കേരളത്തില്‍ നിക്ഷേപ അന്തരീക്ഷമില്ല; ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനയെന്നും കേന്ദ്ര ധനമന്ത്രി; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് എം.പിമാര്‍
India
കേരളത്തില്‍ നിക്ഷേപ അന്തരീക്ഷമില്ല; ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനയെന്നും കേന്ദ്ര ധനമന്ത്രി; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് എം.പിമാര്‍
അനിത സി
Wednesday, 11th February 2026, 10:14 pm

ന്യൂദല്‍ഹി: കേരളത്തിനെതിരെ വിമര്‍ശന ശരം തുറന്ന് വിട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് ചര്‍ച്ചയിലെ മറുപടി പ്രസംഗം. കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ ലക്ഷ്യമിട്ട് പ്രസംഗിച്ച കേന്ദ്രമന്ത്രി കേരളത്തില്‍ ക്രമസമാധാനനില വളരെ മോശമാണെന്നും നിക്ഷേപ അന്തരീക്ഷം സംസ്ഥാനത്ത് നിലനില്‍ക്കുന്നില്ലെന്നും വിമര്‍ശിച്ചു.

ഇടത് സര്‍ക്കാരുകള്‍ ഭരിക്കുന്നിടത്ത് വികസനമില്ല. കേരളത്തില്‍ 3500 കോടി നിക്ഷേപവുമായി വന്നയാള്‍ മടങ്ങിപ്പോയി. കേരളത്തിലെ 399 സഹകരണ സംഘങ്ങളിലും തട്ടിപ്പാണ് നടക്കുന്നത്. നിക്ഷേപ സൗഹാര്‍ദമായ അന്തരീക്ഷത്തിനായി കേരളം കഠിനാധ്വാനം ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ക്രമസമാധാനനിലയെ വിമര്‍ശിച്ച കേന്ദ്ര മന്ത്രി, ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണെന്നും പിന്നോക്കക്കാര്‍ക്ക് എതിരായ ഉയര്‍ന്ന കുറ്റകൃത്യ നിരക്ക് കേരളത്തിലാണെന്നും ആരോപിച്ചു.

സംസ്ഥാനത്ത് 125 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. 30 രാഷ്ട്രീയ കൊലപാതകങ്ങള്‍ പിണറായി വിജയന്റെ കാലത്താണ് നടന്നതെന്നും അവര്‍ ആരോപിച്ചു.

അതേസമയം, കേരളത്തിനെതിരായ അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ നടുത്തളത്തിലിറങ്ങി.

പശ്ചിമ ബംഗാളിനെതിരെയും ധനമന്ത്രി കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്തെ ക്രമസമാധാന നിലയെ മെച്ചപ്പെടുത്താതെ സ്ത്രീകളോട് രാത്രിയില്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയണമെന്ന് ആഹ്വാനം ചെയ്യുകയാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ബംഗാളില്‍ പ്രവര്‍ത്തിക്കുന്നത് ബോംബ് സംസ്‌കാരമാണ് നിയമവാഴ്ച അവിടെയില്ല. സാധാരണക്കാരെ കുറിച്ച് അത്രയേറെ ആശങ്കയുണ്ടെങ്കില്‍ ദല്‍ഹിയെ അപേക്ഷിച്ച് കൊല്‍ക്കത്തയില്‍ പെട്രോള്‍ വില 10 രൂപ കൂടുതലായത് എന്തുകൊണ്ടാണെന്നും കേന്ദ്ര ധനമന്ത്രി ചോദിച്ചു.

ബംഗാളിന് വേണ്ടി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നേടിയെടുക്കാന്‍ അവര്‍ക്ക് ശ്രമിക്കാമെന്നും ധനമന്ത്രി പറഞ്ഞു.

സെസും സര്‍ചാര്‍ജുകളും പിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ആ തുക സംസ്ഥാനങ്ങളുമായി പങ്കിടുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെയും നിര്‍മല സീതാരാമന്‍ തള്ളിക്കളഞ്ഞു. വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സെസും സര്‍ചാര്‍ജും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടിന്റെ 41 ശതമാനത്തില്‍ നിന്നും അത് വ്യത്യസ്തമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Content Highlight: There is no investment climate in Kerala; Union Finance Minister says there is an increase in atrocities against Dalits; MPs protest

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍