ഇതുപോലൊരു അഴിമതി നിറഞ്ഞ സര്‍ക്കാര്‍ വേറെയില്ല; മമതാ സര്‍ക്കാരിനെതിരെ അമിത് ഷാ
India
ഇതുപോലൊരു അഴിമതി നിറഞ്ഞ സര്‍ക്കാര്‍ വേറെയില്ല; മമതാ സര്‍ക്കാരിനെതിരെ അമിത് ഷാ
രാഗേന്ദു. പി.ആര്‍
Sunday, 1st February 2026, 9:11 am

സിലിഗുരി: തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ പോലെ അഴിമതി നിറഞ്ഞ മറ്റൊരു ഭരണകൂടവും രാജ്യത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

തൃണമൂലിന്റെ സിന്‍ഡിക്കേറ്റ് രാജും അഴിമതിയും കാരണം മമതാ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇന്നലെ (ശനി) സിലിഗുരിയില്‍ നടന്ന ബി.ജെ.പി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ അധ്യാപക നിയമനം, റേഷന്‍ വിതരണം, പി.എം ആവാസ് പദ്ധതി എന്നിവയില്‍ അടക്കം അഴിമതി നടന്നുവെന്നാണ് കേന്ദ്രമന്ത്രിയുടെ ആരോപണം.

അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ മമതാ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു. മേഖലയില്‍ ബി.എസ്.എഫിന് അതിര് വേര്‍തിരിക്കാന്‍ ഭൂമി വേണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നുവെന്നും ഇതുസംബന്ധിച്ച് മമത ബാനര്‍ജിക്ക് ഏഴ് തവണ കത്തെഴുതിയെന്നും ഷാ പറയുന്നു.

എന്നാല്‍ സുരക്ഷാ സേനയ്ക്ക് ഭൂമി നല്‍കുന്നതില്‍ മമതാ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ഷായുടെ വാദം.

ബംഗാളിലെ വിവിധ സമുദായങ്ങള്‍ക്ക് ഇടയില്‍ വിദ്വേഷം വളര്‍ത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണെന്നും അമിത് ഷാ ആരോപിച്ചു. ഇത്തരത്തില്‍ വിദ്വേഷം വളര്‍ത്തുന്നത് പശ്ചിമ ബംഗാളിന്റെ ഐക്യത്തിന് ഭീഷണിയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാളിലെ എല്ലാ സീറ്റുകളും ബി.ജെ.പി തൂത്തുവാരുമെന്നും അമിത് ഷാ അവകാശപ്പെട്ടു. ഭയവും നുഴഞ്ഞുകയറ്റവും ഇല്ലാത്ത ‘സോണാര്‍ ബംഗ്ല’യാണ് ഷാ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ടി.എം.സി സര്‍ക്കാര്‍ 10 ലക്ഷം കോടി രൂപയുടെ കേന്ദ്ര ഫണ്ടുകള്‍ സിന്‍ഡിക്കേറ്റുകളിലൂടെ വിഴുങ്ങിയെന്നും ആരോപണമുണ്ട്. പല കേസുകളിലായി നിയമനടപടി നേരിടുന്ന ടി.എം.സി നേതാക്കളുടെ പേരെടുത്ത് പറഞ്ഞ ഷാ, തൃണമൂല്‍ ഇവര്‍ക്ക് ടിക്കറ്റ് നല്‍കിയാലും പിന്തുണക്കരുതെന്നും ആവശ്യപ്പെട്ടു.

ഇതിനുപുറമെ, ബംഗാളിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം (എസ്.ഐ.ആര്‍) പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കുന്നില്ലെന്നും ഷാ പറഞ്ഞു. മമത ബാനര്‍ജി എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നതെന്നും അമിത് ഷാ ചോദിച്ചു.

Content Highlight: There is no other government as corrupt as this one: Amit Shah against Mamata’s government

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.