ചുരുങ്ങിയ കാലം കൊണ്ട് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ നടനാണ് ടൊവിനോ തോമസ്. സഹനടനായി കരിയറാരംഭിച്ച ടൊവിനോ പിന്നീട് നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ചു. മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ താരം പിന്നീട് 2018ലൂടെ കൂടുതല്‍ ജനശ്രദ്ധ നേടി. എ.ആര്‍.എമ്മിലുടെ 50ാമത് ചിത്രമെന്ന നാഴികക്കല്ലും ടൊവിനോ പിന്നിട്ടു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പള്ളിച്ചട്ടമ്പി റിലീസിന് തയാറെടുക്കുകയാണ്. ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യം വെക്കുന്നത്. ചിത്രത്തിന്റെ ആന്ധ്ര/ തെലങ്കാന, തമിഴ്‌നാട് പ്രൊമോഷനുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ടൊവിനോ തോമസ് Photo: Screen grab/ Sreyas media network
കഴിഞ്ഞദിവസം ഹൈദരബാദില്‍ നടന്ന പ്രൊമോഷന്‍ പരിപാടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. മലയാള സിനിമ മറ്റ് ഇന്‍ഡസ്ട്രികളില്‍ നേടുന്ന റീച്ചും അന്യഭാഷയില്‍ എന്തുകൊണ്ട് അവസരങ്ങള്‍ക്കായി ശ്രമിക്കുന്നില്ലെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ടൊവിനോ നല്‍കിയ മറുപടി ശ്രദ്ധിക്കപ്പെട്ടു. മാധ്യമപ്രവര്‍ത്തകരിലൊരാള്‍ കേരള സ്റ്റോറി 2നെക്കുറിച്ച് ചോദിച്ച ചോദ്യവും ശ്രദ്ധ നേടി.
കേരള സ്‌റ്റോറിയുടെ ആദ്യഭാഗം റിലീസായ സമയത്ത് അതിനെതിരെ പോസ്റ്റിട്ട ടൊവിനോ എന്തുകൊണ്ട് രണ്ടാം ഭാഗത്തിനെതിരെ ഒന്നും സംസാരിച്ചില്ലെന്നായിരുന്നു ചോദ്യം. മലയാള സിനിമയില്‍ ആരും ആ സിനിമക്കെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ആദ്യഭാഗം റിലീസായ സമയത്ത് അത്തമൊരു പോസ്റ്റ് പങ്കുവെക്കേണ്ടത് തന്റെ കടമയായിരുന്നെന്ന് ടൊവിനോ പറഞ്ഞു.
‘എന്റെ നാടിന്റെ കഥ ഇങ്ങനെയല്ല എന്ന് പറയേണ്ട ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് കേരള സ്റ്റോറിക്കെതിരെ അങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചത്. പക്ഷേ, രണ്ടാം ഭാഗത്തിന് അത് വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെയൊരു സിനിമയെക്കുറിച്ച് ഞാന്‍ പറഞ്ഞതുകൊണ്ട് അതിന് പ്രൊമോഷന്‍ കിട്ടണ്ട എന്ന് തന്നെ കരുതി.
ഇപ്പോള്‍ ആ സിനിമയുടെ അവസ്ഥ നോക്കൂ. ആരും ആ പടം കാണാതെ അത് ഫ്‌ളോപ്പായി. അത്തരം സിനിമകള്‍ പരാജയപ്പെടുകയാണ് വേണ്ടത്. വെറുതേ എന്തിനാ നമ്മള്‍ കാരണം ആ സിനിമ ഹിറ്റാകുന്നത്,’ ടൊവിനോ തോമസ് പറയുന്നു.
ടൊവിനോ തോമസ്. Photo: Industryhit.com
കരിയറിലെ അടുത്ത ബിഗ് ബജറ്റ് ചിത്രവുമായി ടൊവിനോ എത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. 1950കളില്‍ കേരളത്തില്‍ നടന്ന വിമോചന സമരത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിച്ചട്ടമ്പിയുടെ കഥ പുരോഗമിക്കുന്നത്. കയേദു ലോഹറാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റായി മാറി. ഏപ്രില്‍ ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Tovino Thomas explains why he didn’t react against Kerala Story 2 movie