Kerala
ഇറാന്‍ യുദ്ധം കാരണമുള്ള യു.എസ് ആയുധക്ഷാമം പരിഹരിച്ചെന്ന് തെറ്റിധാരിപ്പിച്ചു; പീറ്റ് ഹെഗ്‌സെത്തിനോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് ട്രംപ്
വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം കാരണം യു.എസിന്റെ ആയുധശേഖരം തീര്‍ന്നുപോകുന്നതില്‍ തന്നെ തെറ്റിധരിപ്പിച്ചതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ്. യു.എസ് പ്രസിഡന്റിന്റെ മെരിലാന്‍ഡിലുള്ള വസതിയായ ക്യാമ്പ് ഡേവിഡില്‍ വച്ചാണ് ഹെഗ്‌സെത്തിനോട് ട്രംപ് കടുത്ത ഭാഷയില്‍ സംസാരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആയുധക്ഷാമവുമായി ബന്ധപ്പെട്ട് താന്‍ എന്തുകൊണ്ട് തെറ്റിധരിക്കപ്പെട്ടുവെന്ന് ഹെഗ്‌സെത്തിനോട് ട്രംപ് ചോദിച്ചതായി ഈ വിഷയത്തെക്കുറിച്ച് അറിവുള്ള രണ്ട് പേരില്‍ നിന്ന് വിവരം ലഭിച്ചു. ആയുധക്ഷാമം പരിഹരിക്കപ്പെട്ടു എന്നാണ് താന്‍ കരുതിയെന്ന് ട്രംപ് ഹെഗ്‌സെത്തിനോട് പറഞ്ഞുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ദീര്‍ഘ ദൂര ഗൈഡഡ് മിസൈലുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് ആയുധ ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇറാനെതിരെ കൂടുതല്‍ വ്യോമാക്രമണം വേണ്ടെന്ന് ട്രമ്പ് തീരുമാനിക്കുന്നതിനുള്ള ഒരു കാരണവും ഈ ആയുധക്ഷാമമാണെന്നാണ് ഈ വിഷയത്തെ കുറിച്ച് അറിവുള്ളവരില്‍ നിന്നുള്ള വിവരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധം ചെയ്ത ആദ്യ മാസം മാത്രം 850ല്‍ അധികം ടൊമാഹോക് ക്രൂയിസ് മിസൈലുകള്‍ ഇറാനിലേക്ക് അയച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് ഈ വര്‍ഷം മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയിരത്തിലധികം പാട്രിയറ്റ് മിസൈലുകളും താഡ് സംവിധാനങ്ങളും ഈ കാലയളവില്‍ അമേരിക്ക ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പുറമെ ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റംസിന്റെ (എ.ടി.എ.സി.എം.എസ്) 1300ല്‍ അധികം ബാലിസ്റ്റിക് മിസൈലുകള്‍ യുദ്ധത്തിന്റെ ആദ്യ ആഴ്ചകളില്‍ യു.എസ് ഇറാനിലേക്ക് അയച്ചിരുന്നു. ഈ വിഭാഗത്തിലുള്ള മിസൈലുകള്‍ ഒന്നുപോലും ബാക്കിയില്ലാത്ത വിധം തീര്‍ന്നുപോയതായി വാഷിങ്ടണ്‍ പോസ്റ്റ് ഇന്ന് (ഓഗസ്റ്റ് ആറ്, വ്യാഴം) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഉക്രൈന്‍ യുദ്ധത്തിലും ആവശ്യമുള്ള മിസൈലാണ് ഇവയെന്നും വാഷിങ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
പാട്രിയറ്റ് വ്യോമ പ്രതിരരോധ മിസൈലുകള്‍ പോലുള്ള ആയുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പുതിയ കരാറുകള്‍ യു.എസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാവാന്‍ രണ്ട് വര്‍ഷത്തോളമെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആയുധക്ഷാമം പെട്ടെന്ന് പരിഹരിക്കാന്‍ യു.എസിന് മുന്നില്‍ ഒരു മാര്‍ഗവുമില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
മിഡില്‍ ഈസ്റ്റില്‍ മാത്രമല്ല യു.എസിനെ അവരുടെ ആയുധ ക്ഷാമം ബാധിക്കുക. ഉക്രൈനില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കാര്യത്തില്‍ ക്ഷാമമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എ.ടി.എ.സി.എം.എസ് മിസൈല്‍ സംവിധാനം അടക്കമുള്ള ആയുധങ്ങള്‍ ഉക്രൈനില്‍ ഉപയോഗിച്ചുവരുന്നവയാണ്.
ആയുധക്ഷാമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ട്രംപ് ഇന്ന് നിഷേധിച്ചിരുന്നു. ഇത്തരത്തില്‍ പുറത്ത് വരുന്നതെല്ലാം വ്യാജവാര്‍ത്തകളാണെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ അവകാശപ്പെട്ടു.
‘രാജ്യത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം പ്രതിരോധ കമ്പനികള്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നുണ്ട്. യു.എസിന്റെ പക്കല്‍ പ്രത്യേക ആവശ്യങ്ങള്‍ക്കുള്ളവ അടക്കമുള്ള ആയുധ ശേഖരമുണ്ട്. ആവശ്യാനുസരണം യു.എസിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നുണ്ട്,’ എന്നും ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ അവകാശപ്പെടുന്നു.
അതേസമയം, ഹെഗ്‌സെതുമായി താന്‍ അടച്ചിട്ട മുറിയില്‍ സംസാരിച്ചതായി ട്രംപ് സമ്മതിച്ചു. ദ അത്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ട്രമ്പ് ഈ കാര്യം തുറന്നു സമ്മതിച്ചത്. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കണമെന്ന് ട്രംപിനോട് ആദ്യകാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനാണ് ഹെഗ്‌സെത്.
ടെര്‍മിനല്‍ ഹൈ ആള്‍ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് (ടി.എച്ച്.എ.എ.ഡി) മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ള ഇന്റര്‍ സെപ്റ്ററുകളുടെ 80 ശതമാനവും യു.എസ് സൈന്യം ഉപയോഗിച്ചു തീര്‍ന്നതായി സി.എന്‍.എ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാട്രിയറ്റ് ഇന്റര്‍സെപ്റ്ററുകളുടെ 50 ശതമാനത്തോളവും ഉപയോഗിച്ച് കഴിഞ്ഞു. ഈ രണ്ട് യുദ്ധോപകരണങ്ങളുടെ ശേഖരവും ‘അപകടകരമാം വിധം കുറഞ്ഞു’ എന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനെതിരെ വലിയ ആക്രമണങ്ങള്‍ക്ക് യു.എസ് പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ അത് റദ്ദാക്കുകയാണെന്നും ഈ ഞായറാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. ഇറാനും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളും അപേക്ഷിച്ചതിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ വേണ്ടെന്ന് വച്ചതെന്നും ട്രംപ് അന്ന് അവകാശപ്പെട്ടിരുന്നു.
Content Highlight: Trump, Hegseth Reportedly Clashed over Iran missile depletion concerns
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.