കറുപ്പിന്റെ ക്ലൈമാക്‌സില്‍ ഉറഞ്ഞുതുള്ളി ആരാധിക; എന്തൊക്കെയാ ഈ കൊച്ചുതിയേറ്ററില്‍ നടക്കുന്നതെന്ന് സോഷ്യല്‍ മീഡിയ
Indian Cinema
കറുപ്പിന്റെ ക്ലൈമാക്‌സില്‍ ഉറഞ്ഞുതുള്ളി ആരാധിക; എന്തൊക്കെയാ ഈ കൊച്ചുതിയേറ്ററില്‍ നടക്കുന്നതെന്ന് സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 19th May 2026, 5:20 pm

എല്ലാ വിധത്തിലും ഉറങ്ങിക്കിടന്ന തമിഴ് സിനിമയ്ക്ക് ഏതെങ്കിലും വിധത്തില്‍ ആശ്വസിക്കാനായി തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ആര്‍.ജെ.ബാലാജി സംവിധാനം ചെയ്ത് സൂര്യ നായകനായ കറുപ്പ്. കഴിഞ്ഞ 13 വര്‍ഷത്തിലധികമായി ബോക്‌സ് ഓഫീസില്‍ ഒരു ഹിറ്റില്ലാതെ കാലിടറിയ സൂര്യയെ സംബന്ധിച്ചിടത്തോളം മരുഭൂമിയില്‍ ലഭിച്ച മഴയായിരുന്നു ചിത്രം. ഒട്ടേറ പ്രതിസന്ധികള്‍ നേരിട്ട് തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണവുമായി ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്.

മാസ് ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിനൊപ്പം യുവസംഗീതജ്ഞന്‍ സായ് അഭ്യങ്കാറിന്റെ സംഗീതവും ചേര്‍ന്നപ്പോള്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റുന്ന കാഴ്ച്ചയാണ് കേരളത്തില്‍ നിന്നടക്കം കാണാന്‍ സാധിക്കുന്നത്. ചിത്രത്തിന് കിട്ടിയ വിജയത്തില്‍ വികാരതീതനായ സംവിധായകന്റെ കാഴ്ച്ചയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രം കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ തമിഴ്‌നാട്ടിലെ ഒരു തിയേറ്ററില്‍ നിന്നുമുണ്ടായ സംഭവത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

കറുപ്പ്. Photo: X.com

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ഉറഞ്ഞുതുള്ളുന്ന ഒരു മധ്യവയസ്‌കയുടെ വീഡിയോ ആണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തിയേറ്ററിലെ മങ്ങിയ വെളിച്ചത്തില്‍ ഇരുകൈകളും ഉയര്‍ത്തി നാവ് പുറത്തേക്കിട്ട് ഫുള്‍ എനര്‍ജിയിലാണ് സ്ത്രീയുടെ പ്രകടനം. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനൊപ്പം ഇവര്‍ അലറി വിളിക്കുന്നതും വീഡിയോയില്‍ കാണാം.

പോസ്റ്റ് വൈറലായതോടെ ചിത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കറുപ്പ് സ്വാമി കാരണമാണ് ഇത്തരത്തില്‍ സ്ത്രീക്ക് അനുഭവമുണ്ടായിരിക്കുന്നതെന്നുള്ള കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തെക്കന്‍ തമിഴ്‌നാട്ടില്‍ വലിയ രീതിയില്‍ ആരാധിക്കുന്ന കറുപ്പ് സ്വാമിയെന്ന വിശ്വാസത്തെ പശ്ചാത്തലമാക്കി കൊണ്ടാണ് ആര്‍.ജെ.ബാലാജി ചിത്രം ഒരുക്കിയിട്ടുള്ളത്. ഇതോടെ ചിത്രം കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ കറുപ്പ് സ്വാമിയുടെ അനുഗ്രഹം ലഭിച്ചതായിരിക്കും ഇത്തരത്തില്‍ സ്ത്രീ പെരുമാറാന്‍ കാരണമെന്നും പലരും അഭിപ്രായപ്പെടുന്നു.

കറുപ്പ്. Photo: X.com

എന്നാല്‍ വീഡിയോക്ക് ട്രോളായി വരുന്നവരാണ് സോഷ്യല്‍ മീഡിയയില്‍ എണ്ണത്തില്‍ കൂടുതല്‍. സായ് അഭ്യങ്കറിന്റെ ഡപ്പാന്‍ കൂത്ത് കേട്ട് ചേച്ചിക്ക് നൃത്തം ചെയ്യാന്‍ മൂഡ് ആയതായിരിക്കുമെന്നും ആകെ ഒരു സ്റ്റെപ്പ് മാത്രം അറിയുന്നത് കൊണ്ട് അത് ഉറഞ്ഞുതുള്ളല്‍ പോലെ തോന്നിയതായിരിക്കുമെന്നും പലരും പരിഹസിക്കുന്നു. ഇത്തരത്തിലുള്ള അന്ധവിശ്വാസ പ്രകടനങ്ങള്‍ തിയേറ്ററിനകത്ത് പ്രോത്സാഹിപ്പക്കരുതെന്ന് നിര്‍ദേശിക്കുന്നവരുമുണ്ട്.

Content Highlight: Troll for video which shows lady dancing in Karuppu climax at theatre

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.