ലോകത്താകമാനം ഒരുപാട് ആരാധകരുള്ള കെ-പോപ്പ് ബാന്‍ഡാണ് ബി.ടി.എസ്. ഏഴ് അംഗങ്ങളുള്ള ഇവര്‍ രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനം നിലനില്‍ക്കുന്നതിനാല്‍ 2022ല്‍ കരിയര്‍ ബ്രേക്ക് പ്രഖ്യാപിച്ചിരുന്നു.

ബി.ടി.എസ് രാജ്യത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത സൈനിക സേവനത്തിന് പോയതോടെ ആരാധകര്‍ ഏറെ നിരാശയിലാണ്. ഇതേസമയം, ബി.ടി.എസ് ആര്‍മിക്ക് ഏറെ സന്തോഷമുള്ള ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്.

ബി.ടി.എസിനെ കുറിച്ചുള്ള പുതിയ കോമിക് പുസ്തകം (മാംഗ) വരുന്നു. ‘ഫേം(Fame)’ എന്ന പേരിലാണ് ഈ മാംഗയെത്തുന്നത്. ആകെ 22 പേജുകളാണ് ഇതിന് ഉണ്ടാവുക.

കഴിഞ്ഞ ദിവസമായിരുന്നു ടൈഡല്‍വേവ് പ്രൊഡക്ഷന്‍സ് ഔദ്യോഗികമായി ഈകാര്യം പ്രഖ്യാപിച്ചത്. ജനുവരി 10നാകും ഈ കോമിക് പുസ്തകം പുറത്തിറങ്ങുന്നത്.

ഇതിനായുള്ള പ്രീ-ഓര്‍ഡര്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. കോമിക് പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ബി.ടി.എസ് ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെയാണിത്.

‘ഫേം(Fame)’ ഒരുപോലെ ഡിജിറ്റല്‍ ഫോര്‍മാറ്റുകളിലും ഫിസിക്കല്‍ ഫോര്‍മാറ്റുകളിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, നിലവില്‍ സൈനിക സേവനത്തിന് വേണ്ടിയുള്ള ഇടവേളയിലുള്ള ബി.ടി.എസ് തങ്ങളുടെ സൈനിക സേവനം പൂര്‍ത്തിയാക്കി 2025ല്‍ വീണ്ടും ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അംഗങ്ങളില്‍ ഏറ്റവും ആദ്യമായി 2022 ഡിസംബര്‍ 13ന് സൈനിക സേവനത്തിന് പോയത് ജിന്‍ ആയിരുന്നു. പിന്നാലെ 2023ല്‍ ഏപ്രില്‍ 18ന് ജെ-ഹോപ്പും മിലിട്ടറിയിലേക്ക് പോയി. സെപ്റ്റംബറിലായിരുന്നു ഷുഗയും മിലിട്ടറിയിലേക്ക് പോവുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നത്. പിന്നാലെ ഈയിടെയായി മറ്റുള്ളവരും സൈനിക സേവനത്തിനായി പോയി.

Content Highlight: Tidalwave Productions Announced BTS Comic Book Fame