ടൊവിനോ തോമസ് നായകനായ തല്ലുമാല തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ തോമസ്, ലുക്മാന്‍ അവറാന്‍, സ്വാതി ദാസ് പ്രഭു, ഓസ്റ്റിന്‍, അദ്രി ജോയ് എന്നിവരുള്‍പ്പെട്ട അഞ്ചംഗ സംഘത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. അഞ്ച് പേരും ഒന്നിച്ചപ്പോള്‍ മികച്ച ഒരു ചിത്രം ഉണ്ടായതിനൊപ്പം മികച്ച സുഹൃത്ത്ബന്ധവും രൂപപ്പെട്ടിരുന്നു.
പള്ളിക്ക് മുമ്പിലുണ്ടായ തല്ലിലൂടെയാണ് ടൊവിനോ അവതരിപ്പിച്ച വസീമും ലുക്മാന്‍ അവതരിപ്പിച്ച ജംഷിയും തമ്മിലുള്ള സൗഹൃദം ഉണ്ടാകുന്നത്. ഈ തല്ലിന്റെ ബി.ടി.എസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. ലുക്മാനെ ഫാന്‍ പോലെ വട്ടം കറക്കി മലര്‍ത്തിയടിക്കുന്നുണ്ട് വീഡിയോയില്‍ ടൊവിനോ.
‘ഫാന്‍ പോലെ കറങ്ങണിണ്ടല്ലോ,’ എന്നാണ് ടൊവിനോ വീഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍. കഴിഞ്ഞ ദിവസം ഇരുവരും തല്ലുമാലയില്‍ പരസ്പരം തല്ലുന്ന ഫോട്ടോകള്‍ ഇട്ട് ഇന്‍സ്റ്റഗ്രാം തല്ലുണ്ടാക്കിയതിന്റെ തുടര്‍ച്ചയാണോ ഇത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

പള്ളിയുടെ മുന്നില്‍ വെച്ച് ജംഷി വസീമിനെ തല്ലുന്ന ഫോട്ടോ ലുക്മാനാണ് ആദ്യം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. വസീമിനെ അടിച്ചുവീഴ്ത്തുന്ന ഫോട്ടോക്ക് ‘ഇതെവിടെ പോകുന്നു ടൊവിനോ തോമസ്’ എന്നാണ് ലുക്മാന്‍ ക്യാപ്ഷന്‍ നല്‍കിത്. ‘ഒന്ന് കുളിച്ചിട്ട് വരാം. ഓകെ ബൈ..’ എന്ന് ഇതിന് ടൊവിനോ കമന്റ് ചെയ്യുകയും ചെയ്തു.
‘എന്റേല് ഒരു ഐറ്റം ഉണ്ട്, ഇടട്ടെ’ എന്ന് മറ്റൊരു കമന്റില്‍ പറഞ്ഞ ടൊവിനോ, ജംഷിയെ നിലത്തിട്ട് പെരുമാറുന്ന വസീമിന്റെ ഫോട്ടോയും തന്റെ ടൈംലൈനില്‍ പങ്കുവെച്ചു.
