'ആദ്യം നല്ല അമ്മയാക്, എന്നിട്ടാകാം ഉദ്യോഗസ്ഥയോ അധ്യാപികയോ' എന്ന് യു.പി ഗവര്‍ണര്‍ വിദ്യാര്‍ത്ഥിനികളോട്
India
'ആദ്യം നല്ല അമ്മയാക്, എന്നിട്ടാകാം ഉദ്യോഗസ്ഥയോ അധ്യാപികയോ' എന്ന് യു.പി ഗവര്‍ണര്‍ വിദ്യാര്‍ത്ഥിനികളോട്
റെന്വര്‍ പി
Friday, 10th July 2026, 7:57 pm

കാണ്‍പൂര്‍: സ്ത്രീകള്‍ ഐ.എ.എസ് ഉദ്യോഗസ്ഥരോ അധ്യാപകരോ അവുന്നതിന് മുമ്പ് വിദഗ്ധരായ അമ്മമാരാവണമെന്ന് ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍. കാണ്‍പൂരിലെ ഛത്രപതി ഷാനു ജി മഹാരാജ് സര്‍വകലാശാലയുടെ (സി.എസ്.ജെ.എം.യു) കോണ്‍വൊക്കേഷന്‍ ചടങ്ങിലായിരുന്നു ഉത്തര്‍ പ്രദേശ് ഗവര്‍ണറുടെ പ്രസ്താവന.

‘നിങ്ങള്‍ക്ക് ഐ.എ.എസ് ഉദ്യോഗസ്ഥരോ അധ്യാപകരോ ആകാം, ആദ്യം ഒരു കഴിവുള്ള അമ്മയാകുക. വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍ എല്ലാവരും അറിയണം,’ എന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നാല്‍ അവര്‍ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കള്‍ അറിയണം. വിദ്യാഭ്യാസവും കുടുംബ ചുമതലുകളും സന്തുലിതമായി കൊണ്ടുപോകണമെന്നും അവര്‍ പറഞ്ഞു.

കുട്ടികളെ സ്‌കൂളിലോ കോളേജിലോ ചേര്‍ത്താല്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്തം അവസാനിച്ചുവെന്ന് കരുതാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ തങ്ങളുടെ മക്കള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മാതാപിതാക്കള്‍ അറിയണം. മേല്‍നോട്ടത്തില്‍ ഒരു ചെറിയ പാളിച്ച വന്നാല്‍ പോലും അത് അവരുടെ ഭാവിയെ തെറ്റായി ബാധിക്കുമെന്നും യു.പി ഗവര്‍ണര്‍ പറഞ്ഞു.

യുവതികള്‍ വിവാഹത്തിന് ശേഷവും പഠനവും കരിയറും തുടരുമ്പോള്‍ അവരുടെ കുടുംബത്തിന്‌റെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി സംഭാവന ചെയ്യണം. വിവാഹ ശേഷം സ്ത്രീകള്‍ വിദ്യാഭ്യാസം നിര്‍ത്തരുതെന്നും അവര്‍ അവരുടെ അറിവും കഴിവുകളും രാഷ്ട്ര നിര്‍മാണത്തിനായി ഉപയോഗിക്കണമെന്നും പട്ടേല്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ പട്ടേല്‍ ആശങ്ക പ്രകടിപ്പിച്ചു. വിദ്യാഭ്യാസം അക്കാദമിക മികവിന് അപ്പുറത്തേക്ക് പോകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അക്കാദമിക് അറിവുകളെ പോലെ ധാര്‍മിക മൂല്യങ്ങളും പ്രധാനമാണെന്നും അവര്‍ പറഞ്ഞു. ആനന്ദി

ബി.ജെ.പി നേതാവായ ആനന്ദി ബെന്‍ പട്ടേല്‍ 2019 മുതല്‍ ഉത്തര്‍ പ്രദേശ് ഗവര്‍ണറാണ്. നരേന്ദ്ര മോദിക്ക് ശേഷം 2014ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു ആനന്ദി ബെന്‍ പട്ടേല്‍.

ഗര്‍ഭ സംസ്‌കാരത്തെക്കുറിച്ച് ഒരു കോഴ്‌സ് സര്‍വകലാശാലകള്‍ ആരംഭിക്കണമെന്ന് ഈ മാസം എട്ടിന് ഒരു സര്‍വകലാശാലയില്‍ സംസാരിക്കവെ ആനന്ദി ബെന്‍ പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം എട്ടിന് ലഖ്‌നൗവിലെ ഖാജ മൊയ്‌നുദ്ദീന്ഡ ചിശ്തി സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു പട്ടേലിന്റെ പരാമര്‍ശം.

Content Highlight: U.P. Governor asks women to be ‘expert mothers’ before becoming IAS officers, teachers

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.