ഗോദ, മായാനദി, തീവണ്ടി, എ.ആർ.എം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ടൊവിനോ തോമസ്. എന്നാൽ, സ്ക്രീനിൽ മാസ്സ് കാണിക്കുന്ന താരം യഥാർത്ഥ ജീവിതത്തിൽ വലിയൊരു
ആംബിവേർട്ട് ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്.
തനിക്ക് പരിചയമില്ലാത്ത ആളുകളോട് സംസാരിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും, സ്വിഗ്ഗിയിലോ സൊമാറ്റോയിലോ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യാനും ഹോട്ടലുകളിൽ റൂം സർവീസ് ബുക്ക് ചെയ്യാനും വലിയ മടിയും പേടിയുമുണ്ടെന്നും താരം വെളിപ്പെടുത്തി. അപരിചിതരോട് സംസാരിക്കുന്നതിലും ഭേദം ഭക്ഷണം കഴിക്കാതിരിക്കലാണെന്ന് കരുതുന്ന ആളാണ് താൻ എന്നും ദി ക്യൂ വിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.
ആൾക്കൂട്ടവും ബഹളവും വലിയ ബുദ്ധിമുട്ടായതിനാൽ പാർട്ടികളിൽ നിന്നും മാറിനിൽക്കാറുള്ള താൻ ഇപ്പോൾ സിനിമയുടെ ഭാഗമായതുകൊണ്ട് മാത്രമാണ് ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നതെന്നും ടൊവിനോ കൂട്ടിച്ചേർത്തു. പണ്ട് മുതൽക്കേ ആളുകളോട് ഇടപഴകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും പിന്നീട് നല്ല സുഹൃത്തുക്കളെ കിട്ടിയപ്പോഴാണ് ഈ സ്വഭാവത്തിൽ മാറ്റം വന്നതെന്നും താരം ഓർത്തെടുത്തു.
അതേസമയം, ടൊവിനോ തോമസും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിൽ എത്തിയ പുതിയ ചിത്രം ‘അതിരടി’ തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുകയാണ്. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ഈ മാസ് ക്യാമ്പസ് കോമഡി ആക്ഷൻ എൻ്റർടൈനർ ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം മുതൽക്കേ മികച്ച കളക്ഷനും പ്രേക്ഷക പ്രശംസയുമാണ് നേടുന്നത്.
ചിത്രത്തിൽ ‘കുട്ടൻ’ എന്ന വേറിട്ട നെഗറ്റീവ് വില്ലൻ കഥാപാത്രമായാണ് ടൊവിനോ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. താരത്തിന്റെ പ്രകടനം തിയേറ്ററുകളിൽ വലിയ കൈയടിയാണ് നേടുന്നത്. ബേസിൽ ജോസഫ് ആദ്യമായി നിർമാണ പങ്കാളിയാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘അതിരടി’ക്കുണ്ട്.
വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, റിയ ഷിബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലവും ഏറെ ശ്രദ്ധിക്കപ്പെടുന്നു. സൂപ്പർഹിറ്റ് ചിത്രം ‘മിന്നൽ മുരളി’ക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ, ടൊവിനോ-ബേസിൽ കൂട്ടുകെട്ടിനെ വീണ്ടും ഒന്നിച്ചെത്തിച്ചപ്പോൾ ബോക്സ് ഓഫീസിൽ ‘അതിരടി’ വൻ വിജയമായി മാറിക്കഴിഞ്ഞു. ടൊവിനോയുടെ വ്യക്തിപരമായ വെളിപ്പെടുത്തലുകളും ചിത്രത്തിന്റെ വിജയവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്.
Content Highlight: Tovino Thomas Opens up about his fear.