ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വലിച്ചുകീറപ്പെടുകയാണ് ദൃശ്യം 3. സിനിമയിലെ ഓരോ സീനും ട്രോളന്മാര്‍ക്ക് ഇരയാകുന്നുണ്ട്. ചിത്രത്തില്‍ അന്‍സിബ അവതരിപ്പിച്ച അഞ്ജു ജോര്‍ജിന്റെ കഥാപാത്രത്തേയും ട്രോളന്‍മാര്‍ വിടുന്നില്ല.
സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം ഉള്ളില്‍ ഇപ്പോള്‍ ഒരൊറ്റ ചോദ്യമേയുള്ളൂവെന്നും ‘എന്താണ് ഇനി ആ പാവം അഞ്ചുവിന്റെ ഭാവി?’ എന്നതാണ് അതെന്നും പറഞ്ഞാണ് ട്രോളുകള്‍.
കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജുകുട്ടി നടത്തിയ ‘ബുദ്ധിപരമായ’ നീക്കങ്ങള്‍ ഒരു വശത്ത് ട്രോള്‍ ചെയ്യപ്പെടുമ്പോഴാണ് മറുവശത്ത് അഞ്ചുവിന്റെയും അവിരയുടെയും ഭാവി പ്രവചിച്ചുകൊണ്ട് ട്രോളന്‍മാര്‍ രംഗത്തെത്തുന്നത്.
മക്കള്‍ക്കും കുടുംബത്തിനും വേണ്ടി ഏതറ്റവും വരെ പോകുന്ന ജോര്‍ജുകുട്ടി, മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സ് കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടു എന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍.
ജീവിതത്തില്‍ ഒന്നു നുള്ളി പോലും നോവിക്കാത്ത അച്ഛന്‍, നാടകീയമായ പ്ലാനിന്റെ ഭാഗമായി മകളെ കത്തിക്ക് വെട്ടിയും വടികൊണ്ട് അടിച്ചുമാണ് ഹോസ്പിറ്റലില്‍ ആക്കിയത്. ആ വലിയ സങ്കടവും വേദനയും മാറി അവള്‍ ഒന്ന് കണ്ണ് തുറക്കുമ്പോള്‍ അറിയുന്നത്, തന്നെ ജീവനതുല്യം സ്‌നേഹിച്ച അച്ഛന്‍ ജയിലില്‍ ആയി എന്നാണ്!
ആരോ കല്യാണം കഴിച്ച് എങ്ങോട്ടോ പോയി. കല്യാണം കഴിഞ്ഞ അന്ന് രാത്രി തന്നെ ഭര്‍ത്താവ് നാടുവിട്ടു. ഇനിയൊരു കല്യാണ ആലോചന വന്നാല്‍ പോലും ആ അവിര എവിടെയുണ്ടെന്ന് കണ്ടുപിടിച്ച് ഡിവോഴ്‌സ് വാങ്ങണം.
നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിക്കാന്‍ വേണ്ടി നടത്തിയ ഒറിജിനല്‍ കല്യാണമായതു കൊണ്ട് തന്നെ, ഇനി മറ്റൊരു വിവാഹം സാധ്യമാകണമെങ്കില്‍ അതൊരു ‘രണ്ടാം വിവാഹം’ ആണെന്ന് അറിഞ്ഞു വേണം മുന്നോട്ടു നീങ്ങാന്‍. ചുരുക്കത്തില്‍ ആരോഗ്യം നഷ്ടപ്പെട്ട്, അച്ഛനും ഭര്‍ത്താവുമില്ലാതെ അഞ്ചുവിന്റെ ഭാവി പൂര്‍ണ്ണമായും ഇരുട്ടിലായെന്നാണ് ട്രോളന്‍മാരുടെ നിരീക്ഷണം.
അഞ്ചുവിന്റെ ഭാവിയെക്കുറിച്ച് ഓര്‍ത്തു വിഷമിക്കുന്ന ട്രോളന്മാര്‍ ചിത്രത്തിലെ ഏറ്റവും വലിയ കോമഡി ആയി കണക്കാക്കുന്നത് ‘അവിര’ യുടെ കഥാപാത്രത്തെ തന്നെയാണ്.
പ്രഭാകരന്‍ കുറച്ചു ക്യാഷ് കൊടുത്തു സഹായിച്ചു എന്ന ഒറ്റ കാരണത്താല്‍ സ്വന്തം ജീവിതം കുളംതോണ്ടിയ ലോകത്തിലെ ഏക ബിസിനസുകാരന്‍ അവിര ആയിരിക്കുമെന്ന് ട്രോളന്‍മാര്‍ പറയുന്നു.
ജോര്‍ജുകുട്ടിയെപ്പോലെ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും ബെസ്റ്റ് അമ്മായിയപ്പനെയും കുടുംബത്തെയും കളഞ്ഞിട്ടാണ് അവിര ഈ ‘ടുണീഷ്യന്‍ ദുരന്തം’ ചോദിച്ചു വാങ്ങിയതെന്നും എന്തായാലും ദൃശ്യം 3-ലൂടെ ജോര്‍ജുകുട്ടി ജയിലിലും, അഞ്ചു ഹോസ്പിറ്റലിലും, അവിര ടുണീഷ്യയിലുമായി എന്നും ട്രോളുകള്‍ ഉണ്ട്.
ഒ.ടി.ടി റിലീസിന് പിന്നാലെ ചെറിയ രീതിയിലുള്ള ട്രോളുകള്‍ ചിത്രത്തിന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ വിമര്‍ശിക്കപ്പെടുന്നത്. തിരക്കഥയിലെ ലോജിക്കില്ലായ്മയും സീരിയല്‍ ലെവല്‍ മേക്കിങ്ങും തന്നെയാണ് പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നത്.
Content Highlight: Trollers Predict Anju’s Future After the Climax of ‘Drishyam 3’