അതിരടി ക്ലൈമാക്‌സ് ഷൂട്ടിലെ ആ വേദനയിലും അവര്‍ക്ക് എന്നോട് കരുതലുണ്ടല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു: ടൊവിനോ
Movie Day
അതിരടി ക്ലൈമാക്‌സ് ഷൂട്ടിലെ ആ വേദനയിലും അവര്‍ക്ക് എന്നോട് കരുതലുണ്ടല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th May 2026, 4:23 pm

അതിരടി ഷൂട്ടിന്റെ ക്ലൈമാക്‌സിനിടെയുണ്ടായ അത്ര രസകരമല്ലാത്ത ചില സംഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ടൊവിനോ തോമസും ബേസില്‍ ജോസഫും.

ഷൂട്ടിനിടെ ടൊവിനോയ്ക്ക് അസുഖമായതിനെ കുറിച്ചും 500 ഓളം ആര്‍ടിസ്റ്റുകള്‍ ഉണ്ടായിട്ടും ഷൂട്ട് നിര്‍ത്തിവെക്കാമെന്ന് ബേസിലുള്‍പ്പെടെ തന്നോട് പറഞ്ഞതിനെ കുറിച്ചുമൊക്കെയാണ് പേളി മാണി ഷോയില്‍ ടൊവിനോ സംസാരിച്ചത്.

മുന്‍പ് ഗോദ ഷൂട്ടിനിടെ ഒരു അപടമുണ്ടായപ്പോള്‍ കണ്ടിന്യുറ്റിയുടെ കാര്യം പറഞ്ഞ് കരഞ്ഞതും ഇതേ ബേസിലായിരുന്നെന്നും അത് താന്‍ എളുപ്പം മറക്കില്ലെന്നും ടൊവിനോ പറഞ്ഞു.

‘ക്ലൈമാക്‌സ് ഷൂട്ടാണ്. ആ സമയത്ത് എനിക്ക് കിഡ്‌നി സ്റ്റോണ്‍ വന്നിട്ട് ഭയങ്കര വേദനയായിരുന്നു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആവേണ്ട അവസ്ഥയുണ്ടായി. നൈറ്റ് ഷൂട്ടാണ്. ഷൂട്ട് മുടങ്ങരുത് എന്ന് എനിക്കുണ്ടായിരുന്നു. നമ്മള്‍ എല്ലാവരും കൂടെ ചെയ്യുന്ന പടമാണ് മാത്രമല്ല. അവസാന ദിവസങ്ങളാണ്. 500 ലേറേ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എങ്കിലും ഉണ്ടാകും.

അങ്ങനെ ഒരു വലിയ സെറ്റപ്പിലാണ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. വേദന എന്ന് പറഞ്ഞാല്‍ ഭയങ്കര വേദനയാണ്. പെയിന്‍ കില്ലര്‍ അടിച്ചാല്‍ വേദന കുറയും. പക്ഷേ പൂര്‍ണമായും പോകില്ല. എങ്ങനെയെങ്കിലും മാനേജ് ചെയ്യാം.

ഇതിന്റെ വേദന ഒരു വിങ്ങല്‍ പോലെ ഇങ്ങനെ കൂടികൂടികൂടി വരുന്നത് നമുക്ക് മനസിലാകും. തുടങ്ങിയാല്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല.

ബേസില്‍, ടൊവിനോ തോമസ്

ആശുപത്രിയില്‍ എത്തിയാല്‍ വീണ്ടും പെയിന്‍ കില്ലര്‍ അടിക്കേണ്ടി വരും. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ പെയിന്‍ കില്ലര്‍ അടിക്കുന്ന അത്ര നല്ലതല്ല. ആ സമയം ഇവനും സമീറും വന്നിട്ട് എടാ നിര്‍ത്താം കുഴപ്പമില്ല നീ റെസ്റ്റ് എടുക്കൂ. നമുക്ക് പാക്ക് അപ്പ് ചെയ്യാമെന്ന് പറഞ്ഞു.

ഷൂട്ട് തുടങ്ങിയിട്ടേയുള്ളൂ. പുലര്‍ച്ചെ വരെ ഷൂട്ടുണ്ട്. എന്നിട്ട് പോലും കുഴപ്പമില്ല നീ പോയ്‌ക്കോ എന്ന് ഇവര്‍ പറഞ്ഞു. ആ വേദനയിലും ഇവര്‍ക്ക് എന്നോട് കരുതല്‍ ഉണ്ടല്ലോ എന്നോര്‍ത്ത് സന്തോഷമായി. പക്ഷേ എന്നാലും ഷൂട്ട് മുടങ്ങരുത് എന്നായിരുന്നു മനസില്‍. കുറച്ച് സമയം കൂടി തരണമെന്ന് പറഞ്ഞ് ഒരു ഭീകര പെയിന്‍ കില്ലര്‍ എടുത്ത് തിരിച്ച് വന്ന് ഞാന്‍ അഭിനയിച്ചു.

ബേസില്‍, ടൊവിനോ തോമസ് Photo: Pearle Maaney Show/Screen Grab

അത് കഴിഞ്ഞ് പിറ്റേ ദിവസം ഞാന്‍ ഇങ്ങനെ മനസ്സില്‍ ആലോചിച്ചു. എന്നാലും അവര്‍ എന്റെ അടുത്ത് ഷൂട്ട് നിര്‍ത്തിവെക്കാമെന്ന് പറഞ്ഞല്ലോ, സിനിമയെക്കാള്‍ അവര്‍ സൗഹൃദത്തിനും എന്റെ ആരോഗ്യത്തിനും വില കൊടുത്തല്ലോ എന്ന് ആലോചിച്ചു, എന്ന് ടൊവിനോ പറഞ്ഞ് നിര്‍ത്തിയതും ആ വേദനയും വെച്ച് നിന്നോട് ഷൂട്ട് ചെയ്യാമെന്നെങ്ങാന്‍ പറഞ്ഞിരുന്നെങ്കില്‍ ജീവിത കാലം മുഴുവന്‍ നീ കണക്കുപറയുമെന്നായിരുന്നു ബേസിലിന്റെ മറുപടി. ആ കാരണം കൊണ്ട് മാത്രമാണ് അങ്ങനെ പറഞ്ഞതെന്നും ബേസില്‍ പറഞ്ഞു.

പണ്ട് ഗോദ ഷൂട്ടിനിടെ ഇവനൊരു ഇടികിട്ടിയതിന്റെ കഥ ഇന്നലെ കൂടി താന്‍ കേട്ടെന്നായിരുന്നു ബേസില്‍ പറഞ്ഞു.

ഗോദ ഷൂട്ടിനിടെ തന്റെ നെറ്റി പൊട്ടി ചോരയൊലിച്ചപ്പോള്‍ അയ്യോ തന്റെ കണ്ടിന്യുറ്റി പോയി എന്ന് പറഞ്ഞ് കരഞ്ഞവനാണ് ബേസിലെന്നും അതിന് താന്‍ കണക്ക് പറയണ്ടേയെന്നുമായിരുന്നു ഇതിനോടുള്ള ടൊവിനോയുടെ മറുപടി.

Content Highlight: Tovino Thomas Share Athiradi Movie cliamax Shoot