തിരുവനന്തപുരം: ഒരു സിനിമയിലെ ഹാസ്യസീന്‍ വെച്ച് ട്രോള്‍ പോസ്റ്റിട്ടതിന് തന്നെ ഇടതുപക്ഷത്തുള്ളവര്‍ തെറി വിളിക്കുകയാണെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. മുന്‍ ആരോഗ്യമന്ത്രിമാര്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിനെ പരിഹസിച്ച് ‘കമ്മി’ഷന്‍ അമ്മമാര്‍ എന്ന ക്യാപ്ഷനോടെ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ഹാസ്യസീന്‍ ബല്‍റാം വെള്ളിയാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
പോസ്റ്റിട്ടതിന് പിന്നാലെ ഒരു എം.എല്‍.എ ഇങ്ങനെ പറയാമോ എന്ന് ചോദിച്ച് നിലവാര പരിശോധന കരച്ചിലുമായി കുറേപ്പേര്‍ ഇറങ്ങിയിട്ടുണ്ടെന്ന് ബല്‍റാം ഫേസ്ബുക്കില് പോസ്റ്റ് ചെയ്തു.
‘അവരോടൊക്കെയായി ഒരൊറ്റ മറുപടി. കുഞ്ഞുങ്ങള്‍ക്കായി ഒരുമിച്ച് ഇറങ്ങി അമ്മമാര്‍’ എന്ന് പറഞ്ഞ് ആ മുന്‍ മന്ത്രിമാരെ പൈങ്കിളിവല്‍ക്കരിച്ചത് നിങ്ങളുടെ സ്വന്തം പാര്‍ട്ടി ചാനലായ കൈരളിയാണ്. അങ്ങനെ ഈ ‘അമ്മമാര്‍’ ഒരുമിച്ചിറങ്ങിയിട്ടുണ്ടെങ്കില്‍ അത് കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയല്ല, വിദേശ കുത്തക മരുന്നുകമ്പനിയില്‍ നിന്നുള്ള കമ്മീഷന് വേണ്ടിയാണ് എന്ന രാഷ്ട്രീയ വിമര്‍ശനമാണ് ഞാന്‍ ട്രോള്‍ പോസ്റ്റിലൂടെ നടത്തിയത്’, പോസ്റ്റില്‍ പറയുന്നു.
പറയുന്ന വിഷയത്തില്‍ പ്രാഥമിക വിവരം പോലുമില്ലാതെ നുണയും കുശുമ്പും പൊങ്ങച്ചവും സമാസമം ചേര്‍ത്ത് തള്ളിമറിക്കുന്ന മൂന്ന് സ്ത്രീകള്‍ ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലെ സീനിനെ കൃത്യമായി ഓര്‍മപ്പെടുത്തി എന്ന് എം.എല്‍.എ പറഞ്ഞു.
‘രാഷ്ട്രീയ നേതാക്കളെ അമ്മയും ക്യാപ്റ്റനും കാരണഭൂതനുമൊക്കെയായി തലയിലേറ്റിനടക്കാന്‍ ഏത് അല്‍പ്പബുദ്ധിക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ബാക്കിയുള്ള സാധാരണ മനുഷ്യര്‍ക്ക് ഇതൊക്കെക്കണ്ടാല്‍ പുച്ഛവും പരിഹാസവുമാണ് തോന്നുക. സഹിക്കുക. വേറെ മാര്‍ഗ്ഗമില്ല’, ബല്‍റാം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ വകുപ്പിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ പര്‍ച്ചേസുകളേക്കുറിച്ച് സമഗ്രമായ ഒരു വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നും എം.എല്‍.എ പറയുന്നു.
കേരളത്തിന്റെ ആരോഗ്യവകുപ്പ് ഭരിച്ച മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായ പ്രമുഖ സി.പി.ഐ.എം നേതാക്കളായവരെ കുഞ്ഞുങ്ങല്‍ക്കായി ഒരുമിച്ച് ഇറങ്ങിത്തിരിച്ച അമ്മമാര്‍ എന്നു വിളിക്കുന്നു എന്ന് വെള്ളിയാഴ്ച രാവിലെ വി.ടി. ബല്‍റാം ഫേസ്ബുക്കില് പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലെ സീന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
Content Highlight: Commies’ hurl abuse over a troll based on a comedy scene from a movie; V.T. Balram
