ഇന്ത്യന്‍ സിനിമയിലെ രണ്ട് പവര്‍ഹൗസ് പെര്‍ഫോമര്‍മാരായ കമല്‍ ഹാസനും രജിനികാന്തും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. തലൈവര്‍ 173ലൂടെ ഈ കോമ്പോ ഒന്നിക്കുന്നുണ്ടെങ്കിലും ക്യാമറക്ക് മുന്നില്‍ ഇരുവരെയും ഒന്നിപ്പിച്ചതിന്റെ ക്രെഡിറ്റ് നെല്‍സണാണ്. 46 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.

തലൈവര്‍ 174 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഷൂട്ട് ഇന്ന് ചെന്നൈയില്‍ ആരംഭിച്ചു. ഏഴ് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഷൂട്ടാണ് നെല്‍സണ്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രജിനിയും കമലും ഒന്നിച്ചുള്ള രംഗങ്ങളെല്ലാം ആരാധകര്‍ക്ക് ഗംഭീര ട്രീറ്റാകുമെന്നാണ് സിനിമാപ്രേമികളുടെ കണക്കുകൂട്ടല്‍.

നെല്‍സന്റെ സ്ഥിരം ഴോണറിലുള്ള മേക്കിങ്ങാകും തലൈവര്‍ 174ന്റേതെന്ന് ഉറപ്പാണ്. രജിനികാന്ത് നെല്‍സണുമൊത്ത് രണ്ട് ചിത്രങ്ങള്‍ ചെയ്ത് ആ സോണില്‍ ഓക്കെയാണെന്ന് തെളിയിച്ചതാണ്. അതേ സോണിലേക്ക് കമല്‍ ഹാസന്‍ എത്തുമ്പോള്‍ എങ്ങനെയാകും നെല്‍സണ്‍ താരത്തെ അവതരിപ്പിക്കുക എന്നാണ് പലരും ഉറ്റുനോക്കുന്നത്.

തമിഴിലെ എണ്ണം പറഞ്ഞ പല കോമഡി സിനിമകളും കമല്‍ ഹാസന്റെ പേരിലുള്ളതാണ്. പഞ്ചതന്ത്രം, അവ്വൈ ഷണ്മുഖി, കാതലാ കാതലാ തുടങ്ങിയവയെല്ലാം സ്ലാപ്സ്റ്റിക്ക് ഴോണറിലുള്ളതാണ്. എന്നാല്‍ നെല്‍സന്റെ ഡാര്‍ക്ക് കോമഡി കമല്‍ ഹാസന് എങ്ങനെ ചേരുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സീരിയസായിട്ടുള്ള സാഹചര്യങ്ങളിലും സിമ്പിള്‍ കോമഡികള്‍ ഉള്‍പ്പെടുത്തുന്ന നെല്‍സണ്‍ മാജിക് തലൈവര്‍ 174ലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷൂട്ട് പൂര്‍ത്തിയായ ശേഷം തമിഴ് പുതുവര്‍ഷദിനത്തോടനുബന്ധിച്ചാകും ചിത്രത്തിന്റെ പ്രൊമോ പുറത്തുവിടുക. ഇതിന് ശേഷം നെല്‍സണും കൂട്ടരും ജയിലര്‍ 2ന്റെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കും. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ തലൈവര്‍ 174ന്റെ ഷൂട്ട് ആരംഭിക്കുകയുള്ളൂ.

ജയിലര്‍ 2ന്റെ ഷൂട്ടിന് ശേഷം രജിനി നേരെ തലൈവര്‍ 173ന്റെ തിരക്കിലേക്ക് കടക്കും. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം കമല്‍ ഹാസനാണ്. ഈ ചിത്രത്തിലും രിജനി- കമല്‍ ഫേസ് ഓഫ് സീന്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. 2027 പൊങ്കലിന് തലൈവര്‍ 173 തിയേറ്ററിലെത്തിക്കാനാണ് പ്ലാന്‍.

Content Highlight: Thalaivar 174 promo shoot starts today at Chennai