ഇറാന്റെ വൈദ്യുതി സംവിധാനത്തെ തകര്‍ക്കുമെന്ന് ട്രംപ്; അരമണിക്കൂറിനുള്ളില്‍ മേഖലയെ മുഴുവന്‍ ഇരുട്ടിലാക്കുമെന്ന് ലാരിജാനി
World
ഇറാന്റെ വൈദ്യുതി സംവിധാനത്തെ തകര്‍ക്കുമെന്ന് ട്രംപ്; അരമണിക്കൂറിനുള്ളില്‍ മേഖലയെ മുഴുവന്‍ ഇരുട്ടിലാക്കുമെന്ന് ലാരിജാനി
നിഷാന. വി.വി
Friday, 13th March 2026, 10:42 am

ടെഹ്‌റാന്‍: ഇറാന്റെ വൈദ്യുതി സംവിധാനങ്ങളെ ആക്രമിച്ചാല്‍ അര മണിക്കൂറിനകം മേഖലയെ പൂര്‍ണമായും ഇരുട്ടിലാക്കുമെന്ന് ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി.

പശ്ചിമേഷ്യയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കിയാല്‍ ഇറാന്റെ വൈദ്യൂതി സംവിധാനങ്ങള്‍ തകര്‍ക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ലാരിജാനിയുടെ പ്രസ്താവന.

ഇറാന്റെ വൈദ്യൂതി സംവിധാനം തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ ഒരു മണിക്കൂറിനകം അത് നടപ്പിലാക്കാന്‍ യു.എസിന് കഴിയുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു.

ഇത് പുനര്‍നിര്‍മ്മിക്കാന്‍ ഇറാന്‍ 25 വര്‍ഷം എടുക്കുമെന്നും അതുകൊണ്ട് തന്നെ അത്തരത്തിലൊരു ആക്രമണം ഒഴിവാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം.

എന്നാല്‍ നിങ്ങളെക്കാള്‍ വലിയവര്‍ക്ക് ഇറാനെ ആക്രമിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സ്വയം ഇല്ലാതാക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ലാരിജാനി പറഞ്ഞു.

‘ അര മണിക്കൂറിനുള്ളില്‍ മേഖലയെ മുഴുവന്‍ ഇരുട്ടിലാക്കും. സുരക്ഷ തേടി ഓടുന്ന യു.എസ് സൈനികരെ വേട്ടയാടാന്‍ ഇരുട്ട് ധാരാളം അവസരങ്ങള്‍ നല്‍കുന്നു,’ ലാരിജാനി എക്‌സിലൂടെ പ്രതികരിച്ചു.

ഫെബ്രുവരി 28 നാണ് ഇറാനെതിരെ ഇസ്രഈല്‍-അമേരിക്ക സംയുക്ത യുദ്ധം ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പിന്നാലെ അമേരിക്കയുടെ സൈനിക താവളങ്ങളിലേക്കും ഇസ്രഈലിലേ കേന്ദ്രങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തി.

Content Highlight: Trump threatens to destroy Iran’s power system; Larijani says entire region will be plunged into darkness within half an hour

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.