന്‍’, ‘മുരുങ്കക്കായി ചിപ്‌സ്’, ‘വീട്ട്‌ല വിസേസങ്ക’, ‘ അന്‍പറിവ്’ എന്നിവയാണ് താരത്തിന്റെ പുതിയ തമിഴ് ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Urvasi to act in 700th film