'പട്ടി ഷോ പട്ടി ഷോ..... ബേസിലിന്റെ പട്ടി ഷോ', അതിരടിയിലെ രണ്ടാം ഗാനം പുറത്ത്
Malayalam Cinema
'പട്ടി ഷോ പട്ടി ഷോ..... ബേസിലിന്റെ പട്ടി ഷോ', അതിരടിയിലെ രണ്ടാം ഗാനം പുറത്ത്
നന്ദന എം.സി
Sunday, 3rd May 2026, 3:30 pm

മലയാള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന മൾട്ടി സ്റ്റാർ ചിത്രങ്ങളിലൊന്നാണ് അതിരടി. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ‘പട്ടി ഷോ’എന്ന് തുടങ്ങുന്ന ഈ ഗാനം എന്റർടൈന്റ്‌മെന്റ് മൂഡിലാണ് ഒരുക്കിയിരിക്കുന്നത്.

ബേസിൽ ജോസഫ്,Photo: YouTube/ Screengrab

ഡാബ്സി, അറിവ്, സുഹൈൽ കോയ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് സുഹൈൽ കോയയും അറിവും ചേർന്നാണ്. പട്ടി ഷോ എന്ന ഗാനം പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ഗാനം ഇതിനകം തന്നെ ശ്രദ്ധനേടുന്നുണ്ട്.

നേരത്തെ പുറത്തിറങ്ങിയ ആദ്യഗാനമായ ‘ഇഫ് യു നോ യു നോ’ യും മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. റിയ ഷിബുവും ബേസിൽ ജോസഫും തമ്മിലുള്ള റൊമാന്റിക് ട്രാക്കായി എത്തിയ ഈ ഗാനം യുവാക്കൾക്കിടയിൽ വൈറലായിരുന്നു. ഫെജോ, പൂർണിമ കണ്ണൻ എന്നിവർ ആലപിച്ച ഗാനത്തിനും സംഗീതം ഒരുക്കിയത് വിഷ്ണു വിജയ് തന്നെയായിരുന്നു.

മെയ് 14ന് ചിത്രം തിയേറ്ററുകളിൽ എത്തും. മലയാള സിനിമയിലെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായ ദൃശ്യം 3 റിലീസാകുന്നതിനും ഒരാഴ്ച മുമ്പാണ് അതിരടിയുടെ വരവ്. അതിനാൽ ബോക്സ് ഓഫിസിൽ വലിയ മത്സരം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ

അതിരടി, Photo: YouTube/ Screengrab

ചിത്രത്തിലെ താരങ്ങളുടെ ലുക്കുകളും ഇതിനകം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കോളേജ് വിദ്യാർത്ഥിയുടെ സ്റ്റൈലിഷ് മേക്കോവറിൽ ബേസിൽ ജോസഫിനെ അവതരിപ്പിക്കുമ്പോൾ, മാസ്സ് ഗെറ്റപ്പിലാണ് ടൊവിനോ തോമസിനെ കാണിക്കുന്നത്. വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇവരുടെ കോമ്പിനേഷൻ തന്നെയാകും പ്രധാന ആകർഷണമെന്നാണ് സൂചന.

നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ‘സാം ബോയ്’ എന്ന കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ ചിത്രത്തിൽ എത്തുന്നത്. ടീസറും പോസ്റ്ററുകളും ഗാനങ്ങളും കണ്ട പ്രേക്ഷകർക്ക് മുന്നിൽ, ഒരു പക്കാ ഫൺ എന്റർടെയ്നറായി അതിരടി എത്തുമെന്ന് ഉറപ്പാണ്.

Content Highlight: The second song from the movie Athiradi has been released.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.