തിരുവനന്തപുരം: കാസര്‍ഗോഡ് എം.ഡി.എം.എ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെയും അബ്ദുള്‍ സലാമിനെയും നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിന്റെ സമയത്താണ് പരിചയപ്പെട്ടതെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ വാദം പൊളിച്ച് പ്രതി ഹുസൈന്റെ ഫേസ്ബുക്ക് ചിത്രങ്ങളും വീഡിയോകളും.
നവകേരള സദസ് നടന്നത് 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ ആയിരുന്നു. എറണാകുളത്ത് നടന്നത് ഡിസംബര്‍ ഏഴുമുതല്‍ പത്ത് വരെയായിരുന്നു. എന്നാല്‍ അതിനു മുന്‍പ് 2023 ഒക്ടോബര്‍ 21നും 30നും പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന് ഒപ്പമുള്ള ഫോട്ടോയും വീഡിയോയും മുഹമ്മദ് ഹുസൈന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
‘ഈ അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് ഹുസൈനേയും അബ്ദുള്‍ സലാമിനേയും എനിക്ക് നേരിട്ട് അറിയാം. നവകേരള സദസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. അങ്ങനെയാണ് ആദ്യമായി ഫോണില്‍ വിളിക്കുന്നത്. ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. എല്ലാവരേയും ആശ്വസിപ്പിക്കുമല്ലോ. ആശ്വസിപ്പിച്ച കൂട്ടത്തില്‍ എപ്പോഴെങ്കിലും ഞാന്‍ വീട്ടില്‍ വരാം എന്ന് പറഞ്ഞു. അങ്ങനെ സാധാരണ പറയാറുണ്ട്, പറ്റാവുന്ന സ്ഥലത്ത് പോകാറുമുണ്ട്. ഞാന്‍ ഇദ്ദേഹമുള്ള വെങ്ങോല പഞ്ചായത്തില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ ആ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടതിന്റെ ഫോട്ടോസൊക്കെയുണ്ട്. അതിന് ശേഷം ഇദ്ദേഹം എന്നെ മൂന്നോ നാലോ പ്രാവശ്യം പല സ്ഥലത്തുവെച്ച് കാണാന്‍ വന്നിട്ടുണ്ട്. അപ്പോഴെല്ലാം നമ്മള്‍ ഒരു പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ ആളെന്ന നിലയിലുള്ള ഒരു താത്പര്യം കാണിച്ചിട്ടുണ്ട് അയാളോട്. അടികൊണ്ട പിള്ളേര് വരുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ ഒന്ന് ചേര്‍ത്തുനിര്‍ത്തും. അപ്പോഴൊന്നും അവിടുത്തെ പാര്‍ട്ടിക്കാര്‍ക്കോ പബ്ലിക്കിനോ ഇതൊന്നും അറിയില്ല. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് അറിയുന്നത്. അദ്ദേഹം എന്റെ സോഷ്യല്‍ മീഡിയ ടീമിലൊന്നുമില്ല. എനിക്ക് പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും സോഷ്യല്‍മീഡിയ ടീമില്ല. ഇപ്പോഴും സോഷ്യല്‍മീഡിയ ടീമില്ല. ഞാനൊരു കോഡിനേറ്റററെയൊന്നും ഒരു സ്ഥലത്തും വെച്ചിട്ടില്ല,’. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രി ആയപ്പോഴും വി.ഡി സതീശന്റെ ഓഫീസുമായി ലഹരിക്കേസിലെ പ്രതികള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന ആരോപണം കടുപ്പിച്ച് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിട്ടുണ്ട്.
കേസില്‍ പിടിയിലായവര്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് എറണാകുളം സി.പി.ഐ.എം ജില്ലാ സെക്രട്ടറി എസ്. സതീഷും പറഞ്ഞു. ‘വി.ഡി സതീശനുമായി മുഖ്യപ്രതി ഹുസൈന് നീണ്ടകാലത്തെ ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധം ഉപയോഗപ്പെടുത്തി എം.ഡി.എം.എ കച്ചവടം നടത്തിയോയെന്നും അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റു കണ്ണികള്‍ ഉണ്ടോയെന്നും പരിശോധിക്കണം.,’ എസ്.സതീഷ് കൂട്ടിച്ചേര്‍ത്തു.
വി.ഡി സതീശന്റെ പുതുയുഗ യാത്രയില്‍ ഹുസൈന്‍ സജീവ പങ്കാളിയാണെന്ന് ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറി നിഖില്‍ ബാബുവും മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: The Chief Minister’s claim is incorrect; those arrested in the MDMA case were known prior to the Nava Kerala Sadas—photos serve as evidence.
