പൂജയൊന്നുമില്ല, ടൈറ്റാണ്... മായ ഓര്‍ഡര്‍ ചെയ്ത ഡ്രസ്സുകളുടെ പൈസ തന്നിരുന്നെങ്കില്‍.... വൈറലായി സര്‍വ്വം മായ ട്രോള്‍
Malayalam Cinema
പൂജയൊന്നുമില്ല, ടൈറ്റാണ്... മായ ഓര്‍ഡര്‍ ചെയ്ത ഡ്രസ്സുകളുടെ പൈസ തന്നിരുന്നെങ്കില്‍.... വൈറലായി സര്‍വ്വം മായ ട്രോള്‍
അമര്‍നാഥ് എം.
Wednesday, 4th February 2026, 11:27 am

സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ് പ്രഭേന്ദുവും ഡെലൂലുവും. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ ഈയടുത്ത് വന്നതില്‍ മികച്ച സിനിമകളിലൊന്നാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. നിവിന്‍ പോളി നായകനായെത്തിയ ഈ ഫീല്‍ ഗുഡ് ഹൊറര്‍ ചിത്രത്തിലെ പല രംഗങ്ങളും ചര്‍ച്ചയായിരിക്കുകയാണ്.

ചിത്രം സോഷ്യല്‍ മീഡിയയിലും ഹിറ്റായതോടെ ട്രോളന്മാരും രംഗത്തെത്തിയിട്ടുണ്ട്. സര്‍വ്വം മായയിലെ പല രംഗങ്ങളും തങ്ങളുടേതായ രീതിയില്‍ മാറ്റി അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലായിക്കഴിഞ്ഞു. അത്തരത്തിലൊരു പോസ്റ്റ് എല്ലാവരെയും ചിരിപ്പിക്കുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ഇമോഷണലായ രംഗം തമാശയിലേക്ക് മാറ്റിക്കൊണ്ടുള്ള പോസ്റ്റാണ് വൈറലായത്.

സര്‍വ്വം മായ Photo: Jio Hotstar

മായയുടെ വീട്ടിലെത്തുന്ന പ്രഭേന്ദു അമ്മയോട് സംസാരിക്കുന്ന രംഗം ട്രോളന്മാര്‍ അടിമുടി മാറ്റി. മായയുടെ സുഹൃത്താണെന്ന് പറയുന്ന യഥാര്‍ത്ഥ സീന്‍ തമാശരൂപത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മായയുടെ ആത്മാവ് കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നോടൊപ്പം ഉണ്ടായിരുന്നെന്ന് പ്രഭേന്ദു മായയുടെ അമ്മയോട് പറയുന്നതായാണ് പോസ്റ്റിലുള്ളത്.

തന്റെ ക്രെഡിറ്റ് കാര്‍ഡും പൈസയും ഉപയോഗിച്ച് മായ ഒരുപാട് ഡ്രസുകള്‍ വാങ്ങിയിട്ടുണ്ടെന്നും അതിന്റെ പൈസ തന്നാല്‍ തനിക്ക് പോകാമായിരുന്നെന്നുമാണ് പ്രഭേന്ദു പറയുന്നത്. ഇപ്പോള്‍ പൂജയൊന്നുമില്ലെന്നും ടൈറ്റായതുകൊണ്ടാണ് പൈസ ചോദിക്കാന്‍ വന്നതെന്നും പോസ്റ്റിലുണ്ട്. പ്രഭേന്ദുവിന്റെ ഡയലോഗ് കേട്ട് അന്തംവിട്ടുനില്‍ക്കുന്ന മായയുടെ അമ്മയെയും പോസ്റ്റില്‍ കാണാനാകും.

സര്‍വ്വം മായ Photo: Jio Hotstar

മല്ലു സര്‍ക്കാസ്റ്റിക് ക്ലബ് എന്ന പ്രൈവറ്റ് ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. കഴിഞ്ഞദിവസം ഷെയര്‍ ചെയ്ത പോസ്റ്റ് വളരെവേഗത്തില്‍ വൈറലായി മാറി. തന്റേതായ രീതിയില്‍ ഒരു സിനിമയുടെ സീന്‍ തന്നെ മാറ്റിയ പോസ്റ്റിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് കമന്റും ലൈക്കും പങ്കുവെച്ചത്. പ്രൈവറ്റ് ഗ്രൂപ്പിലെ പോസ്റ്റായതിനാല്‍ പബ്ലിക് ഷെയര്‍ സാധ്യമാകില്ലെന്നും ചിലര്‍ നിരാശ പങ്കുവെച്ചു.

മായ എന്ന കഥാപാത്രത്തിന്റെ കാമുകന്‍ ആരാണെന്ന തരത്തിലുള്ള ട്രോള്‍ പോസ്റ്റും അടുത്തിടെ വൈറലായിരുന്നു. നിവിന്‍ അവതരിപ്പിച്ച പ്രഭേന്ദുവാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് ചില പോസ്റ്റുകളില്‍ അതിനെ ട്രോളിക്കൊണ്ടുള്ള മറുപടിയായിരുന്നു. പ്രഭേന്ദുവിന്റെ ചേട്ടനെയും കസിനെയും വല്യച്ഛനെയും വരെ മായയുടെ കാമുകനാക്കി ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വ്വം മായ. പ്രഭേന്ദു എന്ന നിരീശ്വവാദിയായ പൂജാരിക്ക് നേരിടേണ്ടിവരുന്ന സൂപ്പര്‍നാച്ചുറല്‍ സംഭവങ്ങളെ ഫീല്‍ ഗുഡ് ഴോണറില്‍ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍. ക്രിസ്മസ് റിലീസായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 150 കോടിയോളം സ്വന്തമാക്കിയിരുന്നു.

Content Highlight: Troll post about Sarvam Maya viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം