പ്രളയം കഴിഞ്ഞ് മൂന്ന് മാസം; കാരശ്ശേരി പഞ്ചായത്തിലെ ദുരിതാശ്വാസ വസ്തുക്കള്‍ വാര്‍ഡ് മെമ്പര്‍ കടത്തുന്നെന്നാരോപണം; നിഷേധിച്ച് പഞ്ചായത്ത്
Focus on Politics
പ്രളയം കഴിഞ്ഞ് മൂന്ന് മാസം; കാരശ്ശേരി പഞ്ചായത്തിലെ ദുരിതാശ്വാസ വസ്തുക്കള്‍ വാര്‍ഡ് മെമ്പര്‍ കടത്തുന്നെന്നാരോപണം; നിഷേധിച്ച് പഞ്ചായത്ത്
അശ്വിന്‍ രാജ്
Monday, 3rd December 2018, 8:29 pm

കോഴിക്കോട്: ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വേര്‍തിരിവ് ഇല്ലാതെ കേരളം ഒറ്റകെട്ടായി നേരിട്ട പ്രളയം കഴിഞ്ഞിട്ട് മൂന്ന് മാസം കഴിഞ്ഞിരിക്കുന്നു. തങ്ങളാല്‍ കഴിയുന്ന സഹായം ദുരിതമനുവഭിക്കുന്നവര്‍ക്ക് എത്തിക്കാന്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ കിണഞ്ഞു ശ്രമിക്കുകയും ചെയ്തു.

ഇതില്‍ കോഴിക്കോട് ജില്ല ഭരണകൂടത്തിന്റെ പ്രവര്‍ത്തികള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അന്നത്തെ കളക്ടര്‍ യു.വി ജോസ് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുരിതശ്വാസത്തിനായി വസ്ത്രങ്ങളും മരുന്നുകളും ഭക്ഷണ സാമഗ്രികളും എത്തിച്ചു നല്‍കിയിരുന്നു.

ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രളയദുരിതമനുഭവിച്ച മലയോര പഞ്ചായത്തുകളിലേക്കും മറ്റ് ജില്ലകളിലേക്കും “സ്‌നേഹപൂര്‍വ്വം കോഴിക്കോട്” എന്ന പേരില്‍ സഹായം എത്തിക്കാന്‍ ജില്ലാ ഭരണകൂടത്തിനായി. എന്നാല്‍ ഇത്തരത്തില്‍ പ്രളയദുരിതാശ്വാസത്തിനായി എത്തിയ വസ്തുക്കള്‍ അര്‍ഹതപ്പെട്ടവരില്‍ എത്തിക്കാതെ പൂഴ്ത്തിവെയ്ക്കുകയും കടത്തികൊണ്ട് പോയെന്നുമാണ് പുതിയ ആരോപണം.

കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രളയ ദുരിതം അനുഭവിച്ച പഞ്ചായത്തുകളില്‍ ഒന്നായ കാരശ്ശേരി പഞ്ചായത്ത് അധികൃതര്‍ക്ക് നേരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എല്‍.ഡി.എഫ് നേതൃത്വത്തില്‍ ഭരിക്കുന്ന പഞ്ചായത്തിലെ കാരശ്ശേരി സാംസ്‌കാരിക നിലയത്തിലും കറുത്തപറമ്പ് സാംസ്‌കാരിക നിലയത്തിലുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കൂട്ടിയ “സ്‌നേഹപൂര്‍വ്വം കോഴിക്കോട്” എന്ന ലേബല്‍ ഒട്ടിച്ചതടക്കം, ദുരിതാശ്വാസ സാമഗ്രികളുടെ ഇരുന്നൂറോളം ബോക്‌സുകള്‍ അടച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

ഇവിടെ നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ജയിച്ച കറുത്തപറമ്പ് വാര്‍ഡ് മെമ്പര്‍ സവാദ് ഇബ്രാഹിം സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. രണ്ട് ദിവസം മുമ്പാണ് ഇത്തരമൊരു സംഭവം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതും മെമ്പറുടെ നടപടി കണ്ടെത്തിയതെന്നുമാണ് പ്രദേശവാസിയും കെ.എസ്.യു ജില്ലാ സെക്രട്ടറിയുമായ മുഹമ്മദ് ദിഷാല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

Also Read  ആര്‍.എസ്.എസിന്റെ ഒക്കച്ചങ്ങാതിമാരാണ് കോണ്‍ഗ്രസെന്ന് പിണറായി; ആഭ്യന്തരം വത്സന്‍ തില്ലങ്കേരിയുടെ കയ്യിലെന്ന് ചെന്നിത്തല; സഭയില്‍ രൂക്ഷവാക്‌പോരുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

പ്രളയ ദുരിതാശ്വാസത്തിനായി എത്തിയ ഈ സാധനങ്ങള്‍ മുഴുവന്‍ ഈ രണ്ട് ഹാളുകളിലായി കെട്ടികിടക്കുകയാണ്. രണ്ട് ദിവസം മുമ്പ് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാത്രി കാത്തിരിക്കുകയും സംഭവം കൈയ്യോടെ പിടിക്കുകയുമായിരുന്നു. പഞ്ചായത്ത് മെമ്പറായ സവാദ് ഇബ്രാഹിമും കുറച്ചുപേരും സാധനങ്ങള്‍ ഉള്ള റൂം അര്‍ധരാത്രിയില്‍ എത്തി തുറന്ന സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതാണ്. എന്തിനാണ് വന്നതെന്ന ചോദ്യത്തിന് ക്ലീന്‍ ചെയ്യാനാണ് എന്നായിരുന്നു വിശദീകരണം എന്നും മുഹമ്മദ് ദിഷാല്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് തള്ളി. വാര്‍ഡ് മെമ്പര്‍ സാധനങ്ങള്‍ കടത്തികൊണ്ട് പോകാന്‍ നോക്കി എന്നത് ശുദ്ധ നുണയാണെന്നും ഏതാനും ദിവസം മാത്രം പഞ്ചായത്ത് നേരിട്ട് എത്തിച്ച വസ്തുക്കളാണ് ഇതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

” പ്രളയകാലത്ത് ജില്ലാ ഭരണകൂടം ശേഖരിച്ച വസ്തുക്കളില്‍ ഏറ്റവും അവസാനം എത്തിയ വസ്തുക്കളാണ് ഇത്. ആരും കൊണ്ട് പോകാതെ വെച്ച ഈ വസ്തുക്കള്‍ പഞ്ചായത്ത് എടുക്കാം എന്ന് പറഞ്ഞ് പതിനഞ്ച് ദിവസം മുമ്പ് മാത്രം കൊണ്ട് വന്ന സാധനങ്ങളാണ് ഇത്. രണ്ട് തവണയായി കൊണ്ട് വന്നതാണ് ഇത്. ഇന്റോര്‍ സ്റ്റേഡിയം ഒഴിച്ച് കൊടുക്കാനുണ്ടായിരുന്നതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ചോദിച്ചതിനെ തുടര്‍ന്നായിരുന്നു സാധങ്ങള്‍ ഞങ്ങള്‍ നേരിട്ട് പോയി എടുത്തത്. ആവശ്യത്തിന് സാധനങ്ങള്‍ ഉണ്ടെന്നായിരുന്നു പറഞ്ഞത് എന്നാല്‍ പഞ്ചായത്തിലെ പ്രളയത്തില്‍ അകപ്പെട്ട എല്ലാവര്‍ക്കും കൊടുക്കാനുള്ള സാധനങ്ങളില്ല ഇതില്‍. ആയിരത്തോളം പേരുടെ വീട്ടില്‍ വെള്ളം കയറിയിട്ടുണ്ട് ഇതില്‍ ഏതെങ്കിലും ഒരു കൂട്ടര്‍ക്ക് സാധനങ്ങള്‍ കൈമാറാന്‍ കഴിയില്ല. അത് കൊണ്ട് എന്ത് ചെയ്യണമെന്ന് പഞ്ചായത്ത് ആലോചിക്കുകയാണെന്നും വിനോദ് പറയുന്നു.

Also Read  ശബരിമലയില്‍ താനടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതും സി.പി സുഗതന്‍: ചിത്രസഹിതം വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക

പഞ്ചായത്ത് നേരിട്ട് കൊണ്ട് വന്ന സാധനങ്ങളാണ് ഇതെന്നും വാര്‍ഡ് മെമ്പര്‍മാര്‍ക്ക് കൊണ്ട് പോകാനോ മറ്റ് വല്ലവര്‍ക്കും കൊടുക്കാനായിരെന്നെങ്കില്‍ മുമ്പ് തന്നെ കൊണ്ട് പോകാമായിരുന്നെന്നും വിനോദ് കൂട്ടി ചേര്‍ത്തു.

പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് വസ്തുക്കള്‍ കൊണ്ട് വെച്ചത് വിവിധ മീറ്റിംഗുകള്‍ ഇവിടെ നടക്കാറുണ്ട്. ഒരു ഗൂഢസ്ഥലത്തൊന്നുമല്ല സംഭവമുള്ളത്. മെമ്പറുടെ വീട്ടിലേക്ക് സാധനങ്ങള്‍ കൊണ്ട് പോയി എന്ന് പറയുന്നത് ശുദ്ധ നുണയാണെന്നും വിനോദ് പറഞ്ഞു. പ്രളയകാലത്തും മുമ്പ് നിപാ പ്രതിരോധ കാലത്തും മാതൃകപരമായ പ്രവര്‍ത്തനം നടത്തിയതാണ് തങ്ങളുടെ പഞ്ചയത്തെന്നും വിവിധയിടങ്ങളില്‍ നിന്ന് എത്തിയ വസ്തുക്കള്‍ പ്രളയ ബാധിതര്‍ക്ക് നല്‍കിയിരുന്നെന്നും വിനോദ് പറയുന്നു.

( സംഭവത്തില്‍ വാര്‍ഡ് മെമ്പറായ സവാദ് ഇബ്രാഹിമിനെ ബന്ധപ്പെടാന്‍ ഡുള്‍ ന്യൂസിന് സാധിച്ചില്ല )

ചിത്രങ്ങള്‍ മുഹമ്മദ് ദിഷാല്‍ 

DoolNews Video

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.