തിരുവനന്തപുരം: സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ വനിതാ സംരംഭകര്‍ക്കായി പ്രദര്‍ശന-വിപണന മേള എസ്‌കലേറ-2025 നാളെ (ചൊവ്വ) ആരംഭിക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മേള ഉദ്ഘാടനം ചെയ്യും. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി അധ്യക്ഷത വഹിക്കും.

സംരംഭകരായ വനിതകള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുകയാണ് എസ്‌കലേറയുടെ ലക്ഷ്യം. കേരളത്തില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ജോലി ചെയ്യുന്ന അറിയപ്പെടാത്ത സ്ത്രീകള്‍ക്ക് വലിയ മാര്‍ക്കറ്റിങ് അവസരം ഒരുക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇടപ്പഴഞ്ഞി ആര്‍.ഡി.ആര്‍ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

‘ശാക്തീകരണത്തിലേക്ക്, ആനന്ദത്തിലേക്ക്, പാതി ആകാശത്തിലേക്ക്’ മേളയുടെ മുദ്രാവാക്യം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം വനിതാ സംരംഭകര്‍ മേളയില്‍ പങ്കെടുക്കും. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകരുടെ ഉത്പന്നങ്ങളും വില്‍പ്പനക്കുണ്ടാകും. തനത് ഉത്പന്നങ്ങളാണ് മേളയിലുണ്ടാകുക. സെമിനാറുകള്‍, ഇന്നോവേറ്റേഴ്‌സ് ഫോറം, പാനല്‍ ചര്‍ച്ചകള്‍ എന്നിവയും എസ്‌കലേറയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യമേളയും സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായുണ്ട്.

ടെക്‌നോളജി, ഭക്ഷ്യോത്പന്നങ്ങള്‍, റീട്ടെയ്ല്‍, കൃഷി, കരകൗശല വസ്തുക്കള്‍, കൈത്തറി, ഫാഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളുമാണ് മേളയിലുണ്ടാകുക. പുതിയ വിപണി സാധ്യതകളും അവസരങ്ങളും സംരംഭകര്‍ക്ക് മുന്നില്‍ തുറന്നിടുന്നതിനും ലക്ഷ്യമിട്ടുള്ള സെമിനാറുകളും ചര്‍ച്ചകളും നടക്കും.

കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും എസ്‌കലേറയിലുണ്ടാകും. സംസ്ഥാന ആരോഗ്യവകുപ്പ് മുപ്പത് വയസിന് മുകളിലുള്ളവര്‍ക്കായി നടത്തുന്ന കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിനായ ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന കാമ്പയിനിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും ക്യാമ്പ് പ്രവര്‍ത്തിക്കും. സ്‌ക്രീനിങ് സൗജന്യമാണ്.

സര്‍ക്കാര്‍-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് കോര്‍പ്പറേഷന്‍ ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവയുടെ സ്‌ക്രീനിങ് നടത്തി ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വനിതാ വികസന കോര്‍പ്പറേഷന്‍

സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ വഴിയൊരുക്കുകയാണ് 1988ല്‍ രൂപീകൃതമായ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍. ഇതിലൂടെ സ്ത്രീകളുടെ സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.

ഈ സര്‍ക്കാരിന്റെ കാലത്ത് കോര്‍പ്പറേഷന്‍ വായ്പ വിതരണത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഗ്യാരന്റി 1257 കോടി രൂപയായി ഉയര്‍ത്തി. 2021-22 മുതല്‍ നാളിത് വരെ 1065 കോടി രൂപയുടെ സ്വയംതൊഴില്‍ വായ്പ വിതരണം 94,912 സ്ത്രീകള്‍ക്കായി നടത്തിയിട്ടുണ്ട്. ഇതിലൂടെ രണ്ട് ലക്ഷത്തിലധികം പ്രത്യക്ഷ പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം 2021-22 മുതല്‍ ലാഭം വിഹിതം സര്‍ക്കാരിന് നല്‍കി വരുന്നു. NMDFC-യുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലിസിങ് ഏജന്‍സിക്കുള്ള പുരസ്‌ക്കാരം തുടര്‍ച്ചയി രണ്ട് വര്‍ഷം KSWDC നേടി, പ്രവര്‍ത്തന മികവിന് NSFDC, NBCFDC എന്നിവയുടെ അംഗീകാരങ്ങളും സ്ഥാപനം നേടിയിട്ടുണ്ട്.

സ്ത്രീസുരക്ഷയ്ക്കായി 181 വനിതാ ഹെല്‍പ് ലൈന്‍, ആര്‍ത്തവ ശുചിത്വ ബോധവത്കരണത്തിനായി ഷീപാഡ് പദ്ധതി, ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വനമിത്ര, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേതൃ ശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ഫ്യൂച്ചര്‍ വിമന്‍ ഗ്രൂമിങ്ങ് പ്രോഗ്രാം-പ്രതിഭ തുടങ്ങിയ പദ്ധതികളും വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു.

സ്ത്രീകള്‍, ട്രാന്‍സ് വ്യക്തികള്‍ എന്നിവര്‍ക്കായി സംരംഭം തുടങ്ങുന്നതിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കാനും സാമ്പത്തിക സാങ്കേതിക മാര്‍ക്കറ്റിങ് സാധ്യതകള്‍ പറഞ്ഞ് കൊടുക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്നതിനുമായി പ്രൊജക്ട് കണ്‍സള്‍ട്ടന്‍സി വിങ്ങ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയുമാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍.

ഇതിലൂടെ സ്ത്രീ സംരംഭകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും സംരംഭകത്വത്തിന് അവര്‍ക്കാവശ്യമായ എല്ലാ രീതിയിലുള്ള പിന്തുണ നല്‍കുന്നതിനുമാണ് കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നത്.

Content Highlight: The Escalera exhibition-marketing fair will begin on February 25