ന്യൂയോര്‍ക്ക്: ഗസയില്‍ സുരക്ഷ കൊണ്ടുവരുന്നതില്‍ വിജയിക്കാന്‍ വെടിനിര്‍ത്തല്‍ കരാറിന് കഴിഞ്ഞില്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഗസയില്‍ സ്ഥിരത ഉറപ്പാക്കുന്നതിലും മതിയായ മാനുഷിക സഹായം എത്തിക്കുന്നതിലും കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന കരാര്‍ പരാജയപ്പെട്ടെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് സമാധാനം കൈവരിക്കുന്നതിനായി തങ്ങളുടെ ബാധ്യതകള്‍ പൂര്‍ണമായി നിറവേറ്റാന്‍ എല്ലാ കക്ഷികളും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കഴിഞ്ഞ വര്‍ഷത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഒരളവുവരെ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷയോ, മതിയായ മാനുഷിക സഹായമോ, സമാധാനത്തിലേക്കുമുള്ള വിശ്വസനീയമായ വഴിയോ ഒരുക്കാന്‍ അതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗസയുടെ വീണ്ടെടുപ്പിന് അത് സഹായിച്ചില്ല,’ ഗുട്ടെറസ് പറഞ്ഞു. ഗസയില്‍ സംഘര്‍ഷം രൂക്ഷമായതിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഗുട്ടെറസിന്റെ പരാമര്‍ശം.
വെടിനിര്‍ത്തലിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് നീങ്ങാന്‍ ഗസ സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും തയ്യാറാവണമെന്നും ഗുട്ടെറസ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയുടെ അടിസ്ഥാനത്തിലാവണം അടുത്ത ഘട്ടത്തിലേക്ക് പോകേണ്ടത്. വെടിനിര്‍ത്തല്‍ കരാര്‍ സ്ഥിരമാക്കേണ്ട സമയമാണിത്. വിപുലമായ തോതില്‍ മാനുഷിക സഹായം അനുവദിക്കേണ്ടതുണ്ട് ഇപ്പോള്‍. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസയിലെ സാധാരണക്കാരുടെ ദുരിതത്തിന് അടിയന്തര പരിഹാരം കാണണം. തുല്യാവകാശത്തോടും അന്തസോടും കൂടി ഇസ്രഈലികള്‍ക്കും ഫലസ്തീന്‍കാര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയുന്ന വിശ്വസനീയമായ ഒരു രാഷ്ട്രീയ പാത അന്താരാഷ്ട്ര സമൂഹം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലയിലേക്ക് സഹായം എത്തിക്കുന്നതില്‍ ഇസ്രഈല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്നതായി യു.എന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദിവസേനയെന്നോണം മാരകമായ ആക്രമണങ്ങളും നടക്കുന്നതായും യു.എന്‍ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടുന്നു.
ഗസയിലേക്കുള്ള ചരക്ക് നീക്കം ഈ തിങ്കളാഴ്ചയും ഇസ്രഈല്‍ അധികൃതര്‍ തടഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെന്നും യു.എന്‍. മാനുഷിക വിഭാഗമായ ഒ.സി.എച്ച്.എ അറിയിച്ചു. വെടിനിര്‍ത്തല്‍ സ്ഥിരമാക്കുന്നതിനും വ്യാപകമായ തോതില്‍ മാനുഷിക സഹായം എത്തിക്കുന്നതിനുമുള്ള സമയമാണിതെന്നും ഗുട്ടെറസ് വ്യക്തമാക്കി.
‘ഈ വാര്‍ഷികം ദുഖത്തിന്റെ മറ്റൊരു വര്‍ഷം മാത്രമല്ല, മറിച്ച് വ്യത്യസ്തമായൊരു ഭാവി കെട്ടിപ്പടുക്കാനുള്ള പുതുക്കിയ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി അടയാളമായി മാറട്ടെ,’ എന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍കാരും ഇസ്രായേലുകാരും തങ്ങളുടെ അവകാശങ്ങളും അന്തസ്സും അഭിലാഷങ്ങളും ലഭിക്കുന്ന തരത്തില്‍ ഒരുമിച്ച് ജീവിക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അഭിപ്രായപ്പെട്ടു.
2025 ഒക്ടോബര്‍ 10-ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രഈല്‍ സൈന്യം 1,454 ഫലസ്തീന്‍കാരെ കൊലപ്പെടുത്തിയതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. ഇസ്രഈല്‍ സൈനിക ആക്രമണങ്ങളില്‍ ഗസയില്‍ 5,090 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
2023 ഒക്ടോബര്‍ മുതല്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ യുദ്ധത്തില്‍ 74,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1,75,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇസ്രഈല്‍ ആക്രമണങ്ങളില്‍ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ 90 ശതമാനത്തോളം നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
Content Highlight: UN says Gaza ceasefire has not delivered security, calls for full commitment
