ഈ വര്‍ഷം അധികം ഹൈപ്പും താരനിരയുമില്ലാതെ വന്ന് ഹിറ്റായ ചിത്രമായി മാറിയിരിക്കുകയാണ് തായ് കിഴവി. രാധിക ശരത്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതിനോടകം 50 കോടിയിലേറെ ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.

ഈ വര്‍ഷം 50 കോടി ക്ലബ്ബില്‍ ഇടംനേടുന്ന രണ്ടാമത്തെ ചിത്രമാണ് തായ് കിഴവി. വമ്പന്‍ സിനിമകള്‍ക്ക് അടിതെറ്റിയ കോളിവുഡില്‍ ചെറിയ സിനിമകളാണ് വിജയിക്കുന്നത്. 63 വയസുള്ള രാധിക ശരത്കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 50 കോടി നേടിയതാണ് സിനിമാലോകത്തെ പ്രധാന ചര്‍ച്ച. കരിയറിലെ ഏറ്റവും വലിയ വിജയമാണ് രാധിക തായ് കിഴവിയിലൂടെ സ്വന്തമാക്കിയത്.

എടുത്തുപറയാന്‍ വലിയ താരനിരയില്ലാത്ത ചിത്രം കണ്ടന്റിന്റെ ബലത്തിലാണ് ബോക്‌സ് ഓഫീസില്‍ വിജയിച്ചത്. അടുത്തൊന്നും വലിയ റിലീസുകളില്ലാത്തതിനാല്‍ 75 കോടിയെങ്കിലും നേടിയിട്ടേ കളംവിടുള്ളൂവെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. റൂറല്‍ കോമഡി ഴോണറിലെത്തിയ ചിത്രത്തില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ഡയലോഗുകളും വൈറലായി.

സിങ്കം പുലി, അരുള്‍ ദോസ്, മുനീഷ്‌കാന്ത്, ബാല ശരവണന്‍, ഇളവരസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മധുരയിലെ ഗ്രാമത്തിലുള്ള പൊന്നുത്തായി എന്ന വൃദ്ധയുടെ കഥയാണ് ചിത്രം പറയുന്നത്. ഗ്രാമത്തിലെ ആളുകള്‍ക്ക് പണം പലിശക്ക് കൊടുക്കുന്ന പൊന്നുത്തായി സ്‌ട്രോക്ക് വന്ന് കിടപ്പിലായതും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.

ശിവകാര്‍ത്തികേയനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബൈസണിലൂടെ ഞെട്ടിച്ച നിവാസ് കെ. പ്രസന്നയാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിലെ കോമഡികള്‍ക്കൊപ്പം കമല്‍ ഹാസന്റെ റഫറന്‍സ് ഡയലോഗുകളും തിയേറ്ററില്‍ കൈയടി നേടുന്നുണ്ട്. ശിവകുമാര്‍ മുരുകേശന്‍ തന്റെ ആദ്യസംവിധാന സംരംഭം മോശമാക്കിയില്ലെന്നാണ് കമന്റുകള്‍.

തായ് കിഴവിക്ക് ശേഷം ശിവകാര്‍ത്തികേയന്‍ വീണ്ടും ശിവകുമാറുമായി കൈകോര്‍ക്കുന്നത് സിനിമാലോകത്ത് ചര്‍ച്ചയാണ്. ശിവയുടെ അടുത്ത ചിത്രത്തിന്റെ സംവിധായകന്‍ ശിവകുമാറാണ്. സെയോണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് കമല്‍ ഹാസനാണ്. തായ് കിഴവിക്ക് പിന്നാലെ സെയോണും തമിഴില്‍ സെന്‍സേഷനായി മാറുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Thai Kizhavi movie collected 50 crores from Box Office

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ