രാത്രി അടച്ചിട്ട് എല്ലാവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്ന പൊലീസ് സ്റ്റേഷന്‍; ഒ.ടി.ടി റിലീസിന് പിന്നാലെ ദൃഢത്തിന് ട്രോള്‍
Malayalam Cinema
രാത്രി അടച്ചിട്ട് എല്ലാവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്ന പൊലീസ് സ്റ്റേഷന്‍; ഒ.ടി.ടി റിലീസിന് പിന്നാലെ ദൃഢത്തിന് ട്രോള്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 15th June 2026, 8:53 pm

മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്ത് മെയ് 8ന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ദൃഢം. യുവനടന്‍ ഷെയ്ന്‍ നിഗം പൊലീസ് വേഷത്തിലെത്തിയ ചിത്രം ക്രൈം ത്രില്ലര്‍ ഴോണറിലായിരുന്നു സംവിധായകന്‍ ഒരുക്കിയിരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പ്രത്യേകം ട്വിസ്റ്റും സംവിധായകന്‍ ഒളിപ്പിച്ചുവെച്ചിരുന്നെങ്കിലും പ്രേക്ഷകരെ കണ്‍വിന്‍സ് ചെയ്യാന്‍ പലയിടത്തും ചിത്രത്തിന് സാധിക്കാതെ പോകുകയും തിയേറ്ററില്‍ ചിത്രം പരാജയമായി മാറുകയും ചെയ്യുകയായിരുന്നു.

കുഴിനിലം എന്ന പൊലീസ് സ്റ്റേഷനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ആദ്യമായി എസ്.ഐ ആയി ചാര്‍ജെടുക്കാന്‍ വരുന്ന വിജയ് രാധാകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഷെയ്ന്‍ വേഷമിടുന്നത്. കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും തന്നെയില്ലാത്ത പ്രദേശത്തേ് വിജയ് ഓഫീസറായെത്തുന്നതോടെ കൊലപാതകവും മോഷണവും അടക്കമുള്ള സംഭവങ്ങളുടെ പരമ്പര തന്നെ അരങ്ങേറുകയും തുടര്‍ന്നുണ്ടാകുന്ന കുറ്റന്വേഷണവുമായി ചിത്രം പുരോഗമിക്കുന്നതുമാണ് കഥാപശ്ചാത്തലം.

ദൃഢം. Photo: Jio Hotstar

എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ ട്രോളുകളില്‍ നിറയുകയാണ് കുഴിനിലം പൊലീസ് സ്റ്റേഷനും പൊലീസുകാരും. ചിത്രത്തിന്റെ ആദ്യപകുതിയില്‍ തന്നെയുള്ള സീനാണ് ട്രോളുകളുടെ പ്രധാന കാരണം. 3 വനിതാ കോണ്‍സ്റ്റബിള്‍ അടക്കം പത്തില്‍ താഴെ പൊലീസുകാരുള്ള സ്റ്റേഷനില്‍ എല്ലാവരും ചേര്‍ന്ന് താമസസ്ഥലത്ത് പാര്‍ട്ടി കൂടുന്ന രംഗമാണ് പരിഹാസത്തിന് കാരണമായിരിക്കുന്നത്.

നൈറ്റ് ഷിഫ്റ്റ് എന്ന സംഭവം ഈ പൊലീസ് സ്റ്റേഷനിലില്ലേ എന്നും എല്ലാ പൊലീസുകാരും ചേര്‍ന്ന് രാത്രി പാര്‍ട്ടി നടത്തിയാല്‍ ആരാണ് നൈറ്റ് ഡ്യൂട്ടിയിലുണ്ടാകുക എന്നുമുള്ള ന്യായമായ സംശയമാണ് പലരും ഉന്നയിക്കുന്നത്. രാത്രി ആയാല്‍ ക്ലോസ്ഡ് എന്ന് ബോര്‍ഡ് എഴുതിവെച്ച് ലൈറ്റ് ഓഫ് ചെയ്ത് എല്ലാവരും പോയി കിടന്നുറങ്ങുന്ന പൊലീസ് സ്റ്റേഷന്‍ ആദ്യമായാണ് കാണുന്നതെന്നും പലരും അഭിപ്രായപ്പെടുന്നു.

ദൃഢം. Photo: Jio Hotstar

സംവിധായകന്‍ പൊലീസ് സ്റ്റേഷന് സെറ്റിട്ട രീതിയെയും പലരും വിമര്‍ശിക്കുന്നുണ്ട്. ആകെ എസ്.ഐയുടെ റൂമും അവിടെ നിന്നും പുറത്തിറങ്ങിയാല്‍ ഒരു ഹാളും അവിടെ നിന്ന് കഥാപ്രസംഗം നടത്തുന്നതും പലപ്പോഴും അരോചകരമായി തോന്നിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിജയ് രാധാകൃഷ്ണന്റെ നിഷ്‌കളങ്കതയെയും പലരും കളിയാക്കുന്നുണ്ട്. ചിത്രത്തിന്റെ പേര് ദൃഢം എന്ന് മാറ്റി ‘എന്നാല്‍ ശരി കൃഷ്‌ണേട്ടാ’ എന്ന് ആക്കാമെന്നാണ് ഒരു കമന്റ്. പണി സിനിമയില്‍ വെടിമറ ജൂഡന്‍ സ്റ്റേഷന്‍ രാവിലെ എപ്പോഴാണ് തുറക്കുക എന്ന് ചോദിച്ചത് പോലെയാണ് ദൃഢത്തിലെ കാര്യമെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Troll for a scene in Dridam movie starring Shane Nigam

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.