തിരുവനന്തപുരം: തിരുവനന്തപുരത്തെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കാപ്പ തടവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നല്‍കിയ ഹരജി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.

സുഗതന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. വട്ടിയൂര്‍കാവ് പൊലീസിന്റെ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സുഗതന്‍. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം ചുമത്തിയിരുന്ന കരുതല്‍ തടങ്കല്‍ ഉത്തരവാണ് കോടതി റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്.

ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് മുരളീ കൃഷ്ണന്‍ എസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് വിധി പറഞ്ഞത്.

2019 ഓഗസ്റ്റ് 25ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ച സംഭവത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20ന് മറ്റൊരാളുടെ വീട്ടില്‍ അതിക്രമിച്ച് കയറി വാഹനങ്ങളും വീടുംതകര്‍ത്ത കേസ്, അതേ വര്‍ഷം ജൂലൈ 17ന് ഭര്‍ത്താവിന് എതിരെയുള്ള പകതീര്‍ക്കാന്‍ അയാളുടെ ഭാര്യയെ വീട്ടില്‍ കയറി അക്രമിച്ച കേസിലും പ്രതിയാണ് സുഗതന്‍.

2025 മാര്‍ച്ചില്‍ ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അക്രമിച്ച കേസ്, സെക്യൂരിറ്റി ജീവനക്കാരന് പണം നല്‍കാത്തതിനെ തുടര്‍ന്ന് ജുഡ്യീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2ന് അന്ന് എം.എല്‍.എ ആയിരുന്ന വി.കെ പ്രശാന്തിന്റെ പരാതിയില്‍ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസപ്പെടുത്തിയ കേസിലും പ്രതിയാണ് ആര്‍ സുഗതന്‍.

ഈ കേസുകള്‍ എല്ലാം നിലനില്‍ക്കുമ്പോഴാണ് സുഗതന്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വാഴോട്ടുകോണത്ത് മത്സരിക്കുകയും കൗണ്‍സിലറായി ജയിക്കുകയും ചെയ്തത്.

ജയിലിലായതിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ജയില്‍ സുപ്രണ്ട് വഴി സുഗതന്‍ നല്‍കിയ ആറ് മാസത്തെ അപേക്ഷ മേയര്‍ വി.വി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം നേരത്തെ അംഗീകരിച്ചിരുന്നു.

Content Highlights: The High Court has quashed the preventive detention of BJP Councilor R. Sugathan under KAAPA.