സിനിമകളിലെ അമ്മ കഥാപാത്രങ്ങള്‍ പലപ്പോഴും മക്കളുടെ പ്രണയത്തിന് മുന്നില്‍ തടസമായി നില്‍ക്കുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ രണ്ട് അമ്മമാരെ അത്തരമൊരു ലളിതമായ ഫ്രെയിമില്‍ ഒതുക്കാനാകില്ല. ഒരാള് മകളുടെ പ്രണയത്തിന് ഒപ്പം നില്ക്കുന്നു. മറ്റൊരാള് അതേ പ്രണയത്തെ എതിര്ക്കുന്നു. പക്ഷേ ഇരുവരുടെയും തീരുമാനങ്ങള്ക്ക് പിന്നില് അവരുടേതായ ജീവിതാനുഭവങ്ങളും ഭയങ്ങളും കാരണങ്ങളുമുണ്ട്.
സായൂജ്യയുടെ അമ്മയെ ആദ്യം നോക്കാം. മകള്‍ക്ക് ഇഷ്ടമുള്ളയാളുടെ കൂടെ ജീവിക്കാന്‍ അവളെ അനുവദിക്കുന്ന അമ്മയാണ് അവര്‍. ജാതിയോ മതമോ പോലും ആ തീരുമാനത്തിന് തടസമാകുന്നില്ല. സ്വന്തം മകന്‍ എതിര്‍ത്തുനില്‍ക്കുമ്പോള്‍ പോലും മകളുടെ സന്തോഷം മാത്രമാണ് അവര്‍ മുന്നില്‍ കാണുന്നത്. മകള്‍ക്ക് ഇഷ്ടമുള്ളയാളുടെ കൂടെ ഇറങ്ങിപ്പോകാനും അമ്മ സമ്മതം നല്‍കുന്നു.
നമ്മുടെ സമൂഹത്തില്‍ പൊതുവെ മക്കളുടെ പ്രണയത്തിന്, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ പ്രണയത്തിന് ഇത്രയും തുറന്ന പിന്തുണ നല്‍കുന്ന അമ്മമാര്‍ ഇപ്പോഴും കുറവാണ്. അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തെ കണ്ടാല്‍ സ്വാഭാവികമായും ‘എന്തുകൊണ്ടാണ് ഈ അമ്മ ഇത്രയും എളുപ്പത്തില്‍ സമ്മതിക്കുന്നത്?’ എന്ന ചോദ്യം വരാം.

എന്നാല്‍ അതിന് സിനിമയില്‍ വ്യക്തമായൊരു കാരണമുണ്ട്. ഹരി!. സായൂജ്യയുടെ സഹോദരനായ ഹരിയുടെ സ്വഭാവം സിനിമ വളരെ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. സ്വന്തം അമ്മയ്ക്കും പെങ്ങള്‍ക്കും പോലും സ്വസ്ഥത നല്‍കാത്ത, അടുത്ത നിമിഷം എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത, സ്വന്തം താത്പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന ടോക്സിക് സ്വഭാവമുള്ള കഥാപാത്രമാണ് ഹരി.
പെങ്ങള്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിമിന് പോലും കണക്ക് പറഞ്ഞ് പണം വാങ്ങുന്ന രംഗം മുതല്‍ ഹരിയുടെ സ്വഭാവം സിനിമ പ്രേക്ഷകന് മുന്നില്‍ തുറന്നിടുന്നുണ്ട്. ഹരിക്ക് ഹരിയോട് മാത്രമാണ് സ്നേഹം എന്ന തരത്തിലാണ് കഥാപാത്രത്തെ സംവിധായകന്‍ അവതരിപ്പിക്കുന്നത്.
സ്റ്റേജില്‍ ഹരിയെ പരിചയപ്പെടുത്തുന്ന രംഗം മുതല്‍ അവസാനം ഫ്രൈഡ് റൈസും ബീഫും കഴിക്കുന്ന രംഗം വരെ, അയാളുടെ സ്വഭാവത്തിന്റെ പല തലങ്ങള്‍ സിനിമ കാണിച്ചുതരുന്നു. അതുകൊണ്ടുതന്നെ സായൂജ്യയെ ആ വീട്ടില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന അമ്മയുടെ തീരുമാനം മകളുടെ പ്രണയത്തിന് അന്ധമായി നല്‍കുന്ന പിന്തുണ മാത്രമല്ല. മകളെ ആ സാഹചര്യത്തില്‍ നിന്ന് രക്ഷിക്കാനുള്ള ഒരു അമ്മയുടെ ശ്രമം കൂടിയാണ്.

ഇനി രണ്ടാമത്തെ അമ്മയായ ബിജിയിലേക്ക് വരാം. ഇവിടെ കഥ നേരെ തിരിച്ചാണ്. ഒരേ മതത്തില്‍പ്പെട്ട, സ്വന്തമായി ബിസിനസുള്ള ജസ്റ്റിനുമായി മകള്‍ പ്രണയത്തിലാകുമ്പോള്‍ ബിജി ആ ബന്ധത്തെ അംഗീകരിക്കുന്നില്ല. ഈ തീരുമാനത്തെ രണ്ട് തരത്തില്‍ വായിക്കാം.
ഒരു വായനയില്‍, മകളുടെ ഇഷ്ടത്തിന് വില നല്‍കാതെ അവളെ മറ്റൊരു രാജ്യത്തേക്ക് അയച്ച് ജോലി ചെയ്യിപ്പിച്ച്, അവിടെ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്ന അമ്മയാണ് ബിജി. മകളുടെ പ്രണയത്തേക്കാള്‍ സാമ്പത്തിക സുരക്ഷയ്ക്കും ഭാവിക്കും പ്രാധാന്യം നല്‍കുന്ന ഒരാള്‍.
എന്നാല്‍ ബിജിയെ അവളുടെ ജീവിതത്തിലൂടെ വായിക്കുമ്പോള്‍ ഈ തീരുമാനം മറ്റൊരു രീതിയില്‍ മനസിലാക്കാം. മദ്യപാനിയായ ഭര്‍ത്താവിനൊപ്പം ഒരു ജീവിതകാലം കഷ്ടപ്പെട്ട് ജീവിച്ച സ്ത്രീയാണ് ബിജി. അതുകൊണ്ടുതന്നെ തന്റെ മകള്‍ക്കും അതേ വിധി ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. മകള്‍ ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണം എന്നതാണ് അവരുടെ ചിന്ത.
അതുകൊണ്ടാണ് അയര്‍ലന്‍ഡിലേക്ക് മകളെ അയക്കുന്നതും. എന്നാല്‍ അവിടെ ജോലി ചെയ്ത് തിരിച്ചെത്തിയ ശേഷവും ബിജി ജസ്റ്റിനുമായുള്ള മകളുടെ ബന്ധത്തെ അംഗീകരിക്കുന്നില്ല. അവിടെയാണ് ഈ കഥാപാത്രം കുറച്ചുകൂടി സങ്കീര്‍ണമാകുന്നത്.

അങ്ങനെ നോക്കുമ്പോള്‍ ബെത്ലഹേമിലെ ഈ രണ്ട് അമ്മമാരും ‘ശരി-തെറ്റ്’ എന്ന ലളിതമായ രണ്ടറ്റങ്ങളില്‍ നില്‍ക്കുന്നവരല്ല. ഒരാള്‍ മകളുടെ സന്തോഷത്തിന് മുന്‍ഗണന നല്‍കുമ്പോള്‍, മറ്റൊരാള്‍ മകളുടെ സുരക്ഷിതമായ ഭാവിക്കാണ് മുന്‍ഗണന നല്‍കുന്നത്.
ഒരാള്‍ക്ക് സ്വന്തം വീട്ടിലെ സാഹചര്യം തന്നെയാണ് ഏറ്റവും വലിയ ഭയം. മറ്റൊരാള്‍ക്ക് മകള്‍ വീണ്ടും താന്‍ അനുഭവിച്ച ജീവിതത്തിലേക്ക് വീണുപോകുമോ എന്നതാണ് പേടി.
അതുകൊണ്ടുതന്നെ ‘ബെത്ലഹേം ഫാമിലി യൂണിറ്റ്’ പറയുന്ന രണ്ട് അമ്മമാരുടെ കഥ, മക്കളുടെ പ്രണയത്തെ അനുകൂലിക്കുന്ന അമ്മയും എതിര്‍ക്കുന്ന അമ്മയും എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. പകരം മകളെ ‘സ്നേഹിക്കുന്ന’ രണ്ട് അമ്മമാര്‍, പക്ഷേ ആ സ്നേഹം പ്രകടിപ്പിക്കുന്നതിലും മകളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതിലും തികച്ചും വ്യത്യസ്തമായ രണ്ട് വഴികള്‍ സ്വീകരിക്കുന്നവരാണ് ബെത്‌ലഹേമിലെ അമ്മമാര്‍..
Content Highlight: Two Mothers, Two Perspectives; The Mothers of Bethlehem Kudumba Unit
