പനാജി: സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത് ഗോവ കോണ്‍ഗ്രസ് യോഗം. ബി.ജെ.പിയിലേക്ക് പോയ എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.
ബി.ജെ.പിയിലേക്ക് പോയ മുന്‍ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കര്‍ അടക്കമുള്ള പത്ത് എം.എല്‍.എമാരെ ഇനി പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നിലവില്‍ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിന് അഞ്ച് എം.എല്‍.എമാര്‍ മാത്രമേ ഉള്ളൂ.
ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ ഇനി പാര്‍ട്ടിയിലേക്ക് തിരിച്ചു വന്നാല്‍ സ്ഥാനം രാജിവെക്കുമെന്ന് നിലവിലെ ഭാരവാഹികളായാവര്‍ യോഗത്തില്‍ പറഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് ട്രഞ്ജാനോ ഡി മെല്ലോ പറഞ്ഞു.
ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കിയേക്കില്ല എന്ന സൂചനയും ട്രഞ്ജാനോ ഡി മെല്ലോയുടെ വാക്കുകളിലുണ്ടായിരുന്നു. സമാനമനസുള്ള പാര്‍ട്ടികളുമായി യോജിച്ച് ഭരണകക്ഷിക്കെതിരെ നിയമസഭയില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ സഭയ്ക്ക് പുറത്ത് യാതൊരു സഖ്യവുമില്ലെന്നും ട്രഞ്ജാനോ ഡി മെല്ലോ പറഞ്ഞു.
