മലയാളത്തിലെ യുവതാരങ്ങളില്‍ ജനപ്രീതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് നസ്‌ലെന്‍. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മെല്‍വിനായി 2019 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം വളരെ കുറഞ്ഞ സമയം കൊണ്ടാണ് മലയാളത്തില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. ലീഡ് റോളിനൊപ്പം തന്നെ സഹതാരമായും തിളങ്ങിയ താരം വരനെ ആവശ്യമുണ്ട്, ഹോം, മകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നത്.
പിന്നീട് 2024 ല്‍ ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റോം-കോം ചിത്രം പ്രേമലുവിലൂടെയാണ് താരം സൗത്ത് ഇന്ത്യയില്‍ തന്നെ വലിയ രീതിയില്‍ ശ്രദ്ധിപ്പിക്കപ്പെടുന്നത്. പിന്നാലെ പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാനയിലെ ജോജോ ജോണ്‍സണായി ആക്ഷന്‍ റോളുകളും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിരുന്നു. ലോകഃക്ക് ശേഷം റിലീസുകളൊന്നുമില്ലാതിരുന്ന താരത്തിന്റെതായി ഒട്ടനവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നതാണ് ആരാധകരെ ഇപ്പോള്‍ ആവേശത്തിലാക്കുന്നത്. നായകനായും സഹതാരമായും നസ്‌ലെന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ മിക്ക സിനിമാ പ്രേമികളുടെയും വെയിറ്റിങ് ലിസ്റ്റിലുള്ള ചിത്രങ്ങളാണ്.
നസ്‌ലെന് തന്നെ നായകനാകുന്ന മോളിവുഡ് ടൈംസാണ് ഇതില്‍ പ്രധാനപ്പെട്ടത്. വിനീത് ശ്രീനിവാസനെ നായകനാക്കി വിജയ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ഒരുക്കിയ അഭിനവ് സുന്ദര്‍ നായിക് രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ് എന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സിനിമയെ സ്‌നേഹിച്ച ഒരു ചെറുപ്പക്കാരനായി ഇതു വരെ കാണാത്ത ലുക്കിലാണ് നസ്‌ലെന്‍ എത്തുന്നത്. ‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്ന ടാഗില്‍ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം വൈറലായിരുന്നു.
ആസിഫ് അലിയുടെ കരിയറിലെ ടേണിങ് പോയിന്റ് ആകുമെന്ന് പലരും പ്രതീക്ഷിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ടിക്കി ടാക്കയാണ് നസ്‌ലെന്റെ ലൈനപ്പിലെ മറ്റൊരു ചിത്രം. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പേരെടുത്ത ജിത്തു മാധവന്‍, സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘സൂര്യ47’ ആണ് യുവതാരത്തിന്റെ മറ്റൊരു പ്രൊജക്ട്.
കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു.സി.നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും തരുണ്‍ മൂര്‍ത്തി L366 ന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്‌ലെന്റെ സാന്നിധ്യമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം പ്രേക്ഷക സ്വീകാര്യത നേടാനായാല്‍ മറ്റാര്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കാത്ത വിധം മലയാള സിനിമയില്‍ തന്നെ പ്ലേസ് ചെയ്യാനുള്ള അവസരമാണ് നസ്‌ലെന് വന്ന് ചേര്‍ന്നിരിക്കുന്നത്.
Content Highlight: Upcoming Projects of Naslen K Gafoor in malayalam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.