പി.എം. ശ്രീയില്‍ മുന്നോട്ട് പോകണോ എന്ന് യു.ഡി.എഫ് രാഷ്ട്രീയ തീരുമാനമെടുക്കും: വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍
Kerala News
പി.എം. ശ്രീയില്‍ മുന്നോട്ട് പോകണോ എന്ന് യു.ഡി.എഫ് രാഷ്ട്രീയ തീരുമാനമെടുക്കും: വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍
ആദര്‍ശ് എം.കെ.
Saturday, 23rd May 2026, 3:16 pm

 

മലപ്പുറം: പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തില്‍ യു.ഡി.എഫ് രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം 93 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിടില്ലെന്നതാണ് യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിടുകയും 93 കോടി രൂപ കൈപ്പറ്റുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സാഹചര്യത്തില്‍, പദ്ധതിയില്‍ നിന്ന് എങ്ങനെ പിന്നോട്ട് പോകാന്‍ കഴിയുമെന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് നിയമവശങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.

മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതല്‍ സീറ്റുകള്‍ അനുവദിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ അധിക ബാച്ചുകള്‍ ഉള്‍പ്പെടെയുള്ളവ ആദ്യ അലോട്ട്‌മെന്റില്‍ തന്നെ ഉള്‍പ്പെടുത്തിയായിരിക്കും പ്രവേശനം നടത്തുക.

ഇതിനുശേഷവും പ്രതിസന്ധി നിലനില്‍ക്കുകയാണെങ്കില്‍ മറ്റ് പരിഹാര മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാഠപുസ്തക വിതരണം സംസ്ഥാനത്തെ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. ഈ മാസം 30-നുള്ളില്‍ തന്നെ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

 

Content Highlight: UDF will take a political decision on whether to move forward with PM Shri: Education Minister N. Shamsudheen

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.