അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ തുനിവിന്റെ ട്രെയിലര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമ തിയേറ്ററില്‍ ആഘോഷമാകുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

ഒരു ബാങ്ക് കൊള്ളയടിക്കുന്നതോടെ ആരംഭിക്കുന്ന ട്രെയിലറില്‍ അജിത് പൊലീസാണോ കൊള്ളക്കാരനാണോ എന്ന ചോദ്യം ബാക്കിയാക്കുന്നുണ്ട്. മഞ്ജു വാര്യറിന്റെ ആക്ഷന്‍ പ്രകടനമാണ് ട്രെയ്‌ലറിന്റെ മറ്റൊരു മുഖ്യ ആകര്‍ഷണം.

കണ്‍മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. നടിയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുണിവ്. ആദ്യ ചിത്രം ധനുഷിന്റെ അസുരന്‍ ആയിരുന്നു. ചിത്രം ജനുവരി 13 പൊങ്കല്‍ ദിനത്തിലാണ് റിലീസ് ചെയ്യുക.

ചിത്രത്തില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് കെജിഎഫ്, സര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജോണ്‍ കൊക്കനാണ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. തുനിവിന്റെ ഒ.ടി.ടി അവകാശം നെറ്റ്ഫ്‌ളിക്‌സിനാണ് ലഭിച്ചിരിക്കുന്നത് ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

തുനിവിനു ശേഷം വിഘ്‌നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ചിത്രം ജനുവരി 13ന് തിയറ്ററുകളിലെത്തും.

content highlight: thunivu movie trailer out