2002 ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും 2015 ല്‍ പുറത്തിറങ്ങിയ രാജമൗലി ചിത്രം ബാഹുബലിയിലൂടെ തലവര തെളിയുകയും ചെയ്ത താരമാണ് ഉപ്പലപട്ടി വെങ്കിട്ട സൂര്യനാരായണ പ്രഭാസ് രാജു എന്ന പ്രഭാസ്. രണ്ട് ഭാഗങ്ങളിലായിറങ്ങിയ ബാഹുബലിയുടെ വമ്പന്‍ വിജയത്തിന് ശേഷം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി മാറിയ പ്രഭാസ് ശതകോടികളാണ് ഓരോ ചിത്രങ്ങള്‍ക്കായും ഈടാക്കുന്നത്.

സലാര്‍. Photo: X.com

എന്നാല്‍ ബാഹുബലിക്ക് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ കല്‍ക്കി 2898 എ.ഡിയും സലാറും ഒഴികെ മറ്റെല്ലാം നിലം തൊടാതെ പൊട്ടിയപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും പ്രഭാസ് പാത്രമായിരുന്നു. മാരുതിയുടെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ രാജാ സാബ് വരെ എത്തി നില്‍ക്കുകയാണ് താരത്തിന്റെ ഈ ലിസ്റ്റ്. താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് സലാര്‍ പാര്‍ട്ട് ടു. രണ്ടാം ഭാഗത്തിന് വലിയ ഹൈപ്പ് നല്‍കുന്ന വിധത്തിലായിരുന്നു മലയാളി താരം പൃഥ്വിരാജും പ്രധാനവേഷത്തിലെത്തിയ ചിത്രം അവസാനിച്ചത്. കെ.ജി.എഫിന്റെ സൃഷ്ടാവ് പ്രശാന്ത് നീലാണ് സംവിധായകന്‍ എന്നതും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

ഇപ്പോഴിതാ പ്രഭാസിന്റെ ജന്മദിനത്തില്‍ സലാര്‍ പാര്‍ട്ട് ടുവിനെ കുറിച്ച് പ്രശാന്ത് നീല്‍ നല്‍കിയ അപ്‌ഡേറ്റാണ് സിനിമാ ലോകത്തെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ഇന്ന് റിലീസായ 418 എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയ്ക്കിടയിലാണ് പ്രഭാസിന്റെ ജന്മദിന സമ്മാനമായി സലാറിന്റെ അപ്‌േഡേറ്റ് പ്രശാന്ത് നീല്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ജൂണില്‍ തുടങ്ങുമെന്നാണ് പ്രശാന്ത് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചതെങ്കിലും അറുനൂറ് കോടിയോളം ആഗോളതലത്തില്‍ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

സലാര്‍. Photo: X.com

ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന ഫൗസിയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്ന്. അടുത്ത വര്‍ഷമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക എന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം അര്‍ജുന്‍ റെഡ്ഡി, അനിമല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റും താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അടുത്ത വര്‍ഷം ദീപാവലിക്കായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Prashanth neel announces Salaar part two shooting date