മൂന്ന് ഫ്‌ളോപ്പ് കഴിഞ്ഞിട്ടാണ് സൂര്യയുടെ കറുപ്പ് വന്നത്, എന്നാല്‍ ബ്ലാസ്റ്റ് ആണ് സര്‍പ്രൈസ് ഹിറ്റ്: സുരേഷ് ഷേണായി
Indian Cinema
മൂന്ന് ഫ്‌ളോപ്പ് കഴിഞ്ഞിട്ടാണ് സൂര്യയുടെ കറുപ്പ് വന്നത്, എന്നാല്‍ ബ്ലാസ്റ്റ് ആണ് സര്‍പ്രൈസ് ഹിറ്റ്: സുരേഷ് ഷേണായി
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 1st August 2026, 9:13 pm

തമിഴ് ചിത്രങ്ങള്‍ക്കും വലിയ മാര്‍ക്കറ്റുള്ള സംസ്ഥാനമാണ് കേരളം. തമിഴ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കളക്ഷനില്‍ നല്ല ഒരു വിഹിതം നല്‍കുന്നതില്‍ മലയാള സിനിമാ പ്രേമികള്‍ വഹിക്കുന്ന പങ്ക് വലുതാണ്. ഈ വര്‍ഷം തമിഴില്‍ നിന്നും പുറത്തിറങ്ങി കേരളത്തില്‍ വലിയ വിജയം നേടിയ രണ്ട് ചിത്രങ്ങളായിരുന്നു സൂര്യ നായകനായ കറുപ്പും സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ബ്ലാസ്റ്റും. വര്‍ഷങ്ങളായി സൂര്യയ്ക്ക് നേരിടേണ്ടി വന്ന തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷമാണ് ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പിലൂടെ താരം ഒരു ഹിറ്റ് സ്വന്തമാക്കിയത്. ആഗോളതലത്തില്‍ മുന്നൂറ് കോടിയിലധികമായിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. അതേസമയം എഴുപത്തിയഞ്ച് കോടിയിലധികമായിരുന്നു ബ്ലാസ്റ്റ് സ്വന്തമാക്കിയത്.

Photo: District

എന്നാല്‍ ഇരു ചിത്രങ്ങളുടെയും കേരളത്തിലെ കളക്ഷന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. വലിയ താരനിരയില്ലാതെ തിയേറ്ററുകിലെത്തിയ ആക്ഷന്‍ ചിത്രമായ ബ്ലാസ്റ്റ് പതിനഞ്ച് കോടിയിലധികമായിരുന്നു കേരളത്തില്‍ നിന്നും സ്വന്തമാക്കിയത്. അതേസ്ഥാനത്ത് കറുപ്പിന് ലഭിച്ച കളക്ഷന്‍ 13 കോടിയായിയരുന്നു. ഇപ്പോഴിതാ ബ്ലാസ്റ്റ് കേരള ബോക്‌സ് ഓഫീസില്‍ സര്‍പ്രൈസ് ഹിറ്റ് ആയതിനെ കുറിച്ച് തിയേറ്റര്‍ ഉടമ സുരേഷ് ഷേണായി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘മൂന്ന് ഫ്‌ളോപ്പ് കഴിഞ്ഞ ശേഷമാണ് സൂര്യയുടെ കറുപ്പ് തിയേറ്ററുകളിലേക്കെത്തുന്നത്. കേരളത്തിലും സമാന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് ചിത്രങ്ങളും വാഷൗട്ടായി പോകുകയായിരുന്നു. അതുകൊണ്ട് തന്നെ കറുപ്പിന് വിചാരിച്ച പോലെ ഒരു ഇനീഷ്യല്‍ കളക്ഷന്‍ ഒന്നും ലഭിച്ചിരുന്നില്ല. എന്നിട്ടും കണ്ടന്റ് നല്ലതായത് കൊണ്ടും പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ചത് കൊണ്ടും ചിത്രം കയറി പോകുകയായിരുന്നു. പക്ഷേ ബ്ലാസ്റ്റാണ് ആക്ച്വലി ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റ്. ബ്ലാസ്റ്റില്‍ പറയാന്‍ ഒന്നുമില്ല. തങ്ങളുടെ സുവര്‍ണ കാലം പിന്നിട്ട ആക്ടേഴ്‌സാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. അവര്‍ക്ക് പറയത്തക്ക സ്റ്റാര്‍ വാല്യൂ ഒന്നുമില്ല.

സുരേഷ് ഷേണായി. Photo: Screen Grab/ Reporter Films/ Youtube.com

ആര്‍ക്കും ചിത്രത്തെ കുറിച്ച് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പൂര്‍ണമായും കണ്ടന്റിന്റെ വിജയമാണ് അത് നേടിയത്. അന്ന് ബ്ലാസ്റ്റ് റിലീസ് ചെയ്യുമ്പോള്‍ തന്നെ അ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. നൂറില്‍ താഴെ മാത്രമായിരുന്നു ആദ്യദിനം അവരുടെ സ്‌ക്രീന്‍ കൗണ്ട്. ചെറിയ സ്‌ക്രീനുകള്‍ മതിയെന്നായിരുന്നു തിയേറ്ററുകാരും പറഞ്ഞത്. എന്നാല്‍ പോസിറ്റീവ് റിപ്പോര്‍ട്ട് വന്നതോടെ രണ്ടാമത്തെ ആഴ്ച്ചയിലേക്കെത്തിയപ്പോള്‍ സ്‌ക്രീന്‍ കൗണ്ട് ഡബിളായി,’ സുരേഷ് ഷേണായി പറഞ്ഞു.

Content Highlight: Theatre Owner Suresh Shenai talks about Victory of Blast and Karuppu From Kerala

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.