'മയക്കു മരുന്നിന്റെ ഉറവിടം നിങ്ങളുടെ നാട്ടിലാണ്, ആദ്യം അവിടെ പോയി അന്വേഷിക്ക്'; കങ്കണയോട് ഊര്‍മിള മതോണ്ട്ക്കര്‍
national news
'മയക്കു മരുന്നിന്റെ ഉറവിടം നിങ്ങളുടെ നാട്ടിലാണ്, ആദ്യം അവിടെ പോയി അന്വേഷിക്ക്'; കങ്കണയോട് ഊര്‍മിള മതോണ്ട്ക്കര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 10:21 am

മുംബൈ: മുബൈയ്‌ക്കെതിരെയും ബോളിവുഡ് സിനിമാ മേഖലയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്ന നടി കങ്കണ റണൗത്തിന് മറുപടിയുമായി നടി ഊര്‍മിള മതോണ്ട്ക്കര്‍.

കങ്കണ അനാവശ്യമായി ഇരവാദം നടത്തുകയാണെന്ന് ആരോപിച്ച ഊര്‍മിള കങ്കണയുടെ സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലാണ് മയക്കു മരുന്ന് മാഫിയയുടെ ഉറവിടം എന്നും ആദ്യം അവിടെ അന്വേഷണം നടത്തണമെന്നുമാണ് ഊര്‍മിള മതോണ്ട്ക്കര്‍ പ്രതികരിച്ചിരിക്കുന്നത്.

ഒപ്പം കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷ നല്‍കിയതിനെയും ഊര്‍മിള വിമര്‍ശിച്ചു.’ നികുതിദായകരുടെ പണത്തില്‍ നിന്ന് വൈ പ്ലസ് സുരക്ഷ ലഭിച്ച ഈ വ്യക്തി മയക്കു മരുന്ന് ശൃംഖലയെക്കുറിച്ച് പൊലീസിന് വിവരം നല്‍കാത്തത്,’ ഊര്‍മിള ചോദിച്ചു. മുംബൈ തകിനോടാണ് നടിയുടെ പ്രതികരണം.

മുംബൈയെക്കുറിച്ചും ബോളിവുഡിനെക്കുറിച്ചും കങ്കണ നടത്തിയ പ്രസ്താവനകള്‍ അപമാനകരമാണെന്നും ഊര്‍മിള പറഞ്ഞു.

‘ ഈ നഗരത്തെ ആരും സ്‌നേഹിക്കുന്നോ അതു പോലെ തന്നെ അവര്‍ക്ക് തിരികെ ലഭിച്ചിട്ടുണ്ട്. ഇവിടത്തെ ഒരു മകളെന്ന നിലയില്‍ ഈ നഗരത്തിനെതിരെ നടത്തുന്ന അപകീര്‍ത്തി പരമായ ഒരു പ്രസ്താവനയും ഞാനൊരിക്കലും സഹിക്കില്ല. നിങ്ങള്‍ അത്തരം അഭിപ്രായങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ നഗരത്തെ മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളെയാകെ അപമാനിക്കുകയാണ്,’ ഊര്‍മിള പറഞ്ഞു.

‘ ഒരു വ്യക്തി എല്ലായ്‌പ്പോഴും അലറുന്നുണ്ടെങ്കില്‍ അവര്‍ സത്യം സംസാരിക്കുന്നു എന്നല്ല അര്‍ത്ഥം. ചില ആള്‍ക്കാര്‍ക്ക് എല്ലായ്‌പ്പോഴും ഒച്ച വെച്ചുകൊണ്ടിരിക്കും, അത് പരാജയപ്പെട്ടാല്‍ ഇരവാദം നടത്തും. ഇതും പരാജയപ്പെട്ടാല്‍ വുമണ്‍ കാര്‍ഡ് കളിക്കും,’ ഊര്‍മിള കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ